മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വാണിജ്യ, വ്യവസായ മന്ത്രാലയം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് തുറന്ന അന്തരീക്ഷം ഒരുക്കുന്നതിനും അന്താരാഷ്ട്ര വ്യാപാര മേഖലയിൽ സാന്നിധ്യമാകുന്നതിനും ശ്രമങ്ങൾ ശക്തമായി തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് നിക്ഷേപ സംരംഭങ്ങൾ വർധിക്കേണ്ടതുണ്ട്. സർവതോമുഖമായ വികസനത്തിന്റെ അടയാളമാണ് സാമ്പത്തിക രംഗത്തെ മുന്നേറ്റം. അന്താരാഷ്ട്ര തലത്തിലെ പുത്തൻ പ്രവണതകളും മാറ്റങ്ങളും കണക്കിലെടുത്തായിരിക്കണം ബിസിനസ് രംഗത്തെ നീക്കങ്ങളുണ്ടാകേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കിരീടാവകാശിയെ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വാണിജ്യ സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യുന്ന സിസ്റ്റമായ ‘സിജില്ലാത്’ മൂന്നാം വേർഷന്റെ പ്രവർത്തനങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.
60 ശതമാനം സേവനങ്ങളും ഓൺലൈനാക്കിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. കാര്യക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സിജിലാത്ത് സംവിധാനത്തിൽ വരുത്തിയ മെച്ചപ്പെടുത്തലുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബിസിനസുകാർക്കും നിക്ഷേപകർക്കും അവരുടെ ബിസിനസുകൾ നിയന്ത്രിക്കാനും സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സേവനങ്ങൾ അനായാസം നിർവഹിക്കാനും പരിഷ്കരിച്ച സംവിധാനം സഹായകരമാണ്.
നവീകരിച്ച സിജിലാത്ത് 3.0 സംവിധാനം പൂർത്തീകരിക്കുന്നതിന് പരിശ്രമിച്ച ടീമിനെ പ്രധാനമന്ത്രി കണ്ടു. രാജ്യത്തിന്റെ അഭിമാനമായ ദേശീയ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ മന്ത്രാലയ സന്ദർശനത്തിന് ഫഖ്രോ നന്ദി രേഖപ്പെടുത്തി.
രാജ്യത്തിന്റെ ലക്ഷ്യങ്ങൾക്കും സാമ്പത്തിക വിഷൻ 2030നും അനുസൃതമായി വികസന പ്രവർത്തനങ്ങൾ തുടരാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.