2021പിന്നിടുേമ്പാൾ യു.എ.ഇയെ സംബന്ധിച്ച ഏറ്റവും സുപ്രധാന നാഴികക്കല്ല് സുവർണ ജൂബിലി ആഘോഷമാണ്. 1971ൽ രൂപപ്പെട്ട യു.എ.ഇ കൈവരിച്ച നേട്ടങ്ങളെ ഓർക്കുകയും വരാനിരിക്കുന്ന വർഷങ്ങളിലേക്ക് കർമപദ്ധതി രൂപപ്പെടുത്തുകയും ചെയ്യാൻ ഈ സന്ദർഭം രാജ്യം ഉപയോഗപ്പെടുത്തി. 'ഇയർ ഓഫ് ഫിഫ്റ്റീത്ത്' എന്ന തലക്കെട്ടിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിെൻറ മുഴുവൻ ഭാഗങ്ങളിലും വിപുലവും വർണാഭവുമായ പരിപാടികൾ നടന്നു.
ഔദ്യോഗിക ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച ദുബൈ ഹത്തയിലെ ചടങ്ങ് വിസ്മയകരമായിരുന്നു. ഭരണാധികാരികളെല്ലാം സന്നിഹിതരായ ഈ പരിപാടിയുടെ വേദി ഹത്ത തടാകമായിരുന്നു. സുവർണ ജൂബിലി സന്ദർഭത്തെ അടയാളപ്പെടുത്തി 50സുപ്രധാന പദ്ധതികളും ഭാവിയിൽ സ്വീകരിക്കേണ്ട സമീപനങ്ങളുടെ അടിസ്ഥാന തത്വങ്ങളും പ്രഖ്യാപിക്കപ്പെട്ടു. ബില്യൺ കണക്കിന് ദിർഹം ചിലവുവരുന്ന സ്വപ്ന പദ്ധതികൾ ഇവയിൽ ഉൾപ്പെടും. രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും ഒരുപോലെ പ്രതീക്ഷ പകരുന്നതായിരുന്നു ഇവയെല്ലാം. പ്രിയ പോറ്റമ്മ നാടിെൻറ 50ാം വാർഷികം വ്യാപകമായ രീതിയിൽ പ്രവാസി സമൂഹവും ആഘോഷിക്കുകയുണ്ടായി.
യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ ഹോപ്പ്രോബ് ഭ്രമണപഥത്തിലെത്തിയത് ഈ വർഷം ഫെബ്രുവരിയിലായിരുന്നു. ചന്ദ്ര, ചൊവ്വാ ദൗത്യങ്ങൾക്ക് ശേഷം ബഹിരാകാശത്തെ അൽഭുതങ്ങൾ തേടിയുള്ള യു.എ.ഇയുടെ സഞ്ചാരം പുതിയ ദിശയിലേക്ക് പ്രവേശിക്കുന്നതിെൻറ പ്രഖ്യാപനം നടന്നതും ഈ വർഷം തന്നെ. ശുക്ര ഗ്രഹത്തിെൻറയും സൗരയൂഥത്തിലെ എഴ് ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പദ്ധതിയാണ് ഒക്ടോബറിൽ പ്രഖ്യാപിച്ചത്. ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ 2028ഓടെയാണ് പര്യവേക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഭൂമിയിലേക്ക് പതിക്കുന്ന മിക്ക ഉൽക്കകളുടെയും ഉൽഭസ്ഥാനമെന്ന നിലയിലാണ് ഇവിടം പഠനത്തിന് തിരഞ്ഞെടുത്തത്. 3.6 ബില്യൺ കിലോമീറ്റർ അഥവാ ചൊവ്വയിലേക്കുള്ള ഹോപ് പേടകത്തിെൻറ ഏഴ് മടങ്ങ് യാത്ര, പിന്നിട്ട് ആദ്യ അറബ് ബഹിരാകാശ ദൗത്യം ഛിന്നഗ്രഹത്തിൽ എത്തിച്ചേരുന്ന ദൗത്യമാണിത്. പര്യവേക്ഷണ പേടകം രൂപപ്പെടുത്താൻ ഏഴ് വർഷമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. അഞ്ചുവർഷത്തെ യാത്രയും ഛിന്നഗ്രഹത്തിൽ എത്തിച്ചേരുന്നതിന് ആവശ്യമായി വരും. 2014ൽ പ്രഖ്യാപിക്കപ്പെട്ട ചൊവ്വാ ദൗത്യം വിജയിച്ചതാണ് ശുക്ര പര്യവേക്ഷണത്തിലേക്ക് പ്രവേശിക്കാൻ യു.എ.ഇക്ക് ധൈര്യം പകർന്നത്.
