ഷാർജ: ഇന്റർനാഷനൽ ഫോട്ടോഗ്രഫി ഫെസ്റ്റായ 'എക്സ്പോഷർ' ഫെബ്രുവരി 9 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. മലയാളികൾ അടക്കം നിരവധിപേർക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനം ലഭിച്ചിട്ടുള്ള എക്സ്പോഷറിൽ ഇക്കുറിയും ലോകോത്തര ചിത്രങ്ങൾ എത്തും. ആറാം പതിപ്പിനാണ് ഷാർജ സാക്ഷ്യം വഹിക്കുന്നത്.
126 രാജ്യങ്ങളിൽ നിന്ന് 14,998 എൻട്രികളാണ് എക്സ്പോഷർ അവാർഡിന് ലഭിച്ചത്. ചൈന, ഇന്ത്യ, ഇറാൻ, റഷ്യ, ഈജിപ്ത്, മ്യാൻമർ, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ഈ വർഷം ഏറ്റവും കൂടുതൽ എൻട്രികൾ വന്നത്.
45 സോളോ, ഗ്രൂപ്പ് എക്സിബിഷനുകളിലായി 70 ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാർ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒരുമിച്ച് കൂടും. ഫോട്ടോഗ്രാഫിയുടെ ശക്തമായ പങ്ക് ബോധ്യപ്പെടുത്തുന്ന 28 സംഭാഷണങ്ങൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ശിൽപശാലകൾ, പ്രൊഫഷണലുകളുടെയും ഫോട്ടോഗ്രാഫി പ്രേമികളുടെയും പഠനാനുഭവങ്ങൾ എന്നിവയും പരിപാടിയിലുണ്ടാകും. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ(എസ്.ജി.എം.ബി) സംഘടിപ്പിക്കുന്ന പരിപാടി സമുദ്ര സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യം വെച്ചുള്ളതാണ്.
എക്സ്പോഷറിന്റെ ആദ്യ അന്താരാഷ്ട്ര സമുദ്ര സംരക്ഷണ ഉച്ചകോടി ഫെബ്രുവരി 10ന് 'നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുന്നു' എന്ന പ്രമേയത്തിൽ നടക്കും.
ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ എഴുദിന പരിപാടിയുടെ അജണ്ടയിൽ ഇൻഡിപെൻഡന്റ് ആൻഡ് ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റ് അവാർഡ്, എക്സ്പോഷർ ഫോട്ടോഗ്രാഫി ആൻഡ് ഫിലിം അവാർഡുകൾ എന്നിവയുടെ വിജയികളുടെ പ്രഖ്യാപനവും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.