നൂതന സാങ്കേതികതകള്‍ അവതരിപ്പിച്ച് ജൈത്രയാത്ര തുടരുന്ന റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് (റാക്ട) ഇനി ജലയാനങ്ങളും. റാസല്‍ഖൈമയില്‍ ജലപാത ഒരുക്കി പരമ്പരാഗത ബോട്ടുകളില്‍ യാത്ര ഒരുക്കാനാണ് റാക്ടയുടെ പദ്ധതി. നിലവില്‍ വിനോദത്തിന് സ്വകാര്യ കമ്പനികളുടെ ജലയാനങ്ങള്‍ റാസല്‍ഖൈമയില്‍ ലഭ്യമാണ്. കണ്ടല്ക്കാടുകളുള്പ്പെടെ പ്രകൃതി ആസ്വാദനം സാധ്യമാകുന്ന രീതിയില്‍ ഒരുക്കുന്ന ജലയാനങ്ങള്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം
വിനോദ മേഖലക്കും മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോര്‍ണീഷ് 1, കോര്‍ണീഷ് 2, ഹില്ട്ടന് ഗാര്ഡന് ഇന്‍, മനാര്‍ മാള്‍ എന്നീ സ്റ്റേഷനുകള്‍ക്കിടയിലായിരിക്കും റാക്ട ജലയാനങ്ങളുടെ ആദ്യ സര്‍വീസ്. ടാക്സികള്‍ക്ക് പുറമെ ഇന്റര്‍സിറ്റി ബസ്, ലക്ഷ്വറി സര്‍വീസ്, ഇ സ്കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയവയാണ് റാക്ടയുടേതായി റാസല്ഖൈമയിലുള്ളത്. 2007ലാണ് റാക്ട രൂപവത്കരിച്ചത്. യാത്രക്കാരുടെ സുരക്ഷയോടൊപ്പം പാരിസ്ഥിതിക സുരക്ഷയും ഉറപ്പാക്കിയാണ് റാക്ടയുടെ പ്രവര്‍ത്തനം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടാക്സികള്‍ക്ക് പുറമെ ഒന്നര മണിക്കൂര്‍ ഇടവിട്ട് രാവിലെ 5.30 മുതൽ രാത്രി എട്ട് വരെ ദുബൈ യൂനിയന്‍ ബസ് സ്റ്റേഷനിലേക്കും രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്കും ബസ് സര്‍വീസുകളുമുണ്ട്. രണ്ട് മണിക്കൂര്‍ ഇടവേളകളില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലേക്കും ബസ് സര്‍വീസ് നടത്തുന്നുണ്ട്. സാധാരണ ആവശ്യങ്ങള്‍ക്ക് പുറമെ ആഢംബര വാഹന സേവനങ്ങളും മിനി മൊബിലിറ്റി സര്‍വീസുകളായ ഇ സ്കൂട്ടര്‍, സൈക്കിള്‍ സേവനങ്ങളും റാക്ട നല്കുന്നു. റാക്ട ടോള്‍ ഫ്രീ നമ്പര്‍: 8001700. കരീം ആപ്പ് വഴിയും സേവനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.