രാജ്യത്ത് സുവര്‍ണ ജൂബിലി ആഘോഷം തുടരവെ മായാതെ ഗതകാല പതാകകള്‍. യു.എ.ഇ രൂപവത്കരണത്തിന് മുമ്പ് അബൂദബി, ദുബൈ (ബനിയാസ്), ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഉപയോഗിച്ചിരുന്ന പതാക രാജ്യത്തിന് ഇന്നും അഭിമാനമാണ്. റാസല്‍ഖൈമ ഇബ്നു മാജിദ് മ്യൂസിയത്തില്‍ ഈ പതാകകള്‍ ഇന്നും പ്രദര്‍ശനത്തിനുണ്ട്. 1971ല്‍ നിലവില്‍ വന്ന യു.എ.ഇ ചതുര്‍വര്‍ണ ശോഭ സ്വീകരിക്കും വരെയുള്ള വിവരങ്ങളും ഇവിടെയുണ്ട്.
മുകളില്‍ ഇടത് മൂലയില്‍ വെളുത്ത ദീര്‍ഘചതുരമുള്ള പതാകയായിരുന്നു അബൂദബിയുടേത്. അജ്മാനിലെയും ദുബൈയിലെയും പതാകകള്‍ മുഴുവൻ ചുവപ്പ് നിറത്തിലായിരുന്നു. ഉയര്‍ത്തുന്ന ഭാഗത്ത് മാത്രം വെളുത്ത നിറം. വൈറ്റ് റെഡ് ഹാല്വ്ഡ് എന്ന് ഈ പതാക അറിയപ്പെട്ടിരുന്നു. ഫുജൈറയുടെ പതാക 1951 വരെ സാധാരണ ചുവപ്പായിരുന്നു. 1952 മുതല്‍ 1961 വരെ ഫുജൈറ വെളുത്ത നിറത്തില്‍ കാലിഗ്രാഫിയിലുള്ള ചുവന്ന പതാക ഉപയോഗിച്ചു. 1961 മുതല്‍ 1975 വരെ 1952ന് മുമ്പുള്ള ചുവന്ന പതാക തന്നെ ഉപയോഗിച്ചു. 1975 മുതല്ക്കാണ് യു.എ.ഇയുടെ ദേശീയ പതാകയെ ഫുജൈറ സ്വീകരിച്ചത്.
ഉയര്‍ത്തുന്നിടത്ത് വെളുത്ത ബാറോട് കൂടി ചുവന്ന പശ്ചാത്തലത്തിലുള്ളതായിരുന്നു ഉമ്മുല്ഖുവൈനിെൻറ പതാക. ദുബൈ, അജ്മാന് പതാകയോട് സമാനമായ പതാകയില്‍ വെളുത്ത നക്ഷത്രവും മധ്യഭാഗത്ത് ചന്ദ്രക്കലയും അടങ്ങിയിരുന്നത് സമീപ എമിറേറ്റുകളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തി. വെളുത്ത പശ്ചാത്തലത്തില്‍ ചുവന്ന ദീര്‍ഘചതുരം പതിച്ച സമാന പതാകകളായിരുന്നു റാസല്‍ഖൈമയും ഷാര്‍ജയും ഉപയോഗിച്ചിരുന്നത്. ട്ര്യൂഷല് സ്റ്റേറ്റുകളുമായുള്ള 1820ലെ മാരിടൈം ഉടമ്പടി പ്രകാരം എല്ലാ സ്റ്റേറ്റുകളും ഈ പതാക സ്വീകരിക്കണമെന്ന് ബ്രിട്ടീഷുകാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ മറ്റു സ്റ്റേറ്റുകള്‍ സന്നദ്ധമായില്ല.
റാസല്‍ഖൈമയും ഷാര്‍ജയും ഖ്വാസിമി കുടുംബങ്ങളുടെ കീഴിലായതാണ് പതാകയും ഒരേ വര്‍ണം സ്വീകരിക്കാന്‍ കാരണം. മിഡില്‍ ഈസ്റ്റ് ബ്രിട്ടീഷ് കൊളോണിയല്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ പെര്‍സി കോക്സ് അന്നത്തെ ഭരണാധികാരികളെ കൊണ്ട് ഈ പതാക സ്വീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ബ്രിട്ടീഷ് ഉടമ്പടിയെ ധിക്കരിച്ച് ബനിയാസ് (അബൂദബി, ദുബൈ), ഫുജൈറ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ സ്റ്റേറ്റുകള്‍ തങ്ങളുടെ തന്നെ പതാകകള്‍ സ്വീകരിച്ച് മുന്നോട്ടുപോയി. കോസ്റ്റ് ഫ്ലാഗ് നമ്പര്‍ ഒന്ന്, രണ്ട് എന്ന രീതിയിലായിരുന്നു ബ്രിട്ടീഷുകാര്‍ ട്ര്യൂഷല് സ്റ്റേറ്റുകളുടെ പതാകകളെ നാമകരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.