മനാമ: സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനികളിൽനിന്ന് 100 ദശലക്ഷം ഡോളർ നിക്ഷേപം ആകർഷിച്ച് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി). സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവൽ 2024ന്റെ ഭാഗമായി ബഹ്റൈൻ ഇ.ഡി.ബി പ്രതിനിധികൾ നടത്തിയ സന്ദർശനത്തിനിടെയാണ് പുതിയ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞത്. സാമ്പത്തിക സേവനങ്ങൾ, ഐ.സി.ടി, ടൂറിസം തുടങ്ങിയ മേഖലകളിലാണ് സിംഗപ്പൂർ ആസ്ഥാനമായ കമ്പനികൾ നിക്ഷേപം നടത്താൻ സന്നദ്ധരായത്.
എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള ബഹ്റൈൻ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം എന്നും സൗഹൃദ രാജ്യമാണെന്ന് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ് പറഞ്ഞു. നിക്ഷേപകർക്കാവശ്യമായ എല്ലാവിധ സൗകര്യവും അധികൃതർ ചെയ്തുകൊടുക്കുന്നു. ഹമദ് രാജാവിന്റെ വികസന നയങ്ങൾക്കനുസൃതമായി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ഫലപ്രദമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2024ലെ ആദ്യ പകുതിയിലെ കണക്കുകൾ ഇ.ഡി.ബി കൈവരിച്ച നേട്ടങ്ങൾ ശരിവെക്കുന്നവയാണ്.
62 പ്രാദേശിക, അന്തർദേശീയ നിക്ഷേപ പദ്ധതികളിൽനിന്ന് 399.2 ദശലക്ഷം ബി.ഡി (1.056 ബില്യൺ ഡോളർ) നിക്ഷേപം ആകർഷിക്കാൻ ഇക്കാലയളവിൽ കഴിഞ്ഞു.
ബഹ്റൈനിലെ നിക്ഷേപ അന്തരീക്ഷം ആകർഷകമായി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും നൂർ ബിൻത് അലി അൽ ഖുലൈഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.