ആഫ്രിക്കൻ നാടുകളിലെ വനങ്ങൾ ലോകപ്രശസ്തമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ സ്വപ്ന കേന്ദ്രമാണ് ആഫ്രിക്കയിലെ വനങ്ങൾ. ഇവതേടി ആഫ്രിക്കയിലേക്ക് പോകാൻ കഴിയാത്തവർ നിരാശപ്പെടേണ്ട. നിങ്ങൾക്കായി ഷാർജിൽ ഒരുക്കിയിട്ടുണ്ട് ആഫ്രിക്കയിലെ ഘോരവനം. ഷാർജയുടെ കാർഷിക ഉപനഗരമായ അൽദൈദിലാണ് ഷാർജ സഫാരി എന്ന പേരിൽ സഫാരി പാർക്ക് തുറന്നിരിക്കുന്നത്. ആഫ്രിക്കക്ക് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കാണിത്.
എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. വെള്ളിയാഴ്ചയാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നത്. 2007ലാണ് ഷാർജ അൽബർദി പാർക്ക് എന്ന പേരിൽ ഇവിടെ പാർക്ക് തുറന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനും പച്ചപ്പ് നിലനിർത്താനും ലക്ഷ്യമിട്ട് സാധാരണ പാർക്ക് എന്ന രീതിയിലാണ് തുടങ്ങിയത്. പിന്നീട് ഇത് 3500 ഏക്കറിലേക്ക് വ്യാപിപ്പിക്കാനും മൃഗങ്ങളെ പാർപ്പിക്കാനും തീരുമാനിക്കുകയായിരുന്നു. മാസങ്ങളായി ഇവിടേക്ക് മൃഗങ്ങളെ എത്തിക്കുന്നുണ്ട്. കഫെ, റസ്റ്റാറന്റ്, കോൺഫറൻസ് ഹാൾ, സഫാരി കാമ്പ് തുടങ്ങിയ ഇതിനുള്ളിലുണ്ട്. മൃഗങ്ങൾക്ക് ഭക്ഷിക്കാനുള്ള ഇലകളും മരങ്ങളും ഇവിടെ തന്നെ വെച്ചുപിടിപ്പിച്ചിരിക്കുന്നു.
എന്തൊക്കെ കാണാം: ലക്ഷം ആഫ്രിക്കൻ മരങ്ങളും 120 ഇനം മൃഗങ്ങളുമാണ് ഇവിടെയുള്ളത്. ആഫ്രിക്കൻ വനങ്ങളിൽ നിന്നുള്ള മൃഗങ്ങളെയാണ് ഇവിടെ പ്രധാനമായും എത്തിച്ചിരിക്കുന്നത്. 70 തരം ആഫ്രിക്കൻ മൃഗങ്ങൾ ഇവിടെയുണ്ട്. ജിറാഫ്, കാട്ടുപോത്ത്, കാണ്ടാമൃഗം, ആന, മാൻ, സിംഹം, പുലി, കടുവ, മുതല, ആമ, ഒട്ടകപക്ഷി, മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങിയവയെല്ലാം സഫാരിയിലുണ്ട്. ദുബൈ സഫാരി പാർക്കായിരുന്നു യു.എ.ഇക്കാർ ഇതുവരെ ആശ്രയിച്ചിരുന്ന സഫാരി പാർക്ക്. ആന, സിംഹം, കാണ്ടാമൃഗം, ജിറാഫ് എന്നിവയെ ചേർത്താണ് ഷാർജ സഫാരിയുടെ ലോഗോ തയാറാക്കിയിരിക്കുന്നത്.
സഫാരിയിലേക്ക് കയറുന്നവരെ ആദ്യം തന്നെ സ്വീകരിക്കുന്നത് വലിയ ഈ ലോഗോയാണ്. നടന്നു കാണാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ പ്രവേശിക്കാം. എന്നാൽ, നിശ്ചിത മേഖല വരെ മാത്രമെ നടന്നുകാണാനുള്ള അനുമിയുള്ളൂ. മൃഗങ്ങളെ അടുത്ത് കാണണമെങ്കിൽ വാഹനത്തിൽ തന്നെ പോണം. കൂടുതൽ നിരക്ക് നൽകിയാൽ സഫാരി വാഹനങ്ങളിൽ യാത്ര ചെയ്യാം. ആഫ്രിക്കൻ വനങ്ങളുടെ കാലാവസ്ഥയും അന്തരീക്ഷവും മനസിലാക്കാൻ സഫാരി പാർക്ക് ഉപകരിക്കും. രാവിലെ 8.30 മുതൽ വൈകുന്നേരം 6.30 വരെയാണ് പാർക്ക് തുറന്നിരിക്കുക. ഗോൾഡ്, സിൽവർ ടിക്കറ്റ് എടുക്കുന്നവർ ഉച്ചക്ക് രണ്ട് മണിക്കുള്ളിൽ പാർക്കിൽ കയറണം. ബ്രോൺസ് ടിക്കറ്റുള്ളവർ നാല് മണിക്ക് മുൻപ് എത്തിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.