മനാമ: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് ഫെബ്രുവരി 22 മുതൽ മൂന്ന് പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി.
ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിെൻറ പുതിയ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ നാഷനൽ മെഡിക്കൽ ടീം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിൽ എത്തുേമ്പാൾ ആദ്യ ടെസ്റ്റ് നടത്തും.
അഞ്ചാംദിവസം രണ്ടാം ടെസ്റ്റും 10ാം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. അഞ്ചാം ദിവസത്തെയും പത്താം ദിവസത്തെയും ടെസ്റ്റിന് ബി അവെയർ ആപ് വഴി അപ്പോയിൻറ്മെൻറ് എടുക്കണം. വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയുടെ ഫലം ലഭിക്കുന്നതുവരെ വീട്ടിൽ ക്വാറൻറീനിൽ കഴിയണം.
ഫലം പോസിറ്റിവാണെങ്കിൽ ആരോഗ്യമന്ത്രാലയത്തിൽനിന്ന് ബന്ധപ്പെടും.രാജ്യത്തേക്ക് വരു ന്നവർ കോവിഡ് പരിശോനക്ക് നൽകേണ്ട ഫീസ് കുറച്ചിട്ടുമുണ്ട്. ഇതുവരെ രണ്ട് ടെസ്റ്റിന് 40 ദീനാറാണ് ഇൗടാക്കിയിരുന്നത്. ഇനി മൂന്നു ടെസ്റ്റിനും കൂടി 36 ദീനാർ നൽകിയാൽ മതി.
കോവിഡ് പ്രതിരോധത്തിന് എല്ലാവരും വാക്സിൻ സ്വീകരിക്കാൻ തയാറാകണമെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. മനാഫ് അൽ ഖത്താനി പറഞ്ഞു. പ്രതിരോധ ശേഷി വർധിപ്പിച്ച് വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിെൻറയും ആരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കും. വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ നാലു വാക്സിനുകളാണ് ബഹ്റൈനിൽ ഉപയോഗിക്കുന്നത്. സിനോഫാം, ഫൈസർ-ബയോൺടെക്ക്, കോവിഷീൽഡ്-ആസ്ട്ര സെനക്ക, സ്പുട്നിക് എന്നീ വാക്സിനുകളിൽ ഏതുവേണമെങ്കിലും വ്യക്തികൾക്ക് തെരഞ്ഞെടുക്കാം. എല്ലാ വാക്സിനുകളും ബഹ്റൈനിലെ നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി അംഗീകരിച്ചതാണ്. വാക്സിൻ എടുത്തവരും മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടുകളിൽനിന്ന് പുറത്തുപോകരുത്. രോഗികളുമായി സമ്പർക്കത്തിൽ വന്നവർ നിശ്ചിത കാലയളവ് ക്വാറൻറീനിൽ കഴിയണം. ക്വാറൻറീൻ കാലാവധിക്കുശേഷം ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. ജമീല അൽ സൽമാനും വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
കൊറോണ വൈറസിെൻറ ജനിതകമാറ്റം വന്ന പുതിയ വകഭേദം അതിവേഗമാണ് പടരുന്നതെന്ന് ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. അതിനാൽ, കൂടുതൽ ജാഗ്രത അനിവാര്യമാണ്. അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ പുർണ്ണമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പൗരൻമാരും പ്രവാസികളും ഉത്തരവാദിത്ത ബോധത്തോടെ മുൻകരുതലുകൾ പാലിക്കണം. ഇതുവഴി കോവിഡ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ കഴിയും.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ബഹ്റൈനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനുശേഷം രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ ഉയർന്നത് ഇപ്പോഴാണ്. മുൻകരുതൽ നടപടികൾ പൂർണമായി പാലിച്ച് മാത്രമേ പഴയ സ്ഥിതിയിലേക്ക് പോകാൻ കഴിയൂ.
ഇൗ വർഷം ഫെബ്രുവരി 12ന് 896 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. നവംബർ 14ന് 114 കേസുകളിലേക്ക് ചുരുങ്ങിയ സ്ഥാനത്താണ് ഇപ്പോഴത്തെ വൻ വർധന.
സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേർക്കും വൈറസ് ബാധയേൽക്കുന്നത്. കുടുംബങ്ങളിലെ കൂടിച്ചേരലുകളും സ്വകാര്യ ഒത്തുചേരലുകളുമാണ് ഇതിന് പ്രധാനകാരണം. ഇത്തരം ഒത്തുചേരലുകൾ ഒഴിവാക്കാൻ എല്ലാവരും തയാറാകണം. സുഖം പ്രാപിക്കുന്നവരുടെ എണ്ണം സ്ഥിതി മെച്ചപ്പെടുന്നതിെൻറ സൂചനയല്ല. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇപ്പോഴും ഉയരുകയാണ്.
നിലവിൽ െഎസൊലേഷൻ, ചികിത്സ കേന്ദ്രങ്ങളിൽ 5499 കിടക്കകളാണുള്ളത്. ഇതിൽ 1750 എണ്ണത്തിലാണ് രോഗികളുള്ളത്. ലക്ഷണങ്ങളില്ലാത്തവർക്ക് ഹോം ക്വാറൻറീനിൽ കഴിയാമെന്ന വ്യവസ്ഥ തെരഞ്ഞെടുത്തത് 5789 പേരാണ്. നിലവിലുള്ള രോഗികളിൽ രോഗമുക്തി നേടുന്നത് 93.05 ശതമാനമാണ്. 0.55 ശതമാനമാണ് മരണ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.