മനാമ: പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ഏഴാമത് എഡിഷൻ ഈ മാസം അവസാനം ആരംഭിക്കുമെന്ന് ബഹ്റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റി (മാവ്റൂത്ത്) അറിയിച്ചു. മത്സരം നവംബർ വരെ തുടരും. പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് എല്ലാ വർഷവും മത്സരം സംഘടിപ്പിക്കുന്നത്. ബഹ്റൈൻ പരമ്പരാഗത കായിക ഇനങ്ങളായ തുഴച്ചിൽ, നീന്തൽ, മീൻപിടിത്തം തുടങ്ങിയ മത്സരങ്ങളിൽ പെടും. ഈ വർഷത്തെ പതിപ്പിൽ നാല് പ്രധാന മത്സരങ്ങളാണ് നടക്കുകയെന്ന് മാവ്റൂത്ത് ബോർഡ് അംഗം അഹമ്മദ് അൽ ഖൽഫാൻ പറഞ്ഞു. ഓപൺ സ്വിമ്മിങ്, ഹഡാക്ക് ഫിഷിങ് മത്സരം, അണ്ടർവാട്ടർ ബ്രെത്ത് ഹോൾഡിങ് മത്സരം എന്നിവക്കൊപ്പം തുഴച്ചിൽ മത്സരവുമുണ്ടാകും. പരിപാടിയുടെ ഒരുക്കം പുരോഗമിച്ചുവരുകയാണ്.
മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിന് ചില നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്. പുതിയ സീസൺ മുമ്പത്തേക്കാൾ വലുതും മികച്ചതുമായിരിക്കുമെന്ന് മൗറൂത്ത് ചെയർമാൻ ഖലീഫ ബിൻ അബ്ദുല്ല ആൽ ഖൗദ് പറഞ്ഞു. വരും തലമുറകൾക്ക് ആസ്വദിക്കാനായി പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തലമുറകൾ പാരമ്പര്യം മുറുകെപ്പിടിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹമദ് രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയോട് അൽ ഖൗദ് നന്ദി പറഞ്ഞു.
ഓപൺ നീന്തൽ മത്സരത്തിൽ മത്സരാർഥികളെ 30നും 45നുമിടയിൽ പ്രായമുള്ളവർ, 46നും 60നുമിടയിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. നന്നായി നീന്താൻ അറിയുന്നവരായിരിക്കണം. ഓരോ വിഭാഗത്തിലും 1,000 മീറ്റർ, 800 മീറ്റർ എന്നിങ്ങനെ രണ്ട് മത്സരങ്ങളുമുണ്ടാകും. നീന്തുമ്പോൾ ഉപയോഗിക്കുന്ന കണ്ണട ഒഴികെ നീന്തലിൽ സഹായിക്കുന്ന ഉപകരണങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ല. എല്ലാ മുങ്ങൽ വിദഗ്ധർക്കും മത്സരിക്കാൻ ആവശ്യമായ നീന്തൽ ലൈസൻസ് ഉണ്ടായിരിക്കണം. സമിതിയുടെ അംഗീകാരമുള്ള ബോട്ടുകളിൽ മത്സരാർഥികളെ ഡൈവിങ് സൈറ്റുകളിലേക്ക് കൊണ്ടുപോകും. പങ്കെടുക്കുന്നവരെല്ലാം ബോട്ടുകൾ പുറപ്പെടുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് അംവാജ് മറീനയിൽ എത്തണം. മത്സ്യബന്ധന മത്സരത്തിൽ പങ്കെടുക്കുന്നവരെ ഗ്രൂപ്പുകളായി തിരിക്കും. ഓരോ ബോട്ടിലും രണ്ട് മുതൽ അഞ്ച് വരെ ആളുകൾ ഉൾപ്പെടുന്നു.
എല്ലാവർക്കും ആവശ്യമായ ലൈസൻസ് ഉണ്ടായിരിക്കണം. പങ്കെടുക്കുന്നവർക്ക് സ്വന്തമായി മത്സ്യബന്ധന ഉപകരണങ്ങള്‍ കൊണ്ടുവരണം. മത്സര സ്ഥലവും സമയവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തുഴച്ചിൽ മത്സരത്തിന്റെ നിയമാവലി പുറത്തുവിട്ടിട്ടില്ല. പങ്കെടുക്കുന്നവർക്ക് almawrooth.org/registration-sea സന്ദർശിച്ച് മത്സരത്തിനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് മാവ്റൂത്ത് ഇൻസ്റ്റഗ്രാം പേജ് @mawroothbh സന്ദർശിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.