ഷാർജ: പ്രകാശ രശ്മികളാൽ ഷാർജയുടെ സാംസ്കാരിക ചരിതം കുറിക്കുന്ന ഷാർജ വിളക്കുത്സവം കാണാൻ വിവിധ ഭാഗങ്ങളിലായി ആയിരങ്ങളെത്തുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ ഷാർജയുടെ പൗരാണിക ചരിത്രങ്ങളും ആധുനിക ഭാവങ്ങളുമാണ് സർക്കാർ കെട്ടിടങ്ങളുടെയും പള്ളികളുടെയും ഭിത്തികളിൽ ദീപങ്ങൾ കൊണ്ട് വരച്ചിടുന്നത്.
ഖോർഫക്കാനിലെത്തിയ അധിനിവേശ ശക്തികളെ തുരത്തിയോടിച്ച ധീരദേശാഭിമാനികളുടെ പടയോട്ടങ്ങളും ബറാഷി മരുഭൂമിയിലൂടെയുള്ള ഒട്ടകങ്ങളുടെ സഞ്ചാരങ്ങളും ഖാലിദ് തടാകത്തിലെ ബോട്ടുകളുടെ പടയോട്ടങ്ങളും ചുവരുകളിൽ വെളിച്ചം തൊട്ടെഴുതുന്നു. സന്ധ്യമയങ്ങുന്നതോടെ ആരംഭിക്കുന്ന പ്രകാശോത്സവം രാത്രി 10 മണിവരെ നീളുന്നു.
ബുഹൈറയിലെ അൽ നൂർ മസ്ജിദ് പരിസരത്താണ് ഏറ്റവും കൂടുതൽ പേർ ദീപോത്സവം കാണാനെത്തുന്നത്. വെളിച്ചം വരക്കുന്ന ചിത്രങ്ങൾ ഖാലിദ് തടാകത്തിൽ വീണലിയുന്ന കാഴ്ച ഏറെ അനുഭൂതി നിറഞ്ഞതാണ്.
വെളിച്ചം വരക്കുന്ന ചിത്രങ്ങൾക്കിടയിലൂടെ ദേശാടന പക്ഷികൾ കുതറി പറക്കുമ്പോൾ ദീപഭാവങ്ങൾ മാറിമറിയുന്നു.ഷാർജയിലും വടക്കൻ ഉപനഗരങ്ങളിലുമായി നടക്കുന്ന വിളക്കുത്സവം സൗജന്യമായി ആസ്വദിക്കാം. ചിലയിടങ്ങളിൽ വെളിച്ചം കൊണ്ട് ഇടനാഴിയും പന്തലുകളും തീർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.