യു.എ.ഇയിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിനായി അണിഞ്ഞൊരുങ്ങുകയാണ് തലസ്ഥാനം. നവംബര്‍ 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് പാരമ്പര്യത്തിെൻറ ആഘോഷം അരങ്ങേറുന്നത്. വൈവിധ്യങ്ങളുടെ പൂരപ്പറമ്പാണിവിടം. രാജ്യത്തിെൻറ സാംസ്കാരിക ചരിത്രം ആഘോഷിക്കുന്നതോടൊപ്പം പാരമ്പര്യങ്ങളുടെ സമ്പന്നമായ വൈവിധ്യങ്ങളുടെ പ്രദര്‍ശനവും ഉല്സവത്തിെൻറ മനോഹരവും ഹൃദ്യവുമായ ആകര്‍ഷണമാണ്.
കലകള്‍, കരകൗശലങ്ങള്‍, ആചാരങ്ങള്‍, ഭക്ഷണം... അങ്ങിനെ വേറിട്ട അനുഭവങ്ങള്‍ കൊണ്ടും ഫെസ്റ്റിവല്‍ സമ്പന്നം. ഏതു പ്രായക്കാര്‍ക്കും ആനന്ദിക്കാനും ആഘോഷിക്കാനും കഴിയുംവിധം വ്യത്യസ്തങ്ങളായ വിനോദോപാധികളും ഇവിടെ സജ്ജമായിരിക്കും. കാഴ്ചയില്‍ കോട്ട പോലെ ഒരുക്കിയ ഉല്‍സവ വേദിയില്‍ അന്താരാഷ്ട്ര സാംസ്കാരിക പവലിയനുകള്‍, ഇമ്പമാര്‍ന്ന സംഗീത പ്രകടനങ്ങള്‍, അമ്യൂസ്മെൻറ് പാര്‍ക്ക് റൈഡുകള്‍ തുടങ്ങിയവ മേളക്ക് കൊഴുപ്പേകും.
യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ ബഹുമാനാര്‍ഥം നാമകരണം ചെയ്യപ്പെട്ട ഫെസ്റ്റിവലിന് ഇക്കുറി മുമ്പത്തേക്കാള്‍ മാറ്റ് കൂടും. രാജ്യസ്ഥാപനത്തിെൻറ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പമാണ് ഇക്കുറി ഫെസ്റ്റിവലും അരങ്ങേറുന്നത്. ഉല്‍സവത്തിന് വേദിയാവുന്നത് അല്‍ വത്ബ മേഖലയാണ്. അബൂദബി കോര്‍ണിഷില്‍ നിന്ന് 50 മിനിറ്റ് യാത്ര ചെയ്താല്‍ ഇവിടെ എത്താം. സാധാരണ ശാന്തമായ ഈ പ്രദേശം ഫെസ്റ്റിവല്‍ തുടങ്ങുന്നതോടെ ആരവങ്ങളിലമരും.
പത്തുലക്ഷത്തോളം പേരാണ് ആഘോഷങ്ങളില്‍ അലിയാന്‍ കുടുംബമായും ഒറ്റയായും കൂട്ടായും ഇവിടെയെത്തുന്നത്. ലോകത്തിലെ ഏറ്റവും പ്രധാന അഞ്ച് സാംസ്കാരിക പരിപാടികളില്‍ അടുത്തിടെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എ.ഇയുടെ ദേശീയ പക്ഷിയായ ഫാല്ക്കണിെൻറയും അല്‍ മക്ത പാലത്തിെൻറയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തത് കഴിഞ്ഞ മാസമാണ്.
അറേബ്യന്‍ കുതിരകളുടെ പ്രദര്‍ശനം, ഒട്ടക ഓട്ട മല്‍സരം, ഫാല്‍ക്കണറി പ്രദര്‍ശനം, വൈവിധ്യമാർന്ന വെടിക്കെട്ട് മല്‍സരങ്ങള്‍, രാജ്യത്തിെൻറ സമ്പന്ന പൈതൃകവും സംസ്കാരവും സംബന്ധിച്ച ബോധവല്‍ക്കരണം തുടങ്ങിയവും ഫെസ്റ്റിവലിെൻറ പ്രത്യേകതകളാണ്. ഇമാറാത്തി പാരമ്പര്യങ്ങളുടെയും നാഴികക്കല്ലുകളുടെയും തത്സമയ പ്രദര്‍ശനം ഒരുക്കുന്ന ഗ്രാന്‍ഡ് പവലിയനുകളും എക്സിബിഷനുകളും സന്ദര്‍ശകരെ യു.എ.ഇയുടെ ചരിത്രത്തിലേക്ക് തിരികെ കൊണ്ടുപോകും. അതേ, ദുബൈ എക്സ്പോയുടെ ആരവങ്ങള്‍ക്കിടെ ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് വേദികളുണരുന്നതും കാത്തിരിപ്പാണ് അബൂദബിയും രാജ്യവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.