മനാമ: രാജ്യത്തിന്റെ വളർച്ചക്കും ഉയർച്ചക്കുമായി ജനങ്ങളുടെ അർപ്പണ ബോധവും ദൃഢനിശ്ചയവും അഭിമാനകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ അന്താരാഷ്ട്ര എനർജി ഫോം ജനറൽ സെക്രട്ടറി ജാസിം ശീറാവിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണാധികാരത്തിൽ രാജ്യം കൈവരിച്ച നേട്ടം അസൂയാർഹമാണ്.
ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണയും അവരുടെ അർപ്പണ ബോധവുമാണ് ഇത്തരമൊരു വളർച്ചക്ക് അടിസ്ഥാനമായി വർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ വളർച്ച കൈവരിക്കുന്നതിന് അന്താരാഷ്ട്ര വേദികളുടെയും സംഘടനകളുടെയും സഹകരണവും അദ്ദേഹം എടുത്തുപറഞ്ഞു. പുതുതായി അന്താരാഷ്ട്ര എനർജി ഫോറം സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട ജാസിം ശീറാവിക്ക് അദ്ദേഹം അനുമോദനങ്ങൾ നേർന്നു.
ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, എണ്ണ, പ്രകൃതിവാതക കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.