‘ദി ​കാ​ൾ ഓ​ഫ്​ മ​ഹാ​ദേ​വ്’​ എ​ന്ന പു​സ്ത​ക​ത്തി​​ന്റെ കോ​പ്പി നോ​വ​ലി​സ്റ്റ്​ അ​മി​ത്​ ബ​ൻ​സാ​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്ത​വ​ക്ക്​ സ​മ്മാ​നി​ക്കു​ന്നു

വായനക്കാരുടെ ഹൃദയങ്ങളിൽ ഇടം നേടി 'ദി കാൾ ഓഫ് മഹാദേവ്'

മനാമ: ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ചിലപ്പോൾ സാധാരണ ബോധതലത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നതിന് അപ്പുറമാണ്. അതീന്ദ്രിയമായ അനുഭൂതികളാൽ സമ്പന്നമായ ഗാഢബന്ധമാണ് അവിടെ ഉടലെടുക്കുക. ഇത്തരമൊരു സങ്കീർണഘട്ടത്തിലൂടെ കടന്നുപോകുന്ന യുവാവിന്റെ കഥ പറയുന്ന 'ദി കാൾ ഓഫ് മഹാദേവ്' എന്ന നോവൽ ഇടം നേടിയിരിക്കുന്നത് വായനക്കാരുടെ ഹൃദയത്തിലാണ്.

ഹിമഗിരികളിൽ വസിക്കുന്ന കൈലാസനാഥന്റെ സന്നിധിയിലെത്താൻ മോഹിക്കുന്ന രഘുവിന്റെ വിസ്മയിപ്പിക്കുന്ന സഞ്ചാരമാണ് ഈ നോവൽ വരച്ചുകാണിക്കുന്നത്. ലൗകികവും അലൗകികവുമായ ജീവിതമണ്ഡലങ്ങൾ രഘുവിലുണ്ടാക്കുന്ന ആന്തരിക സംഘർഷങ്ങൾ വായനക്കാരന് ഇവിടെ വായിച്ചെടുക്കാം. കൈലാസത്തിലേക്കുള്ള രഘുവിന്റെ സഞ്ചാരത്തിനിടെ സംഭവിക്കുന്ന സംഭവങ്ങൾ ഉദ്വേഗഭരിതമായി അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് അമിത് ബൻസാൽ വിജയിച്ചിരിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പഠനത്തിനിടെ കേട്ടും കണ്ടും അറിഞ്ഞ കാര്യങ്ങളിൽ അടിത്തറയിട്ടാണ് ബഹ്റൈനിൽ ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുന്ന അമിത് ബൻസാൽ തന്റെ നോവലിന്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്.

ഒരു സന്യാസി ആകാനാണ് രഘുവിന്റെ മോഹമെങ്കിലും മാതാപിതാക്കൾ നേരെ മറിച്ചാണ് ചിന്തിക്കുന്നത്. കൈലാസത്തിലേക്കുള്ള തീർഥാടനമാണ് രഘുവിന്റെ മനസ്സുനിറയെ. എന്നാൽ, മാതാപിതാക്കൾ ഇത് അംഗീകരിക്കുന്നില്ല. ഇത്തരം ചിന്തകളിൽ മുഴുകിയാൽ മകൻ ഭൗതിക ജീവിതത്തിലെ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുമെന്നാണ് അവരുടെ ഭയം.

മകനെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കാൻ പാടുപെടുന്ന മാതാപിതാക്കൾക്കുമുന്നിൽ രക്ഷയില്ലാതെ രഘു ഒരു നിർദേശം മുന്നോട്ടുവെക്കുന്നു; ആദ്യം കൈലാസ തീർഥാടനത്തിന് മാതാപിതാക്കൾ അനുവാദം തരണം. അത് കഴിഞ്ഞ് വന്നാൽ വിവാഹം കഴിക്കാം. മനസ്സില്ലാ മനസ്സോടെ മാതാപിതാക്കൾ അതിന് സമ്മതം മൂളി.

മനസ്സിൽ ഒരു കെടാവിളക്കുപോലെ സൂക്ഷിച്ചിരുന്ന സ്വപ്നം പൂവണിയുന്നതിന്റെ ആവേശത്തിൽ രഘു ബൈക്കിൽ യാത്ര ആരംഭിച്ചു. അയാളുടെ യാത്രയിലും ചിന്തയിലും സംഭവിക്കുന്ന വിസ്മയകരമായ കാര്യങ്ങൾ ഉദ്വേഗത്തിന്റെ മേമ്പൊടി തൂകി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ് ഈ പുസ്തകത്തിൽ. ഭൂതം, ഭാവി, വർത്തമാനങ്ങളുടെ അതിരുകൾ നേർത്തില്ലാതായി കാലാന്തരങ്ങളിലൂടെ രഘുവിന്റെ മനസ്സ് സഞ്ചരിക്കുന്നു. യാത്രക്കിടയിൽ നിരവധി പ്രതിബന്ധങ്ങളെയും രഘുവിന് നേരിടേണ്ടിവരുന്നു. എങ്കിലും, മനസ്സിൽ വേരൂന്നിയ ആഗ്രഹം യാത്രയിൽ അദ്ദേഹത്തിന് ഊർജമായി. ഗരുഡ പ്രകാശൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഇന്ത്യയിൽ 249 രൂപയും ബഹ്റൈനിൽ 2.5 ദീനാറുമാണ് വില. ഹൂറ ഗോൾഡൻ സാൻഡ്സിന് എതിർവശത്തുള്ള സിറ്റി മാർട്ടിലും ഗുദൈബിയയിലെ ഗോയൽ ബുക്ക് സ്റ്റോറിലും പുസ്തകം ലഭ്യമാണ്. 

Tags:    
News Summary - 'The Call of Mahadev' won the hearts of the readers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.