മനാമ: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.എ). ദുരന്തത്തിൽ വീട് നഷ്ടമായവർക്കായി രണ്ട് വീടുകൾ നിർമിച്ചു നൽകാനാണ് അസോസിയേഷന്റെ തീരുമാനമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട്, ആവശ്യകതയനുസരിച്ച് എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും വീട് നിർമിക്കുക. ഇതിനകം ഒരു വീടിനാവശ്യമായ തുക സമാഹരിച്ചു കഴിഞ്ഞു.
ബാക്കി തുക കൂടി അംഗങ്ങളിൽനിന്ന് സമാഹരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായവർക്കൊപ്പം കൈത്താങ്ങായി എം.സി.എം.എയുമുണ്ട്. മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. ഈ ദുരന്തത്തിൽ സഹജീവികൾക്കൊപ്പം നിലകൊള്ളുന്നതിന്റെ ഭാഗമായാണ് വീട് വെച്ചുകൊടുക്കാനുള്ള തീരുമാനമെടുത്തത്.
ഫണ്ട് കോഓഡിനേഷനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ എം.സി.എം.എ മുഖ്യ രക്ഷാധികാരി റഹീം ബാവ കരുനാഗപ്പള്ളി, രക്ഷാധികാരി ചന്ദ്രൻ വളയം, എം.സി.എം.എ പ്രസിഡന്റ് അസുസ് പേരാമ്പ്ര, സെക്രട്ടറി അഷ്കർ പൂഴിത്തല, ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം, ലത്തീഫ് മാറക്കാട്ട്, ഫണ്ട് കോഓഡിനേറ്റർമാരായ നൗഷാദ് കണ്ണൂർ, മുഹമ്മദ് റാഫി എം.എം.എസ്, എക്സി. അംഗം മുജീബ് മറാസി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.