കുട്ടിക്കാലത്തെ ഓർമകളെന്നും മനോഹരമാണ്. അതിനേക്കാൾ മനോഹരമാണ് ഓരോ അവധിക്കാലവും അതുകാരണം ലഭിച്ചിരുന്ന സന്തോഷ നിമിഷങ്ങളും. അവധിക്കാലത്ത് ഉമ്മച്ചിയുടെ വീട്ടിൽ പോയി കുറച്ചു ദിവസം താമസിക്കുക പതിവാണ്. ഉമ്മച്ചിക്ക് അഞ്ച് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്. അതിൽ ഒരു സഹോദരൻ ഒഴികെ ബാക്കി എല്ലാവരും ഉമ്മച്ചിയേക്കാൾ മൂത്തവർ ആയിരുന്നു.
ഞങ്ങൾ കുട്ടികൾ എല്ലാം ഒന്നോ രണ്ടോ വയസ്സിന് വ്യത്യാസമുള്ളവരായിരുന്നു. അത് കൊണ്ടുതന്നെ കളിക്കാനും ഒരുപാട് പേരും ഉണ്ടായിരുന്നു. രാമച്ചത്തിന്റെ കുളിര് എന്ന് പറഞ്ഞു കേട്ടിട്ടുള്ള പോലെ രാമച്ചത്തിന്റെ സുഗന്ധം നിറഞ്ഞ അന്തരീക്ഷം ആയിരുന്നു ആ വീടും പരിസരവും.
ഉമ്മിച്ചിയുടെ വാപ്പയെ ഞാൻ കണ്ടിട്ടില്ല. പക്ഷേ ആളുടെ ബിസിനസ് ആയിരുന്നു രാമച്ചം. അത് പിന്നീട് അവിടെ ഓരോരുത്തരും നടത്തി കൊണ്ടുപോന്നു. ഷെഡ് ഒക്കെ കെട്ടി അതിൽ ഓരോ തട്ടിൽ രാമച്ചം അടുക്കി വെച്ചിരിക്കുന്നതും അതിൽ കയറി കളിക്കുന്നതും ഇന്നും നല്ലൊരു ഓർമയാണ്.
രാമച്ചത്തിന്റെ പണികൾ ചെയ്തിരുന്ന ഒരുപാട് ആളുകൾ അവിടെ ഉണ്ടായിരുന്നു. അവരുമായി ഒക്കെ നല്ല കൂട്ടായി അവിടെ ഒഴിവുവേളകൾ ആനന്ദകരമാക്കാൻ അവസരം ഒരുക്കിയെടുത്തിരുന്നു.
ഉമ്മച്ചിയുടെ വീട് ഒരുപാട് മുറികൾ ഉള്ള തറവാടാണ്. പുറത്ത് ഒരു മുറിയിൽ രാമച്ചം കൊണ്ട് നെയ്തു ഉണ്ടാക്കുന്ന ഓരോ വസ്തുക്കൾ ശേഖരിച്ചു വെച്ചിരുന്നു.
വീട്ടുപറമ്പിൽ ഒരുപാടു കുളങ്ങളുണ്ടായിരുന്നു. കുടിക്കാൻ വെള്ളം എടുത്തിരുന്നത് പോലും കുളത്തിൽ നിന്നായിരുന്നു. പിന്നീട് അവിടെ ചാമ്പു പൈപ്പ് വന്നു. അതിൽ നിന്നും വെള്ളമെടുക്കാൻ എല്ലാവർക്കും ആവേശമായിരുന്നു. എന്റെ ഓർമയിൽ ആദ്യമായി ചാമ്പ് പൈപ്പ് കണ്ടതും അവിടെ ആണ്. ഓർമയിൽ അന്നത്തെ ഒരുപാട് ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഉണ്ട്. ഓർക്കുമ്പോഴെല്ലാം രാമച്ചത്തിന്റെ കുളിർമയും സുഗന്ധവും അനുഭവപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.