മുന്നിൽനിന്ന് നയിച്ചാണ് യു.എ.ഇ ഭരണാധികാരികളുടെ ശീലം. പ്രധാന സൈക്ലിങ് റാലികൾ നടന്നാൽ മുമ്പിൽ തന്നെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉണ്ടാകും. 40 കിലോമീറ്ററിലേറെ വേഗതയിൽ സൈക്കിളിൽ പായുന്ന ഹംദാന്റെ ഒപ്പം പിടിക്കാൻ സഹ സൈക്ലിസ്റ്റുകൾ പലരും നോക്കിയിട്ടും നടന്നിട്ടില്ല. ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കുക എന്നതാണ് ഹംദാന്റെ സ്വപ്നം. ഇതിനായി നഗരത്തിലുടനീളം സൈക്ക്ൾ ട്രാക്കുകൾ പണിതിട്ടിട്ടുണ്ട്. നിലവിൽ 463 കിലോമീറ്ററിൽ നീണ്ടുനിവർന്ന് കിടക്കുന്നു ദുബൈയിലെ സൈക്ക്ൾ ട്രാക്ക്. 2026ഓടെ ഇത് 759 കിലോമീറ്ററായി ഉയരും. ദുബൈ മുനിസിപ്പാലിറ്റിയുടെയും ആർ.ടി.എയുടെയും കീഴിൽ 20 സൈക്ലിങ് ട്രാക്കുകൾ ഈ നഗരത്തിലുണ്ട്. നൂറോളം സൈക്ക്ൾ റെൻറൽ ഷോപ്പുകളിലായി 800ഓളം സൈക്കിളുകൾ വാടകക്ക് ലഭിക്കും. 2040ഓടെ അർബൻ മാസ്റ്റർ പ്ലാൻ പൂർത്തിയാകുമ്പോൾ ദുബൈ ഒന്നാന്തരമൊരു സൈക്കിൾ നഗരമായി മാറും. നിലവിൽ ദുബൈയിലെ പ്രധാന സൈക്ക്ൾ പാതകൾ ഏതൊക്കെയാണെന്ന് നോക്കാം...
ദുബൈയിലെ ഏറ്റവും നീളമുള്ള സൈക്ലിങ് ട്രാക്കാണ് അൽ ഖുദ്രയിലേത്. മരുഭൂമിക്ക് ചുറ്റും നീണ്ടുനിവർന്ന് കിടക്കുന്ന ഈ ട്രാക്കിന് 135 കിലോമീറ്റർ നീളം വരും. അൽ ബറാരി മുതൽ ബാബ് അൽ ഷംസ് വരെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ പാതയിലൂടെ സൈക്ലിങ് പ്രൊഫഷനലുകൾക്കും അമേച്വർ സൈക്ലിസ്റ്റുകൾക്കുമെല്ലാം യാത്ര ചെയ്യാം. ഇതിന് സമീപത്ത് സൈക്ക്ൾ വാടകക്കും ലഭിക്കും. സൈക്ക്ൾ റൈഡിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണപ്രദമാണ് ഈ പാത. കുറഞ്ഞ ദൂരവും കൂടിയ ദൂരവും താണ്ടാനുള്ള അവസരം ഇവിടെയുണ്ട്. 18 കിലോമീറ്ററിന്റെ ഒരു പാതയും 50 കിലോമീറ്ററിന്റെ മറ്റൊരു പാതയുമുണ്ട്.
ഹത്ത പ്രധാനമായും പരിചയ സമ്പന്നരായ സൈക്ലിസ്റ്റുകൾക്കായുള്ളതാണ്. മൗണ്ടെയ്ൻ ബൈക്കുകളുമായി പോകുന്നവർക്ക് ഹത്ത മികച്ച അനുഭവമായിരിക്കും. നാല് വ്യത്യസ്ത ലെവലുകളിലായി 53 കിലോമീറ്റർ ട്രയലുണ്ട് ഇവിടെ. ഇവിടെയും വാടകക്ക് ബൈക്കുകൾ ലഭിക്കും. വാഹനങ്ങളിൽ സൈക്ളുമായെത്തിയ ശേഷം ഹത്തയുടെ മലനിരകളിലേക്ക് ചവിട്ടിക്കയറുന്നവർ കുറവല്ല. തണുപ്പായതിനാൽ ഇപ്പോൾ ഹത്തയിൽ സൈക്ലിങിന് പറ്റിയ സമയമാണ്.
മുൻപ് ഇത് കാമൽ ട്രാക്കായിരുന്നു. പിന്നീട് സൈക്കിൾ ട്രാക്കായി പുതുക്കുകയായിരുന്നു. 13 കിലോമീറ്റർ നീളമുണ്ട്. ദുബൈ ഡൗൺ ടൗണും ബുർജ് ഖലീഫയുമെല്ലാം കണ്ട് സൈക്ക്ർ യാത്ര നടത്താം. മെയ്ദാൻ റേസ് കോഴ്സിന് സമീപത്താണിത്. നാല്, ആറ്, എട്ട് കിലോമീറ്റർ പാതകളുണ്ട്. കുട്ടികൾക്കായി പ്രത്യേക ട്രാക്കുമുണ്ട്.
