മനാമ: മിഡിലീസ്റ്റിലെ ഏറ്റവും ശക്തമായ കമ്പനികളിൽ ബഹ്റൈനിൽനിന്ന് ഏഴു കമ്പനികൾ ഇടംപിടിച്ചു. ഫോബ്സ് മിഡിലീസ്റ്റ് ആണ് 100 കമ്പനികളുടെ പട്ടിക പുറത്തിറക്കിയത്. ഏറ്റവും വലുതും ലാഭകരമായതും വിപണിമൂല്യമുള്ളതുമായ കമ്പനികളാണ് പട്ടികയിൽ ഇടംപിടിച്ചത്.
അഹ്ലി യുനൈറ്റഡ് ബാങ്ക്, അൽ ബറാക ബാങ്കിങ് ഗ്രൂപ്, നാഷനൽ ബാങ്ക് ഒാഫ് ബഹ്റൈൻ, അലൂമിനിയം ബഹ്റൈൻ, ബറ്റെൽകോ, ബാങ്ക് ഒാഫ് ബഹ്റൈൻ ആൻഡ് കുവൈത്ത്, അറബ് ബാങ്കിങ് കോർപറേഷൻ എന്നിവയാണ് ബഹ്റൈനിൽനിന്നുള്ള കമ്പനികൾ.
37 കമ്പനികളുമായി സൗദി അറേബ്യയാണ് പട്ടികയിൽ ഒന്നാമത്. അരാംകോയാണ് സൗദി കമ്പനികളിൽ മുന്നിൽ. യു.എ.ഇയിൽനിന്ന് 20 കമ്പനികളും ഖത്തറിൽനിന്ന് 17 കമ്പനികളും പട്ടികയിൽ ഉൾപ്പെട്ടു.
കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ കമ്പനികളുടെ ലാഭത്തെയും വിപണിമൂല്യത്തെയും ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. പട്ടികയിൽ ഉൾപ്പെട്ട കമ്പനികളുടെ ആകെ വിറ്റുവരവ് 550 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷത്തെ പട്ടികയെ അപേക്ഷിച്ച് 17.9 ശതമാനം കുറവാണ് ഇത്. അറ്റാദായം 38.5 ശതമാനം കുറഞ്ഞ് 91 ബില്യൺ ഡോളറായി. 57 ശതമാനം കമ്പനികളുടെയും വിറ്റുവരവിൽ 2020ൽ കുറവുണ്ടായി. 67 ശതമാനം കമ്പനികളുടെ അറ്റാദായവും കുറഞ്ഞു.
അതേസമയം, കോർപറേറ്റ് ഒാഹരികൾ ഇൗ വർഷം തിരിച്ചുവരവ് നടത്തി. അതിെൻറ ഫലമായി 100 കമ്പനികളുടെയും വിപണിമൂല്യം മൂന്ന് ട്രില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെക്കാൾ 30.4 ശതമാനം വളർച്ചയാണ് വിപണിമൂല്യത്തിൽ രേഖപ്പെടുത്തിയത്. മൊത്തം ആസ്തി മൂല്യം 2.9 ശതമാനം ഉയർന്ന് 3.6 ട്രില്യൺ ഡോളറായി. 93 ശതമാനം കമ്പനികളുടെയും ഒാഹരികളിൽ 2020ൽ നേട്ടമുണ്ടായി.
പട്ടികയിൽ ഇടംപിടിച്ച കമ്പനികളിൽ അധികവും ബാങ്കിങ്, ധനകാര്യ മേഖലയിൽനിന്നാണ്. അഞ്ചു ബാങ്കുകൾ ആദ്യ 10ൽ സ്ഥാനം നേടുകയും ചെയ്തു. 10 വീതം കമ്പനികളുമായി റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലയും വ്യവസായ മേഖലയും രണ്ടാമതെത്തി. ഒമ്പതു കമ്പനികളുമായി ടെലികമ്യൂണിക്കേഷൻ മേഖലയാണ് മൂന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.