പരിസ്ഥിതിയെ ചേര്‍ത്തു നിര്‍ത്തി ജീവിതം ക്രമപ്പെടുത്താമോ? വെറുതേ വേണ്ട, കൈ നിറയേ സമ്മാനങ്ങള്‍ തരും അബൂദബി. പരിസ്ഥിതി സൗഹൃദജീവിതശൈലി തിരഞ്ഞെടുക്കുന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കും സമ്മാനം നല്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുകയാണ് അധികൃതര്‍. അബൂദബി പാരിസ്ഥിതിക ഏജന്‍സിയും(ഇ.എ.ഡി.) ബൊറൂജും സഹകരിച്ചാണ് 'ബാദര്‍' എന്ന പേരില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. അബൂദബി എമിറേറ്റിലുള്ള പരിസ്ഥിതിയും പച്ചപ്പുമൊക്കെ സംരക്ഷിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. അബൂദബിയിലെ യുവാക്കളെയും മുതിര്‍ന്നവരെയും പരിസ്ഥിതി സൗഹാർദ ശീലത്തിലേക്ക് മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇരുപതിലേറെ പരിസ്ഥിതി സൗഹൃദ പ്രവൃത്തികള്‍ സ്വീകരിച്ച് സമ്മാനങ്ങള്‍ കൈപ്പറ്റാനാണ് അവസരമൊരുക്കിയിയത്. ഓര്‍ഗാനിക് ഭക്ഷണത്തിലേക്ക് മാറുക, ദിവസത്തിലൊരു നേരം വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുക, ജല-വൈദ്യുത ഉപയോഗം കുറക്കുക തുടങ്ങിയ ആരോഗ്യ- അതിജീവന ശൈലികള്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ വെക്കുന്നുണ്ട്. കാര്‍ബണ്‍ പുറന്തള്ളൽ കുറക്കുക, ഭക്ഷണ മാലിന്യം കുറക്കുക, ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ ഇല്ലാതാക്കുക, ഊര്‍ജം സംരക്ഷിക്കുക, പുനരുപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുക തുടങ്ങിയവയും ആപ്ലിക്കേഷനിലൂടെ കൈവരിക്കുക എന്ന ബൃഹത്തായ ലക്ഷ്യവും ഈ ഉദ്യമത്തിനു പിന്നിലുണ്ട്. ബാദര്‍ എന്നാല്‍ 'ഉദ്യമം' എന്നാണ് അറബി ഭാഷയില്‍ അര്‍ഥം. സ്വന്തമായി പച്ചക്കറിയും പഴങ്ങളും ഉല്‍പ്പാദിപ്പിക്കുക, പ്രാദേശിക വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സാമ്പത്തികരംഗത്തിന് കരുത്തുപകരുക തുടങ്ങി അനവധി ഉദ്യമങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാരിസ്ഥിതിക വിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി ശിൽപശാലകളിലും മറ്റു പരിപാടികളിലും പൊതുജനങ്ങള്‍ക്ക് സംബന്ധിക്കാവുന്നതാണ്. ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൈക്കിളിലോ നടന്നോ പോവാനും കഫേകളിലും റെസ്റ്ററന്റുകളിലും പോവുമ്പോള്‍ സ്വന്തം കപ്പുകളും കണ്ടെയ്നറുകളും ഉപയോഗിക്കാനും അബൂദബിയുടെ ശുചിത്വം നിലനിര്‍ത്താന്‍ പങ്കാളികളാവാനും ആപ്ലിക്കേഷന്‍ ആഹ്വാനം ചെയ്യുന്നു. ആപ്ലിക്കേഷനിലെ ഓരോ ടാസ്കുകളും പൂര്‍ത്തിയാക്കുന്ന മുറക്ക് പോയിന്റുകള്‍ ലഭിക്കുകയും നിശ്ചിത പോയിന്റുകള്‍ ലഭിക്കുമ്പോള്‍ ആപ്ലിക്കേഷനുകളായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന അബൂദബിയിലെ ഒമ്പത് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഇളവുകളോടെ പര്‍ച്ചേസ് നടത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുകയും ചെയ്യും.
റീയൂസ്, സ്വിച്ച്, ഗ്രോ, ഇനീഷ്യേറ്റ്, കണ്‍സര്‍വ്, ജോയിന്‍, മൂവ് എന്നിങ്ങനെ ഏഴ് പാരിസ്ഥിതിക തീമുകളാണ് ആപ്പിലുള്ളത്. നിലവില്‍ ആപ്പിള്‍ പ്ലേസ്റ്റോറില്‍ മാത്രമാണ് 'ബാദര്‍' ലഭ്യമാക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡില്‍ ആപ്ലിക്കേഷന്‍ വൈകാതെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.