ആഘോഷങ്ങളെയും ഉൽസവങ്ങളെയും എപ്പോഴും ആവേശം ചോരാതെ സൂക്ഷിക്കുന്നത് തെരുവിലൂടെ വിശ്രമമില്ലാതെ കലാപ്രകടങ്ങൾ നടത്തുന്നവരാണ്. വൻ മേളകളിൽ റോവിങ് ആർടിസ്റ്റുകളാണ് ഈ റോൾ നിർവഹിക്കുന്നത്. ഇത്തരക്കാർ നിശ്ചിത സ്ഥലമെന്നോ സമയമെന്നോ ഇല്ലാതെ അപത്രീക്ഷിതമായി സന്ദർശകർക്ക് മുമ്പിലെത്തും. പ്രധാന വേദികളിലെ പരമ്പരാഗത പ്രകടനങ്ങളെ മറികടക്കുന്ന വിനോദ ആശയങ്ങളാണ് പലപ്പോഴും ഇവർ ഉപയോഗിക്കുന്നത്.
ആശ്ചര്യവും ആനന്ദവും പകരുന്ന നൃത്തങ്ങളും സംഗീതവും എല്ലാം ചേരുന്ന റോവിങ് പെർഫോമൻസുകൾ ധാരാളമായി എക്സ്പോ 2020ദുബൈ വേദിയിൽ അരങ്ങേറുന്നുണ്ട്. കാഴ്ചക്കാർക്കിടയിലൂടെ സഞ്ചരിച്ച്, അവരെ അഭിവാദ്യം ചെയ്തും കൂടെ ഫോട്ടോയെടുക്കാൻ നിന്നുകൊടുത്തും മുന്നേറുന്ന ഇത്തരം കലാപ്രകടനങ്ങൾ കുട്ടികളെയും കുടുംബങ്ങളെയും വേഗത്തിൽ ആകർഷിക്കുന്നു. അൽ വസ്ൽ പ്ലാസയിലും ജൂബിലി പാർക്കിലും മുൻകൂട്ടി പ്രഖ്യാപിച്ച് നടക്കുന്ന സാംസ്കാരി പരിപാടികൾ പോലെ തന്നെ സന്ദർകർ ഇത്തരം പെർഫോമൻസ് കാണാനും ഒത്തുചേരുന്നത് വിശ്വമേളയിൽ സ്ഥിരം കാഴ്ചയാണ്.
നർത്തകർ, പാട്ടുകാർ, കോമഡിയേൻമാർ, മാജിക്കുകാർ, അക്രോബാറ്റുകൾ, ട്രപ്പീസ് ആർട്ടിസ്റ്റുകൾ, സ്റ്റിൽട്ട് വാക്കർമാർ, വിഷ്വൽ പെർഫോമർമാർ എന്നിങ്ങനെ വിവിധ കലാപ്രകടനക്കാർ ഇക്കൂട്ടത്തിലുണ്ട്. എക്സ്പോയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ കലാകാരൻമാൻ വ്യത്യസ്തങ്ങളായ ഇത്തരം നിരവധി പ്രകടനങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും ശ്രദ്ധ നേടിയ അത്തരമൊരു പ്രകടനമാണ് 'ഗോൾഡൻ ഫാൽകൻ' എന്നത്. കൂറ്റൻ പരുന്തിന്റെ രൂപമാണ് ഇതിൽ ഉപയോഗിച്ചത്.
വേട്ടപ്പരുന്തുകളോട് ഏറെ പ്രിയം കാണിക്കുന്ന സ്വദേശികളെയും മറ്റും ഇത് ഏറെ ആകർഷിച്ചു. സസ്റൈനിബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഇത് അരങ്ങേറിയത്. മനോഹര വർണങ്ങളാൽ അലങ്കരിച്ച തിളങ്ങുന്ന ഫാൽക്കന്‍ ചുറ്റും നിന്ന് ഫോട്ടോയെടുക്കാനും സന്ദർശകരുടെ തിരക്കായിരുന്നു. 'അതിശയ കുതിരകൾ' എന്ന കലാപ്രകടനവും കഴിഞ്ഞ ആഴ്ചയിൽ ശ്രദ്ധിക്കപ്പെട്ട ഒരു റോവിങ് പെർഫോമൻസായിരുന്നു. തിളക്കങ്ങുന്ന 'വെള്ള കുതിര'കൾ മാൻഗ്രോവ് അവന്യൂവിലാണ് പ്രത്യക്ഷപ്പെട്ടത്.
കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകരുമായി ഇടപഴകുന്ന കലാപ്രകടനം എന്ന നിലയിൽ റോവിങ് പെർഫോമൻസുകൾ ചെറിയ ഇടവേളയിൽ നിലച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയോടെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ഏറെ വ്യത്യസ്തമായ പലവിധ പെർഫോമൻസുകൾ വരുംദിവസങ്ങളിലും ഈ കലാകാരൻമാരുടേതായി എക്സ്പോ നഗരിയിൽ നിറയുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.