പ്രവാസികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ബിസിനസ് തുടങ്ങാനുള്ള നിയമഭേദഗതി 2021 ജൂൺ ഒന്ന് മുതലാണ് നടപ്പാക്കിയത്. ചരിത്രപരമായ തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഫ്രീ സോണിന് പുറത്ത് കമ്പനികൾ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഈ നിബന്ധനയാണ് ഭേദഗതിയിലൂടെ മാറ്റി വിദേശികൾക്ക് 100 ശതമാനം നിക്ഷേപത്തോടെ എൽ.എൽ.സികൾ തുടങ്ങാനുള്ള അനുമതി നൽകിയത്. എണ്ണഖനനം, ഊർജോൽപാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണമുണ്ട്. 122 മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് പൂർണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്. ഉദ്പാദന, കാർഷിക മേഖലകൾക്കാണ് പ്രാധാന്യം. നിശ്ചിത തുകക്ക് മുകളിൽ മുതൽമുടക്കുള്ള സ്ഥാപനങ്ങൾക്ക് മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഓഹരിയായി പൊതുജനങ്ങൾക്ക് വിൽക്കാം എന്നും ഭേദഗതിയിൽ പറഞ്ഞിരുന്നു. നേരത്തെ 30 ശതമാനം ഷെയറുകൾ വിൽക്കാൻ മാത്രമായിരുന്നു അനുമതി. വീഴ്ചയുണ്ടായാൽ കമ്പനികളുടെ ചെയർമാനും മുതിർന്ന ഉദ്യേഗസ്ഥർക്കും എതിരെ ഓഹരി ഉടമകൾക്ക് സിവിൽ കേസ് ഫയൽ ചെയ്യാനും നിയമം അനുവദിക്കുന്നുണ്ട്. നിവധി സ്ഥാപനങ്ങൾക്ക് പുതിയ നിയമ ഭേദഗതിയുടെ ഗുണം ലഭിച്ചു. പ്രഖ്യാപനം നടപ്പാക്കിതോടെ യു.എ.ഇയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തിത്തുടങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
അബൂദബിയിൽ മുസ്ലിമേതര വിഭാഗങ്ങൾക്ക് വ്യക്തിനിയമം കൊണ്ടുവന്നത് ഈ വർഷത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട നടപടിയായിരുന്നു. നവംബറിലാണ് ഈ തീരുമാനം എടുത്തത്. അന്താരാഷ്ട്ര നിയമങ്ങള്ക്കനുസൃതമായ രീതിയില് മുസ്ലിമേതര കുടുംബങ്ങളുടെ കേസുകളില് തീര്പ്പുകല്പ്പിക്കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ മേഖലകളിൽ ഈ നിയമം പ്രവാസികൾക്ക് ഏറെ പ്രയോജനകരമാണ്. ഇത്തരത്തിൽ ആദ്യ കോടതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിദേശികള്ക്കു കൂടി കോടതി നടപടികള് മനസിലാവുന്നതിനായി പുതിയ നടപടികളെല്ലാം അറബികിന് പുറമെ ഇംഗ്ലീഷ് ഭാഷയിലും ഉണ്ടാവുമെന്നും അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
കായിക രംഗത്ത് യു.എ.ഇ ലോകശ്രദ്ധയിലെത്തിയ സന്ദർഭമായിരുന്നു ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ് മൽസരം. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ടൂർണമെൻറ് നടന്നത്. ആദ്യമായാണ് ഗൾഫിൽ ക്രിക്കറ്റ് ലോകകപ്പ് വിരുന്നെത്തിയത്. ലോകറാങ്കിങിൽ മുൻനിരയിലുള്ള ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്, സ്കോട്ട്ലൻഡ്, നമീബിയ, ഒമാൻ, പാവുവ ന്യൂ ഗിനിയ എന്നീ ടീമുകൾ അണിനിരന്ന മൽസരത്തിൽ കാണികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നു. ആവേശം വിതറിയ ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ച് ആസ്ട്രേലിയയാണ് കിരീടം ചൂടിയത്.
