യു.എ.ഇയുടെ സഹിഷ്ണുതയുടെ പ്രതീകമാണ് ഗുരു നാനാക് ദർബാർ. 2012 ജനുവരി 17ന് തുറന്ന ഈ ക്ഷേത്രം പത്ത് വയസ് പിന്നിട്ടിരിക്കുന്നു. യു.എ.ഇയിലെ സിഖുകാർക്ക് ആരാധിക്കാനും ആഘോഷം നടത്താനുമായി തുറന്ന ഈ ക്ഷേത്രം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ ഒഴുകിയെത്തുന്ന കേന്ദ്രം കൂടിയാണ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സൗജന്യമായി നൽകിയ ഭൂമിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
യു.എ.ഇയിലെ സിഖുകാർക്ക് മതപരമായ ആഘോഷങ്ങളോ ആരാധനാലയങ്ങളോ വിവാഹ ആഘോഷമോ സംഘടിപ്പിക്കുന്നത് പൊതു സ്ഥലം ഉണ്ടായിരുന്നില്ല. ബർദുബൈ ക്ഷേത്രവും വീടുകളുമായിരുന്നു ഇവരുടെ ആശ്രയ കേന്ദ്രം.
ഗുരു ഗ്രന്ഥ് സാഹിബിന്‍റ ആരാധനക്കായി സ്വന്തമായി ക്ഷേത്രം വേണമെന്ന ആഗ്രഹമാണ് ഇവരെ ഗുരുദ്വാരയുണ്ടാക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ, ഒരു ഇസ്ലാമിക രാജ്യത്ത് ഗുരുദ്വാരക്ക് സ്ഥലവും അനുമതിയും ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. 27 വർഷം മുൻപ് ഇതിനായി ശ്രമിച്ചെങ്കിലും നടക്കാതെ പോയത് ഉദാഹരണമായി മുന്നിലുണ്ടായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി യു.എ.ഇ കൗൺസിൽ ഓഫ് ഇമാം അനുമതി നൽകുകയയിരുന്നു. സർക്കാർ തന്നെ സ്ഥലവും വിട്ടുനൽകിയതോടെ 2008ൽ നിർമാണം തുടങ്ങി. ഗൾഫിലെ ആദ്യ ഔദ്യോഗിക സിഖ് ക്ഷേത്രം എന്ന മേൻമയോടെയാണ് ഇത് പടുത്തുയർത്തിയത്.
വിവാഹങ്ങൾ നടത്തുന്നതിനും മറ്റ് മതപരമായ ചടങ്ങുകൾ നടത്തുന്നതിനും ഗുരുദ്വാര ഉണ്ട്. ലോകത്തിലെ ഏറ്റവും ആധുനികമായ ഗുരുദ്വാര നിർമ്മിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നത്. അമൃത്‌സറിലെ സുവർണ്ണക്ഷേത്രത്തിന് ശേഷം ഏറ്റവും മികച്ച ക്ഷേത്രം നിർമിക്കുക എന്നതായിരുന്നു സ്വപ്നം.
അന്താരാഷ്‌ട്ര പ്രശസ്തമായ ദുബൈ ആസ്ഥാനമായ ആർക്കിടെക്റ്റ് സ്ഥാപനം ഹോൾഫോർഡ് അസോസിയേറ്റ്‌സാണ് രൂപകൽപന ചെയ്തത്. ഇവർ 20ലധികം ക്രിസ്ത്യൻ പള്ളികളും നാല് മുസ്ലീം പള്ളികളും ഒരു ക്ഷേത്രവും നിർമിച്ചതാണ് ഇവരെ തെരഞ്ഞെടുക്കാൻ കാരണം.
നിർമാണത്തിന് മുൻപ് അധികൃതർ ലോകമെമ്പാടുമുള്ള ഗുരുദ്വാരകൾ സന്ദർശിച്ചിരുന്നു. 1,25,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് നിലകളുള്ള കെട്ടിടം 2011 ഡിസംബറിലാണ് പൂർത്തിയായത്. 2012 ജനുവരി 17ന് ഗൾഫിലെ ഏറ്റവും വലിയ ഗുരുദ്വാര യു.എ.ഇയിലെ 50,000ഓളം വരുന്ന സിഖ് സമൂഹത്തിനായി തുറക്കപ്പെട്ടു. 6.50 കോടി ദിർഹമാണ് നിർമാണ ചെലവ്. സിഖ് സമൂഹവും യു.എ.ഇ സർക്കാരും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത പകർന്ന സംഭവമായിരുന്നു ഗുരുദ്വാരയുടെ നിർമാണം.
യു.എ.ഇ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ ഒരിക്കലെങ്കിലും എത്തുന്ന സ്ഥലമാണ് ഗുരുദ്വാര. എട്ട് ലക്ഷത്തോളം പേർ ഇവിടെയുള്ള കമ്യൂനിറ്റി കിച്ചണിലെ രുചി ആസ്വദിക്കാൻ മാത്രം എത്തിയിട്ടുണ്ട്.
ഏഷ്യക്ക് പുറമെ യു.കെ, യു.എസ്.എ, യൂറോപ്പ്, ആഫ്രിക്ക, ആസ്ട്രേലിയ, കാനഡ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങളിലെയും സന്ദർശകരുംഇവിടേക്ക് എത്തുന്നുണ്ട്. വെള്ളിയാഴ്ചകളിൽ 10,000ഓളം വിശ്വാസികൾ സന്ദർശനത്തിന് എത്താറുണ്ട്. പഞ്ചാബിലെ സിഖുകാർ മാത്രമല്ല, പാകിസ്താനിലെയും അഫ്ഗാനിലെയും സിഖ് സമൂഹവും ഇവിടെ പ്രാർഥനക്കായി എത്തുന്നു. വിവാഹ ആഘോഷങ്ങളുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്. ദുബൈ ടൂറിസം വകുപ്പിന്‍റെ ലിസ്റ്റിലുള്ള ദുബൈയിലെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണിത്.
സിഖ് ആഘോഷ ദിനങ്ങളിൽ ഇവിടേക്ക് സന്ദർശകരുടെ ഒഴുക്കായിരിക്കും. മീഡിയേഷൻ റൂമും ലൈബ്രറിയുമെല്ലാം ഇവിടെയുണ്ട്. റമദാനിൽ മഗ്രിബ് നമസ്കാരത്തിനും ഇഫ്താറിനുമായി ഗുരുദ്വാര തുറന്നുകൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.