പച്ചപ്പട്ടിൽ സ്വർണക്കസവിെൻറ പൂങ്കുലകൾ മെനയുന്ന കർണികാരങ്ങൾ. ഗ്രീഷ്മർത്തുവിൽ വിരിയുന്ന വാസന്തികങ്ങൾ, മേടക്കാറ്റിൽ സൗഗന്ധികങ്ങളാകുന്നു. പാടത്തും പറമ്പിലും പാകമായ് തല കുമ്പിട്ടുനിൽക്കുന്ന കാർഷികവിളകൾ തൊഴുതു വണങ്ങുന്നു. ആഘോഷിക്കുകയും ആനന്ദിക്കുകയും ആർപ്പിടുകയും ചെയ്യുന്ന ആകാശവും ഭൂമിയും സമുദ്രവും സുഗതരായിരിക്കുന്നു. മധുരസ്മരണകൾ ഉതിർത്ത്, ഐശ്വര്യത്തിെൻറ പുകൾ പ്രകീർത്തിച്ച് വിഷുപ്പക്ഷി ചിറകടിക്കുന്നു.
പൊലിക പൊലിക ദൈവമേ
നാടു പൊലിക നഗരം പൊലിക
ഇന്ന് മേടം ഒന്ന് വിഷു. ഇരവിനും പകലിനും ഒരേസമയം. വിഷുവം എന്ന വാക്കിന് തുല്യാവസ്ഥയോടു കൂടിയത് എന്നർഥം. സംസ്കൃതത്തിൽ വിഷു എന്നാൽ വിശ്വം എന്നർഥം. ആര്യദ്രാവിഡ ഗോത്ര സംസ്കാരങ്ങളുടെ മഹാമഹമായും കേരളത്തിൽ കാർഷിക വിളവെടുപ്പ് ഉത്സവമായും പുതുവർഷപ്പുലരിയായും കൊണ്ടാടപ്പെടുന്നു.
അസമിൽ വൈശാഖമാസത്തിലെ വൈഹാഗും ബിഹാറിൽ ബീഹവും പഞ്ചാബിലെ വൈശാഖിയും തമിഴ്നാട്ടിലെ പൂത്താണ്ടും കർണാടകയിലെ ഉഗാദിയും ആന്ധ്രപ്രദേശിലെ യുഗ ആദിയും പത്താമുദയവും ഇന്ത്യയിലെ ഐശ്വര്യത്തിെൻറ ആഘോഷങ്ങളാണ്. ഹൈന്ദവ പുരാണങ്ങളിൽ നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസം, മഹാവിഷ്ണുവിൽനിന്ന് ശ്രീകൃഷ്ണനായി അവതാരം എടുത്ത ദിവസം എന്നുതുടങ്ങി മേടവിഷുവിനെക്കുറിച്ച് വളരെയധികം കഥകളുണ്ട്.
വിഷു പ്രഭാതത്തിലെ അതിപ്രധാനമായ ആദ്യത്തെ ചടങ്ങാണ് വിഷുക്കണി. അമ്മമാർ സൂര്യൻ ഉദിക്കുന്നതിനു മുമ്പുതന്നെ ഉണർന്ന് മക്കളുടെയും പേരക്കുട്ടികളുടെയും ഒക്കെ കണ്ണ് പൊത്തിക്കൊണ്ടുവന്ന് കണി കാണിക്കുന്നു.
ദൈവം ദാനമായി നൽകിയിരിക്കുന്ന സമ്പൽസമൃദ്ധികളും ഐശ്വര്യങ്ങളുമെല്ലാം സർവശക്തനായ ഈശ്വരന് കാഴ്ചവെച്ച് നന്ദി പറയുകയും ദിനംപ്രതി കാത്തു പരിപാലിക്കണമെന്നും അനുഗ്രഹിക്കണമെന്നും അർഥിക്കുകയും ആണ് ഓരോ വിശ്വാസിയും ചെയ്യുക.
വളർത്തുമൃഗങ്ങളെയും ഫലവൃക്ഷങ്ങളെയും കണി കാണിക്കുന്ന ചടങ്ങുകൂടിയുണ്ട്. ചാലിടീൽ കർമം, കൈക്കോട്ട് ചാൽ, വിഷുക്കരിക്കൽ, വിഷു വേല, വിഷു എടുക്കൽ, പത്താമുദയം എന്നിവയും ഇതോടനുബന്ധിച്ചുള്ള ചടങ്ങുകളാണ്. ഗൃഹനാഥൻ കുടുംബാംഗങ്ങൾക്കും ബന്ധുജനങ്ങൾക്കും ജോലിക്കാർക്കും ഒക്കെ വിഷുക്കൈനീട്ടം നൽകി അനുഗ്രഹിക്കാറുണ്ട്. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടാകും. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർങ്ങക്കാവിലേതാണ്. തൃശൂർക്കാരുടെ 'വിഷുക്കട്ട'കേൾവികേട്ട ഒരു വിഭവം ആണ്.
ആത്മീയവിശ്വാസങ്ങൾ മനുഷ്യെൻറ ജീവിതമുന്നേറ്റത്തിന് ഉൗർജം നൽകുന്നുണ്ട്. പ്രകൃതിയുമായി താളപ്പൊരുത്തം തീർക്കുന്നതുമാണ് അവയിൽ പലതും. എന്നാൽ, ഇന്ന് സാങ്കേതികത്വം വർധിച്ചതോടെ മനുഷ്യനും പ്രപഞ്ചത്തിനുമിടയിൽ വലിയ അന്തരം സംഭവിച്ചിരിക്കുന്നു. ഇതിനനുസരിച്ച് പ്രപഞ്ചത്തിനും താളം തെറ്റുന്നു. തൽഫലമായി പ്രകൃതിദുരന്തങ്ങളും അനർഥങ്ങളും ആവർത്തിക്കുന്നു. നല്ലതിനെയെല്ലാം തകർക്കാനുള്ള ത്വര സമൂഹത്തിൽ വർധിച്ചുവരുന്നു. അജ്ഞതയും അഹങ്കാരവും കൃത്രിമ സന്തോഷങ്ങൾ തേടിയുള്ള അലസ പ്രയാണവും രംഗം കൈയടിക്കിയ ലോകത്ത് വിഷുവും പ്രകൃതിയോടിണങ്ങിയ ആചാരങ്ങളും മുനിഞ്ഞുകത്തുന്ന ചെരാതുകളായി നമ്മെ വഴി നടത്തട്ടെ. വിശ്വത്തിെൻറ ഐശ്വര്യങ്ങൾ കണികണ്ടുണർന്ന് നമുക്ക് ദൈവത്തോട് നന്ദി പറയാം. സ്നേഹത്തിെൻറയും സമാധാനത്തിെൻറയും സമൃദ്ധിയുടെയും വിഷുദിനാശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.