പ്രധാനമായും മോട്ടോർ സ്പോർട്സിന് വേണ്ടി ഒരുക്കിയിരിക്കുന്ന ട്രാക്കാണ് ദുബൈ ഓട്ടോഡ്രോം. എങ്കിലും 2.4 കിലോമീറ്റർ സ്വകാര്യ ട്രാക്കും ഇവിടെയുണ്ട്. സൈക്ക്ൾ റൈഡിന്റെ ബാലപാഠങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെയെത്താം. പ്രായമായവർക്കും സുരക്ഷിതമായി ഈ ട്രാക്ക് ഉപയോഗിക്കാം.
അടുത്തിടെയാണ് ജുമൈറ ബീച്ചിലെ സൈക്കിൾ ട്രാക്ക് വികസനം പൂർത്തിയായത്. 19 കിലോമീറ്ററാണ് നീളം. ജുമൈറ റോഡിന്റെ സമാന്തരമായാണ് ഈ ട്രാക്ക്. ദുബൈ വാട്ടർ കനാലുമായും ഇന്റർനെറ്റ് സിറ്റിയുമായും ബന്ധിപ്പിച്ചിരിക്കുന്നു. ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം. ജുമൈറ വഴിയുള്ള സൈക്ക്ൾ യാത്ര വ്യത്യസ്ത അനുഭവമായിരിക്കും സമ്മാനിക്കുക.
മഹാമേളയുടെ ചുറ്റും പത്ത് കിലോമീറ്റർ ട്രാക്കാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെയുള്ള 23 സ്റ്റേഷനുകളിലായി 230 സൈക്കിളുകൾ വാടകക്ക് ലഭിക്കും. വിവിധ ഭാഗങ്ങളിലായി 160 ബൈക്ക് സ്റ്റോപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.
കരീം ബൈക്ക് ആപ്പ് വഴി ബുക്ക് ചെയ്ത ശേഷം ഈ സൈക്കിളുകൾ ഉപയോഗിക്കാം. എക്സ്പോയുടെ ഉള്ളിലെ പവലിയനുകൾ ചുറ്റിക്കാണാനും ഇതുവഴി കഴിയും. ഒരിടത്തുനിന്നെടുക്കുന്ന സൈക്ക്ൾ ആവശ്യം കഴിഞ്ഞാൽ മറ്റേതെങ്കിലും സ്റ്റോപ്പിൽ വെച്ച ശേഷം പുറത്തിറങ്ങാം.
മുഷ്രിഫ് നാഷനൽ പാർക്കിലെ 50 കിലോമീറ്റർ മണൽ ട്രാക്കിന്റെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.
നിലവിൽ 20 കിലോമീറ്ററാണ് ഉപയോഗിക്കാൻ കഴിയുക. 70000 മരങ്ങളുള്ള ഇവിടെ വനത്തിന് നടുവിലൂടെ സൈക്കിൾ ചവിട്ടാം. ഇതിനടുത്ത് വാടകക്കും സൈക്ക്ൾ ലഭിക്കും. വനത്തിന് നടുവിലൂടെ ഓഫ് റോഡ് സൈക്ലിങിൽ താൽപര്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഇടമാണ് മുഷ്രിഫ് നാഷനൽ പാർക്ക്.
അൽ ബർഷ പോണ്ട് പാർക്ക്, ഖുർആനിക് പാർക്ക്, വർഖ ട്രാക്ക്, അൽ ഖൂസ് 4 ട്രാക്ക്, അൽ സഫൂ 2 ട്രാക്ക്, ദുബൈ മറീന എന്നിവയും സൈക്ലിസ്റ്റുകൾക്ക് ചുറ്റിക്കറങ്ങാൻ സൗകര്യമുള്ള ട്രാക്കുകളാണ്. അനുമതി ലഭിച്ച ട്രാക്കുകളിലൂടെ മാത്രമെ സൈക്കിൾ ചവിട്ടാവൂ.
വാഹനങ്ങൾ പോകുന്ന റോഡുകളിലും കാൽനടക്കാരുടെ ട്രാക്കുകളിലും സൈക്ക്ളുമായി ഇറങ്ങരുത്. പരമാവധി വേഗത 20 കിലോമീറ്റർ. ചില ട്രാക്കുകളിൽ 30 കിലോമീറ്റർ അനുവദിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലും പെഡസ്ട്രിയൻ ബ്രിഡ്ജുകളിലും സൈക്ക്ൾ ഓടിക്കരുത്.
അതേസമയം, മടക്കാവുന്ന സൈക്കിളുകൾ മടക്കിയ ശേഷം ഇതുവഴി കൊണ്ടുപോകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.