ബഹിരാകാശ മേഖലയിലെ യു.എ.ഇയുടെ നേട്ടങ്ങളും ഹോപ്പ് പ്രോബിന്റെ വിജയകരമായ വിക്ഷേപണത്തിന്റെ ഒന്നാം വാർഷികവും ആഘോഷിക്കുന്നതിനായി 'എ ടെയിൽ ഓഫ് ഹോപ്പ്' എന്ന പേരിൽ ഡോക്യുമെന്ററി പുറത്തിറക്കി. 12 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ചരിത്രത്തിലുടനീളം വിവിധ വൈഞജാനിക മേഖലകളിൽ അറബികൾ കൈവരിച്ച നേട്ടങ്ങളും ആഗോള ബഹിരാകാശ മേഖലയിലെ യു.എ.ഇയുടെ ചരിത്രപരമായ ഇടപെടലുകളും വിവരിക്കുന്നുണ്ട്. ആദ്യത്തെ ഇമാറാത്തി ബഹിരാകാശയാത്രികൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയും ചൊവ്വ പര്യവേക്ഷണ ദൗത്യം വിജയകരമായി നടപ്പിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇതിന്റെ പ്രകാശനം.
യു.എ.ഇയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് '1971'എന്ന പേരിൽ ഡോക്യുമെന്ററി പുറത്തിറക്കിയയിരുന്നു. ഇതിന് പിന്നാലെയാണ് ബഹിരാകാശ പര്യവേഷണം, മറ്റു ശാസ്ത്ര നേട്ടങ്ങൾ എന്നിവ രേഖപ്പെടുത്താൻ ലക്ഷ്യമാക്കിയാണ് 'എ ടെയിൽ ഓഫ് ഹോപ്പ്' നിർമിച്ചതെന്ന് അണിയറ ശിൽപികൾ പറഞ്ഞു. ഡോക്യുമെന്ററി എല്ലാ പ്രായക്കാരെയും ഉദ്ദേശിച്ചായതിനാൽ കഥ രസകരമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അറബികളുടെ ശാസ്ത്രീയ നേട്ടങ്ങളും യു.എ.ഇയുടെ അസാധാരണമായ ബഹിരാകാശ നേട്ടവും ഇതിന് നേതൃത്വം നൽകിയ യുവാക്കളുടെ വിജയവും വിവരിക്കുന്ന നിരവധി അഭിമുഖങ്ങൾ ഡോക്യുമെന്ററിയിലുണ്ട്.
അറബ്, അന്തർദേശീയ മാധ്യമങ്ങളുമായി സഹകരിച്ച് ഡോക്യൂമെന്ററി പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൽ അമേരിക്ക, ചൈന എന്നിവിടങ്ങളിൽ സംപ്രേക്ഷണം ചെയ്യും. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, റഷ്യൻ, ചൈനീസ്, പോർച്ചുഗീസ്, ഹിന്ദി എന്നീ ഒമ്പത് ഭാഷകളിൽ ട്രാൻസ്ക്രിപ്ഷനും തയ്യാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.