മനാമ: 15കാരനായ വിദ്യാർഥിയെ മയക്കുമരുന്ന് ചേർത്ത ഇ-സിഗരറ്റ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച 30കാരന് അഞ്ചുവർഷം തടവ്. വിദ്യാർഥി മയക്കുമരുന്നിനടിമയായതിൽ ഇയാളുടെ പങ്ക് തെളിഞ്ഞതിനെത്തുടർന്നാണ് ഹൈ ക്രിമിനൽ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
മകന്റെ അസ്വാഭാവികമായ പെരുമാറ്റവും പൊരുത്തമില്ലാത്ത സംസാരവും ശ്രദ്ധയിൽപെട്ട കുട്ടിയുടെ മാതാവ് സൽമാനിയ ആശുപത്രിയിലെത്തിച്ച് ചികിത്സക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയിൽ കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗത്തിന് മകനെ പ്രേരിപ്പിച്ചത് 30കാരനായ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി മാതാവ് പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ പ്രതി പ്രായപൂർത്തിയാകാത്തയാൾക്ക് ഹാഷിഷ് നൽകിയതായി കണ്ടെത്തി. മയക്കുമരുന്ന് വിതരണം, മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തി. പ്രതി മയക്കുമരുന്നടങ്ങിയ ഇ-സിഗരറ്റ് ഉപയോഗിക്കാൻ നിർബന്ധിച്ചതായി കുട്ടി വിചാരണയിൽ വെളിപ്പെടുത്തി. ഇ-സിഗരറ്റിൽ മയക്കുമരുന്ന് ചേർക്കുന്നതെങ്ങനെ എന്ന് കാണിക്കുന്ന വിഡിയോ കുട്ടിയുടെ ഫോണിൽനിന്ന് മാതാവ് കണ്ടെത്തിയിരുന്നു. ഈ വിഡിയോയും പ്രതിയും കുട്ടിയും തമ്മിലുള്ള സംഭാഷണവും തെളിവുകളായി.
കുട്ടിയോട് ഹാഷിഷ് വലിക്കാൻ ആഗ്രഹമുണ്ടോ എന്ന് പ്രതി ചാറ്റ് ചെയ്തതായി കണ്ടെത്തി. ഈ വർഷം തുടക്കത്തിലാണ് കുട്ടിയെ പ്രതി കണ്ടുമുട്ടിയത്. മയക്കുമരുന്നടങ്ങിയ ഇ-സിഗരറ്റ് നൽകി കുട്ടിയെ സ്ഥിരമായ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് പ്രതി നയിക്കുകയായിരുന്നു. കുട്ടിയുടെ മൂത്ര സാമ്പ്ൾ പരിശോധിച്ചപ്പോൾ മെത്താംഫെറ്റാമിൻ, ഹാഷിഷ്, പ്രെഗബാലിൻ എന്നിവ ഉപയോഗിച്ചതായി കണ്ടെത്തി. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് മുമ്പ് ശിക്ഷക്ക് വിധേയനായ ആളാണെന്നും വിചാരണക്കിടെ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.