എണ്ണമറ്റ ലാൻഡ് മാർകുകളാൽ സമ്പന്നമാണ് ദുബൈ. അക്കൂട്ടത്തിലെ 2021ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ശ്രദ്ധേയമായ കേന്ദ്രമാണ് ഐൻദുബൈ. ലോകത്തിലെ ഏറ്റവും വലിയ ഫെറി വീലാണിത്. യു.എസിലെ ലാസ് വെഗാസിലെ 167.6 മീറ്ററുള്ള ഫെറി വീലിെൻറ റെക്കോഡാണ് 250 മീറ്റർ ഉയരമുള്ള ഐൻ ദുബൈ തകർത്തത്. ബ്ല്യൂവാട്ടർ ഐലൻഡിൽ സ്ഥിതി പചയ്യുന്ന വീൽ ഒരു തവണ കറങ്ങിത്തീരാൻ 38 മിനിറ്റെടുക്കും. ഇൗ സമയത്തിനിടെ ദുബൈ നഗരം പൂർണമായും കാണാൻ കഴിയും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ഐൻ ദുബായിലെ പ്രധാന ഘടകങ്ങൾ കൂട്ടിച്ചേർത്തത്. ഇതിെൻറ നിർമ്മാണത്തിന് 11,200 ടൺ സ്റ്റീൽ ഉപയോഗിച്ചിട്ടുണ്ട്. ഈഫൽ ടവർ നിർമ്മിക്കുന്നതിനേക്കാൾ 33 ശതമാനം കൂടുതൽ. പത്തോളം രാജ്യങ്ങളിലെ എൻജിനീയർമാരുടെ കരവിരുതിലാണ് ഐൻ ദുബൈ പൂർത്തിയായത്. ഐൻ ദുബൈയുടെ കാബിെൻറ മുകളിലിരിക്കുന്ന ദുബൈ കിരീടവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിെൻറ വീഡിയോ വൈറലായിരുന്നു.
ഗൾഫ് മേഖലയിൽ ആദ്യമായി ഒരു രാജ്യം അന്താരാഷ്ട്ര അവധി ദിനങ്ങൾക്കനുസരിച്ച് പ്രവൃത്തി ദിവസങ്ങൾ ക്രമപ്പെടുത്താൻ തീരുമാനിച്ചത് യു.എ.ഇയാണ്. പുതിയ മാറ്റമനുസരിച്ച് ശനി, ഞായർ ദിവസങ്ങൾ പൂർണമായും വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും അടക്കം രണ്ടര ദിവസം വാരാന്ത്യ അവധി ജീവനക്കാർക്ക് ലഭിക്കും. സ്വകാര്യ മേഖലയിലും മാറ്റങ്ങൾ വരുത്താൻ പല കമ്പനികളും തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളും പുതിയ പ്രവൃത്തിദിനങ്ങളിലേക്ക് മാറും. ഷാർജയിൽ വെളിിയാഴ്ച പൂർണമായും അവധി അടക്കം ഒഴിവുദിവസങ്ങൾ മൂന്നായി നിശ്ചയിച്ചിട്ടുമുണ്ട്. സുപ്രധാനമായ തീരുമാനത്തോടെ യു.എ.ഇയിലെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നതാണ്. സാമ്പത്തിക മേഖലക്ക് സൗകര്യപ്രദമായ തീരുമാനമെന്ന നിലയിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന നേട്ടം ദുബൈ സ്വന്തമാക്കിയത് 2021ലാണ്. ഇതോടെ സർക്കാർ ഓഫിസുകളിലെ എല്ലാ ഇടപാടുകളും കടലാസ് രഹിതമാക്കി. 2021 ഡിസംബർ 12 ന് ശേഷം ദുബൈയിലെ സർക്കാർ ഓഫിസുകളിൽ പേപ്പർ ഉപയോഗിക്കില്ലെന്ന രണ്ട് വർഷം മുൻപ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നൽകിയ ഉറപ്പാണ് നടപ്പാക്കിയത്. ഓഫിസുകളിലെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ വഴി മാത്രമാക്കിയത് ദുബൈയെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിെൻറ ഭാഗം കൂടിയാണ്. അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കിയത്. 2018ൽ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ 2019ൽ പദ്ധതി പൂർത്തിയാക്കുന്ന തീയതി പ്രഖ്യാപിച്ചിരുന്നു. അന്ന് മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ ഉപയോഗം ക്രമേണ കുറച്ചുവരികയായിരുന്നു. ഇതുവഴി 336 ദശലക്ഷം പേപ്പർ ഷീറ്റുകളും 130 കോടി ദിർഹമും 140 ലക്ഷം മണിക്കൂർ ജോലിയും ലാഭിക്കാൻ കഴിഞ്ഞു. പദ്ധതി പൂർത്തിയായപ്പോൾ ദുബൈയിലെ 45 സർക്കാർ വകുപ്പുകളും പേപ്പർരഹിതമായിക്കഴിഞ്ഞു. ഇതോടെ ഈ വകുപ്പുകൾ 1800 ഡിജിറ്റൽ സർവീസുകൾ ആരംഭിച്ചു.
