എക്സ്പോ നഗരിക്ക് കഴിഞ്ഞ ആഴ്ചയിലെ ആ വൈകുന്നേരം പുത്തനൊരു അനുഭവം തന്നെയായിരുന്നു. ഇരുപതിലേറെ ഒട്ടകങ്ങൾ വിശ്വമേളയുടെ കവാടം കടന്നുവരികയാണ്. അസാധാരണമായ ആ കാരവൻ കണ്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് നീങ്ങി. ഒട്ടകപ്പുറത്തിരിക്കുന്നവരിൽ സ്ത്രീകളും പുരുഷൻമാരും അറബിയും ഇഗ്ലീഷുകാരുമെല്ലാം ഉണ്ട്. ഏറെ ദിവസത്തെ യാത്രയുടെ ക്ഷീണം പലരുടെയും മുഖത്ത് കാണാമെങ്കിലും ആഹ്ലാദം അതിനെ മായ്ക്കുന്നതായിരുന്നു.
'മരുഭൂമിയുടെ കപ്പൽ' എന്ന തെല്ലഹങ്കാരത്തോടെയാണോ ഒട്ടകങ്ങളുടെ വരവെന്ന് തോന്നിപ്പോകും. കണ്ടു നിന്നവരെല്ലാം യാത്രികരെ അഭിവാദ്യം ചെയ്യുന്നു. 'ഹയ്യാകും' എന്ന് അറബിയിലും 'വെൽകം' എന്ന് ഇംഗ്ലീഷിലും സ്വാഗതമോതുന്നതിന് യാത്രികർ നന്ദി പറയുന്നുണ്ട്. മറ്റു ചിലർ ഫോട്ടോ പകർത്തുന്നു. ഒട്ടകത്തെ അടുത്തുകണ്ട ആഹ്ലാദത്തിലായിരുന്നു ചിലർ. വിവിധ രാജ്യങ്ങളുടെ പവലിയനുകളും അൽ വസ്ൽ പ്ലാസയും കടന്ന് അൽ ഫുർസാൻ പാർകിലാണ് കാരവൻ സമാപിച്ചത്. വെറുമൊരു ഒട്ട യാത്രയായിരുന്നില്ല അത്. അസാധാരണമായ സാഹസികതകൾ നിറഞ്ഞ യാത്രയുടെ സമാപനമായിരുന്നു.
പരമ്പരാഗത ബദവി വസ്ത്രങ്ങൾ ധരിച്ച്, മരുഭൂമിയുടെ ചൂടും തണുപ്പും അനുഭവിച്ച് 29അംഗ സംഘം നടത്തിയ ഐതിഹാസിക മരുഭൂയാത്രക്കാണ് എക്സ്പോ 2020ദുബൈയിൽ സമാപനമായത്. അബൂദബിയിലെ പടിഞ്ഞാറൻ ഭാഗമായ ലിവ മരുഭൂമിയിൽ നിന്ന് ആരംഭിച്ച് 13ദിവസമെടുത്ത് 640കി. മീറ്റർ ദൂരം പിന്നിട്ടാണ് യാത്ര വിശ്വമേളയിൽ എത്തിച്ചേർന്നത്. 21വ്യത്യസ്ത രാജ്യങ്ങളിൽ നിന്നെത്തിയ ഒട്ടക യാത്രികർക്കായി ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻററാണ് ഏറ്റവും വലിയ മരുഭൂ കാരവൻ സംഘടിപ്പിച്ചത്. സ്പെയിൻ, ദക്ഷിണ കൊറിയ, ജർമനി, ബ്രിട്ടൻ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവർ യാത്രാ സംഘത്തിലുണ്ടായിരുന്നു.
കൂട്ടത്തിൽ ജർമനിയിൽ നിന്നുള്ള അമ്മയും മകളും ഉൾപ്പെടും. അൽ ഫുർസാൻ പാർകിലെത്തിയ സംഘത്തെ ചോദ്യങ്ങൾകൊണ്ട് കാണികൾ പൊതിഞ്ഞു. മരുഭൂമിയുടെ സൗന്ദര്യവും സൗരഭ്യവും ആത്മവിശ്വാസം വർധിപ്പിക്കുന്നതും തിരിച്ചറിവുകൾ പകരുന്നതുമാണെന്നായിരുന്നു മിക്കവരുടെയും പ്രതികരണം. തുടക്കത്തിൽ അനുഭവപ്പെട്ട പ്രയാസങ്ങൾ ആദ്യ ദിവസം പിന്നിട്ടപ്പോൾ മാറിയെന്ന് യൂറോപ്യൻ യാത്രികർ ഓർത്തെടുത്തു. 13ദിവസത്തെ സഹവാസത്തിലൂടെ ഒട്ടകവുമായി ഇണങ്ങിയ പലരും പിരിയുന്നതിൽ ദുഃഖിതരായിരുന്നു. ദീർഘയാത്ര ശാരീരികവും മാനസികവുമായ കഴിവിന് വെല്ലുവിളിയായിരുന്നെങ്കിലും ട്രക്കിങ് അവസാനിച്ചപ്പോൾ കൂടുതൽ ശക്തനായതായാണ് തോന്നുന്നതെന്ന് സംഘാംഗമായ ഗ്യൂൽ ബാങ് എന്ന ദക്ഷിണാഫ്രിക്കൻ സ്വദേശി പറഞ്ഞു.
അറേബ്യയുടെ പൈതൃക ജീവിതത്തെ തിരിച്ചറിയാൻ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മരുഭൂ യാത്രയുടെ എട്ടാമത്തെ എഡിഷനാണ് ഇത്തവണ നടന്നത്. ആദ്യകാലത്ത് സ്വദേശികൾക്ക് മാത്രമായിരുന്ന യാത്രയിൽ പിന്നീട് താൽപര്യപൂർവ്വം വിദേശികളും അണിചേരുകയായിരുന്നു. യത്രയിൽ പങ്കെടുക്കുന്നവർ തന്നെയാണ് എല്ലാ ദിവസവും ഒട്ടകങ്ങൾക്ക് തീറ്റ കൊടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തത്. 13കാരിയായ എമീലിയയാണ് ഇത്തവണ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. യാത്രക്കിടയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സാഹസിക യാത്രികരെ അഭിവാദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.