പരുത്തിച്ചെടിയുടെ കറുത്ത വിത്തിൽ നിന്ന് നിനക്കൊരു വെളുത്ത വസ്ത്രം, പാറയുടെ കരുത്തിൽ നിന്ന് നിനക്കൊരാലിംഗനം എന്നെഴുതിയത് മൺമറഞ്ഞുപോയ പ്രിയ കവി എ. അയ്യപ്പനാണ്.
ഷാർജയുടെ ബദുവിയൻ കാലഘട്ടത്തെ ഓർമപ്പെടുത്തുന്ന പുരാതന ജനവാസ മേഖലയായ വാദി അൽ ഹെലോയിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തോട് ചേർന്ന മലയടിവാരത്തിൽ വിശേഷപ്പെട്ട സസ്യജാലങ്ങൾക്കൊപ്പം പൂത്തുലഞ്ഞുനിൽക്കുന്ന പരുത്തിച്ചെടികൾ അനുഭൂതി പകരുന്ന കാഴ്ച്ചയാണ്.
കാറ്റിനോടൊപ്പം കറങ്ങി നടന്ന് വള്ളിച്ചെടികളിലെല്ലാം കുഞ്ഞുകൂടുകളായി മാറിയ പരുത്തിയുടെ വെളുത്ത ചിരി കാണാം. കൂട് വീടാക്കിയ അങ്ങാടി കുരുവികൾ ഇവിടെ പരുത്തി ചെടികളെ സ്നേഹത്തോടെ വലം വെച്ച് പറക്കുന്നു. കൂടുകൾ അലങ്കരിക്കാൻ കിളികൾ പരുത്തിനാരുകൾ കൊത്തി കൊണ്ടുപോകുന്നത് മനോഹര കാഴ്ച്ചയാണ്.
പോകുന്നിടത്തെല്ലാം വിത്തുകൾ നിക്ഷേപിച്ച് പുതിയ പരുത്തി തലമുറക്ക് കിളികൾ കാവൽ നിൽക്കുന്നു. പരുത്തിച്ചെടിയുടെ കൊമ്പത്ത് വർണപകിട്ട് ചാർത്തിയാണ് കിളികൾ മൂവന്തിക്ക് പാട്ടുതുടങ്ങുന്നത്.
ഉഷ്ണമേഖലയിൽ വളർത്തുവാൻ പറ്റിയതും വെളുത്ത സ്വർണമെന്ന അപരനാമം വഹിക്കുകയും ചെയ്യുന്ന പരുത്തി, യു.എ.ഇയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാറില്ലെങ്കിലും മലയോര മേഖലകളിലെ തോട്ടങ്ങളുടെ അഴകായി ഇവധാരാളമായി കാണാം.
ഉഷ്ണമേഖല കാലവസ്ഥയില്‍ വളരുമെങ്കിലും പരുത്തി കൃഷിക്ക് വെള്ളം ധാരാളം ആവശ്യമാണ്. സോവിയറ്റ് യൂണിയെൻറ സുവർണ കാലഘട്ടത്തില്‍, പരുത്തി കൃഷിക്കായി കസാകിസ്താനിൽ രണ്ട് നദികളെ വഴി തിരിച്ച് വിട്ടത് കാരണം വറ്റി വരണ്ട് മരുഭൂമിയായി മാറിയ ആരാല്‍ കടലിൻറ കഥ മുന്നിലുള്ളത് കാരണമായിരിക്കാം മരുഭൂമി പരുത്തി കൃഷിയെ കൂടുതല്‍ വാണിജ്യവത്ക്കരിക്കാത്തത്.
ഭൂഗർഭ ജലത്തെ കഴിയുന്ന വിധത്തിൽ സംരക്ഷിച്ച് ആഗോളതാപനത്തെ ചെറുക്കുകയും കൃത്രിമ മഴക്ക് വഴി ഒരുക്കിയും പ്രകൃതിയോട് ചേർന്നുനിൽക്കുന്ന നാടാണ് യു.എ.ഇ. പരുത്തി കൃഷിക്ക് പാകപ്പെട്ട മണ്ണ് വടക്കൻ മേഖലകളിൽ ധാരാളമുണ്ടെങ്കിലും വെള്ളത്തോടുള്ള ഇഷ്ടം കൊണ്ടാണ് രാജ്യം ആ വഴിക്ക് പോകാത്തത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സമയത്താണ് പരുത്തി കായകള്‍ പൊട്ടിവിടരുക.
ഇന്ത്യയില്‍ പരുത്തി വസ്ത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പരുത്തിയുടെ വിശുദ്ധിയെ കുറിച്ച് ലോകത്തെ പഠിപ്പിച്ച ഗാന്ധിയുടെ മന്ത്രങ്ങൾ ചെടിയുടെ ചൊടികളിൽ തത്തികളിക്കുന്നത് ചെവി ചേർത്തുവെച്ചാൽ ഷാർജയിലും കേൾക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.