'സുവർണ വിസ'യുടെ വർഷം
യു.എ.ഇ സർക്കാർ പത്തുവർഷ ഗോൾഡൻ വിസ കൂടുതൽ വിഭാഗങ്ങൾക്ക് നൽകാൻ തീരുമാനിച്ച വർഷമാണ് 2021. നേരത്തെ നിശ്ചിത നിക്ഷേപമുള്ളവർക്ക് മാത്രം ലഭിച്ചിരുന്ന വിസ, നിലവിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർ, ജന്നത വിജയം നേടിയ വിദ്യാർഥികൾ, ഡോക്ടർമാർ, കോഡർമാർ എന്നിങ്ങനെയുള്ളവർക്ക് നൽകുന്നു. സാമ്പത്തികമായ നേട്ടത്തിലുപരി പത്തുവർഷ വിസ നൽകുന്ന സ്റ്റാറ്റസ് ആണ് പലരെയും ആകർഷിക്കുന്നത്. ഇന്ത്യക്കാരായ അമ്പതിനായിരത്തോളം പേർക്ക് ഇതിനകം ഈ വിസ ലഭിച്ചതായാണ് അനൗദ്യോഗികമായ കണക്ക്. സിനിമ, ക്രിക്കറ്റ്-ഫുട്ബാൾ താരങ്ങളടക്കം നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്. യാത്രവിലക്ക് നിലനിൽകുന്ന രാജ്യങ്ങളിൽ നിന്നുപോലും ഗോൾഡൻ വിസക്കാർക്ക് യാത്ര ചെയ്യാൻ അനുവാദം നൽകപ്പെട്ടിരുന്നു. കുടുംബത്തിൽ ഒരാൾക്ക് ഈ വിസ ലഭിക്കുന്നതോടെ മറ്റുള്ളവർക്കും ഇതിെൻറ ആനുകൂല്യം ലഭിക്കും.
Major milestones in 2021
2021, യു.എ.ഇ പിറവിയുടെ സുവർണ ജൂബിലി പിന്നിട്ട ചരിത്രമുഹൂർത്തത്തിന് സാക്ഷിയായ വർഷമാണ്. ലോകം കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോയ വർഷത്തിൽ സ്തംഭിച്ചുനിൽക്കാതെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പല തീരുമാനങ്ങളും സ്വീകരിക്കുകയും ഈവൻറുകൾക്ക് ആഥിത്യമരുളുകയും ചെയ്തിട്ടുണ്ട് യു.എ.ഇ. ജീവിക്കാനും തൊഴിൽ ചെയ്യാനുംഏറ്റവും മികച്ച രാജ്യം സൃഷ്ടിക്കുകയെന്ന ഭരണകർത്താക്കളുടെ ലക്ഷ്യത്തിനനുസരിച്ച് മുന്നോട്ടുകുതിക്കാൻ സഹായിക്കുന്നതാണ് ഇവയെല്ലാം.
സുരക്ഷിതത്വത്തിലും വികസനത്തിലും അസൂയപ്പെടുത്തുന്ന മുന്നേറ്റത്തിലേക്ക് വളരാൻ ഇമാറാത്തിന് സാധ്യമായിട്ടുണ്ടെന്ന് അന്താരാഷ്ട്ര തലത്തിൽ നടന്ന പല പഠനങ്ങളും അടിവരയിട്ടുണ്ട്. ആഭ്യന്തരമായും രാജ്യാന്തര തലത്തിലും യു.എ.ഇയെ ഔന്നിത്യത്തിലേക്ക് നയിച്ച ഒരു വർഷമാണ് വിടപറയുന്നത്. കഴിഞ്ഞതിനേക്കാൾ മികച്ച നാളുകളാണ് വരാനിരിക്കുന്നതെന്ന ഭരണകർത്താക്കളുടെ വാഗ്ദാനം ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷ പകരുന്നതാണ്. 2021 സാക്ഷ്യംവഹിച്ച എക്കാലവും ഓർമിക്കപ്പെടുന്ന യു.എ.ഇയുടെ ഈ വർഷത്തെ നിർണായക മൊമൻറുകൾ ഓർത്തെടുക്കുകയാണിവിടെ:
