മനാമ: ബി.വൈ.ഡി കമ്പനി ഇലക്ട്രിക് കാറുകൾ പുറത്തിറക്കി. കമ്പനിയുടെ ബഹ്റൈനിലെ ഏക ഏജന്റായ അബ്ദുല്ല യൂസുഫ് ഫഖ്റു ആൻഡ് സൺസ് കമ്പനിയുടെ സഹോദര സ്ഥാപനമായ ഫഖ്റു മോട്ടോഴ്സാണ് ബഹ്റൈനിൽ പുതിയ ഇലക്ട്രിക് വാഹനം ഇറക്കിയത്. ഗൾഫ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു വാഹനം ലോഞ്ച് ചെയ്തു. ബഹ്റൈനിലെ ചൈനീസ് അംബാസഡർ റോച്ചി, എംബസി വ്യാപാര ഉപദേഷ്ടാവ് ലി പവാൻ, ബി.വൈ.ഡി കമ്പനി മീഡിലീസ്റ്റ് ഡയറക്ടർ എ.ഡി. ഹുവാങ്, അബ്ദുല്ല യൂസുഫ് ഫഖ്റു ആൻഡ് സൺസ് കമ്പനി ചെയർമാൻ ഇസാം അബ്ദുല്ല ഫഖ്റു, ഫഖ്റു മോട്ടോഴ്സ് പ്രതിനിധി മുഹമ്മദ് ആദിൽ ഫഖ്റു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫ്രന്റ് പുള്ളിങ് മെഷീനുള്ള ‘ഓട്ടോ ത്രീ’, ‘ഹാൻ’ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. ന്യൂജനറേഷൻ കാറുകളുടെ വിഭാഗത്തിൽ യൂറോപ്യൻ അതോറിറ്റിയുടെ സുരക്ഷിത വാഹനമെന്ന പഞ്ചനക്ഷത്ര പദവി ഈ കാറുകൾക്കുണ്ട്.
യാത്രക്കാരുടെ സുരക്ഷ പ്രധാനമായി കരുതിയാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യു.എ.ഇയിൽ സമാപിച്ച യു.എൻ അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ കാർബൺ ബഹിർഗമനത്തോത് പൂജ്യത്തിലെത്തിക്കാനുള്ള ‘ബഹ്റൈൻ ബ്ലൂപ്രിന്റ്’ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് സുസ്ഥിര ഊർജ പദ്ധതിയെന്ന നിലക്ക് പുതിയ ഇലക്ട്രിക് കാറുകൾ മാർക്കറ്റിലെത്തുന്നതെന്ന് ഫഖ്റു ഗ്രൂപ് വ്യക്തമാക്കി. കാർബൺ ബഹിർഗമനം കുറക്കുക, കാലാവസ്ഥാ വ്യതിയാനം ചെറുക്കുക, പുതിയ ഹരിത സാമ്പത്തികത്തിന് സുസ്ഥിര അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ നേടിയെടുക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 2035 ഓടെ ബഹ്റൈനിലെ കാർബൺ ബഹിർഗമനം 30 ശതമാനം കുറക്കുന്നതിനാണ് ബ്ലൂപ്രിന്റ് ലക്ഷ്യമിടുന്നതെന്നും കമ്പനി വക്താക്കൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.