മനാമ: പ്രവാസികളായ സ്ത്രീകളെ പ്രസവത്തിനായി സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്തു തുടങ്ങിയതോടെ സ്വകാര്യ ആശുപത്രികളിൽ തിരക്കേറി. ഗൗരവാവഹമായ പ്രശ്നങ്ങളില്ലാത്ത സ്ത്രീകളെ സ്വകാര്യ ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും റഫർ ചെയ്യാനാണ് പുതിയ നിർദേശം. സൽമാനിയ മെഡിക്കൽ കോളജിൽ നിന്നടക്കം പ്രവാസികളെ റഫർ ചെയ്തു തുടങ്ങിയിട്ടുണ്ട്.
ആശുപത്രികളിലെ തിരക്ക് കുറക്കാൻ ഇത് സഹായകരമാകുമെന്നാണ് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സാധാരണ പ്രസവത്തിന് 150 ദിനാറായിരുന്നു ഈടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രികളിൽ ഇതിനെക്കാൾ ചെലവ് വന്നേക്കാം. സിസേറിയനാകുമ്പോൾ ചെലവ് അതിലും വർധിക്കും.
രോഗികളുടെ പരിചരണത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കുന്നതിന് പുതിയ നയം കാരണമാകുമെന്നാണ് ആരോഗ്യ മന്ത്രാലയം കരുതുന്നത്.
ലോ റിസ്ക് കാറ്റഗറിയിലുള്ള ഗർഭിണികളെ മാത്രമാണ് റഫർ ചെയ്യുന്നത്. ഇതിന് പ്രത്യേക മാനദണ്ഡങ്ങൾ ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. പുതിയ നയംമൂലം ആർക്കും വൈദ്യസഹായം ലഭിക്കുന്നതിൽ കുറവൊന്നും ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ആവശ്യത്തിന് സ്വകാര്യ ആശുപത്രികളുണ്ട് എന്നതിനാൽ എല്ലാവർക്കും ശരിയായ വൈദ്യസഹായം ഉറപ്പാക്കാൻ കഴിയും. സർക്കാർ ആശുപത്രിയിലെ ചാർജ് ഉയർത്താൻ ആദ്യം ആലോചിച്ചെങ്കിലും റഫറൽ നയം മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.