മഹാമാരിയിൽ നിന്ന് അതിജീവനം ആരംഭിച്ച ലോകത്തിന് പുതുപ്രതീക്ഷ പകർന്ന ആഗോള മേളയാണ് എക്സ്പോ 2020ദുബൈ. പശ്ചിമേഷ്യ-വടക്കനാഫ്രിക്ക മേഖലയിൽ ആദ്യമായാണ് വിശ്വമേള വിരുന്നെത്തിയത്. ഒക്ടോബർ ഒന്നുമുതൽ തുടങ്ങി അടുത്ത വർഷം മാർച്ച് 31വരെ നീളുന്ന മേള മൂന്നുമാസത്തിനകം സന്ദർശിച്ചത് ഒരു കോടിയോളം പേരാണ്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപെടും. 192 രാജ്യങ്ങളുടെ പവലിയനും മറ്റു പ്രദർശനങ്ങളും കണ്ടവരെല്ലാം അതിശയത്തോടെയാണ് മടങ്ങിയത്. വിവിധ ലോകരാജ്യങ്ങളുടെ ഭരണാധികാരികളും ഉദ്യോഗസ്ഥ പ്രമുഖരുമടങ്ങുന്ന സംഘം സന്ദർശകരിൽ ഉൾപ്പെടും. ലോകോത്തര പ്രതിഭകളുടെ സംഗീത വിരുന്നുകൾ, കലാവിഷ്കാരങ്ങൾ, വർക്ഷോപ്പുകൾ, എക്സിബിഷനുകൾ, ഉച്ചകോടികൾ, വൈജ്ഞാനിക കോൺഫറൻസുകൾ തുടങ്ങി വൈവിധ്യമാർന്ന ചടങ്ങുകളാണ് എക്സ്പോയിൽ അരങ്ങേറുന്നത്. മുൻവിധികളും ആരോഗ്യ സുരക്ഷാ ആശങ്കകളും അസ്ഥാനത്താക്കുന്ന സംവിധാനങ്ങളാണ് പരിപാടിക്കായി ദുബൈ ഒരുക്കിയത്. എക്സ്പോ യു.എ.ഇയുടെ സമ്പദ് വ്യവസ്ഥയിലും ശക്തമായ ഉണർവ് പ്രകടമാക്കി. വരാനിരിക്കുന്ന മൂന്നു മാസങ്ങൾ കൂടി എക്സ്പോ പിന്നിടുേമ്പാൾ വിശ്വമേളകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഈവൻറായി ഇത് മാറുമെന്നാണ് പ്രതീക്ഷ.
കോവിഡ് പ്രതിരോധത്തിൽ ലോകത്തെ മറ്റേത് രാജ്യത്തേക്കാളും വേഗത്തിൽ മുന്നേറാൻ ഈ വർഷം യു.എ.ഇക്ക് സാധ്യമായി. വാക്സിൻ കണ്ടെത്തിയ ആദ്യ സന്ദർഭത്തിൽ തന്നെ അംഗീകാരം നൽകി സൗജന്യമായി മുഴുവൻ രാജ്യവാസികൾക്കും ലഭ്യമാക്കാൻ അധികൃതർ തീരുമാനമെടുത്തിരുന്നു. ഇക്കാരണത്താൽ കോവിഡിെൻറ രണ്ടാം തരംഗത്തെ ദുരന്ത സാഹചര്യമില്ലാതെ മറികടക്കാൻ ഇമാറാത്തിന് സാധിച്ചു. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളും ആഭ്യന്തര സംവിധാനങ്ങളുടെ പഠനഗവേഷണങ്ങളും അടിസ്ഥാനമാക്കി ലോകത്ത് ലഭ്യമായ എല്ലാതരം ചികിൽസയും കോവിഡ് ബാധിതർക്ക് ലഭ്യമാക്കാനും രാജ്യത്തിന് കഴിഞ്ഞു.
ചൈനയുമായി സഹകരിച്ച് അബൂദബിയിൽ വാക്സിൻ നിർമാണവും സംഭരണവും വിതരണവും ആരംഭിച്ചു. ലോകത്തെ വിവിധ അവികസിതവും സംഘർഷഭരിതവുമായ രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് ഡോസ് വാക്സിൻ സൗജന്യമായി നൽകാനും ഇമാറാത്ത് മുന്നിട്ടിറങ്ങി. ഇന്ത്യയിൽ കോവിഡ് വലിയ പ്രതിസന്ധി തീർത്തപ്പോൾ മരുന്നുകളും ഉപകരണങ്ങളും എത്തിച്ചത് ഇതിെൻറ ഭാഗമായിരുന്നു. നവംബറോടെ രാജ്യത്തെ മുഴുവൻ വാക്സിൻ അർഹതയുള്ളവർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. 92ശതമാനം ജനങ്ങൾ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ബൂസ്റ്റർ ഡോസ് വിതരണവും ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.