വിജനതയുടെ ചുവന്ന ദ്വീപ്

വീണ്ടും പുഞ്ചിരി തൂകുകയാണ് റാസല്‍ഖൈമയിലെ റെഡ് ഐലന്‍റ്. നൂറ്റാണ്ടുകളുടെ സ്മരണകള്‍ പേറുന്ന യു.എ.ഇയിലെ ഏറ്റവും പഴക്കം ചെന്ന കുടിയേറ്റ പട്ടണത്തില്‍ പെയ്തിറങ്ങുന്ന വര്‍ണങ്ങളില്‍ പഴമയുടെ പ്രതാപവും പ്രോജ്വലിക്കുകയാണ്.

മനുഷ്യ നിര്‍മിതികളാണ് ലോക സന്ദര്‍ശകര്‍ക്ക് മുന്നില്‍ യു.എ.ഇയെ വിസ്മയിപ്പിക്കുന്നതെങ്കിലും പ്രാചീന സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ വിശ്രമിക്കുന്ന റെഡ് ഐലന്‍റ് പോലുള്ള പ്രദേശങ്ങളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. നൂറ്റാണ്ടുകളുടെ സ്മരണകള്‍ പേറുന്ന ചരിത്രപ്രദേശമായ റാക് അല്‍ ജസീറ അല്‍ ഹംറ ഇന്ന് പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണയിലാണ്. മരുഭൂമിയുടെ വിജനതയില്‍ കാലങ്ങളോടൊപ്പം ഒരു ജനത ജീവിച്ചിരുന്നതിന്‍റെ ബാക്കിവെപ്പുകളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 16ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ സഅബ് വംശജര്‍ തീര്‍ത്ത സാമ്രാജ്യമായിരുന്നു ഈ ചുവന്ന ദ്വീപ്. 50 വര്‍ഷം മുമ്പ് ഇവരുടെ അവസാന തലമുറയും ദ്വീപ് ഉപേക്ഷിച്ച് പോയതോടെ ഈ പ്രദേശം ശ്മശാന മൂകമായി. ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഓരോ കെട്ടിടവും കാലങ്ങളുടെ കഥകളാണ് വിളിച്ചു പറയുന്നത്. മണ്‍കട്ടകളും ഇത്തിളുകളും കക്കകളും കണ്ടലും ഈന്തപ്പനത്തടികളും ഉപയോഗിച്ച് നിര്‍മിച്ചതാണ് കെട്ടിടങ്ങള്‍. ചിതറി തെറിച്ച നിലയിലും പുറ്റെടുക്കുകയും ചെയ്ത രീതിയിലാണ് മിക്ക കെട്ടിടങ്ങളും.

ഒരു ദേശത്തിന്‍റെയും ജനതയുടെയും പ്രതാപത്തെ അടയാളപ്പെടുത്തുന്നതാണ് ഈ പ്രദേശത്തെ കല്‍ ചീളുകളും മണല്‍ തരികളും. നഗര കവാടത്തില്‍ തന്നെയുള്ള നൂറ്റാണ്ട് പഴക്കമുള്ള നമസ്കാരപള്ളിയും ഇതിന്‍റെ മിനാരവും കടലിനഭിമുഖമായി നിര്‍മിച്ച പള്ളിയിലെ റാന്തല്‍ വിളക്കുകളും കിളി വാതിലുകളും പൗരാണിക കാലത്തെ ഓര്‍മപ്പെടുത്തലാണ്. ഈ പട്ടണത്തില്‍ നൂറിലധികം ചെറിയ വീടുകള്‍ ഉണ്ടായിരുന്നതായാണ് പഠനം. വിദ്യാലയവും ചന്തയും വിശ്രമ സ്ഥലവും കോടതിയും ജയിലുമെല്ലാം ഈ കുടിയേറ്റ പട്ടണത്തിൽ പ്രവര്‍ത്തിച്ചിരുന്നു. ചരിത്രപുസ്തക താളുകള്‍ പോലെ വിവരാണതീതമാണ് ചിതറി കിടക്കുന്ന ഈ പ്രദേശം. സഅബ് വംശജരുടെ ശരീഫ് താമസിച്ചിരുന്ന ഇരുനില വീട് തലയെടുപ്പോടെ തന്നെ അധികൃതര്‍ സംരക്ഷിച്ച് നിര്‍ത്തിയിട്ടുണ്ട്. മല്‍സ്യബന്ധനം നടത്തിയും മുത്തുകള്‍ വാരിയും ജീവിതം നയിച്ചവരായിരുന്നു ചുവന്ന ദ്വീപിലെ പ്രദേശവാസികള്‍. ഒരു കാലത്ത് പ്രശസ്ത തുറമുഖമെന്ന ഖ്യാതിയും അല്‍ ജസീറ അല്‍ ഹംറക്ക് സ്വന്തമായിരുന്നു. പ്രതാപകാലത്ത് നഗരിയിരിലേക്ക് വിവിധ രാഷ്ട്ര നേതാക്കളും സന്ദര്‍ശകരും ഇവിടെ എത്തിയിരുന്നു. വിജനതയില്‍ ഏകാന്തതയുടെ കൂട്ടുകാരനായി കഴിഞ്ഞിരുന്ന ഈ പ്രദേശം പ്രേതങ്ങളുടെ താഴ്വരയാണെന്ന കുപ്രചരണവും സജീവമാണ്. യു.എ.ഇയുടെ രൂപവത്കരണ കാല ശേഷമാണ് സഅബ് വംശജര്‍ ചുവന്ന ദ്വീപ് വിടുന്നത്. അല്‍ ജസീറ അല്‍ ഹംറയെ റാസല്‍ഖൈമയുടെ ഭാഗമാക്കാന്‍ ശ്രമം നടന്നെങ്കിലും അവസാനത്തെ സഅബ് ശരീഫായിരുന്ന ശൈഖ് ഹുസൈന്‍ ബിന്‍ റഹ്മ അല്‍ സഅബി അതിന് വിസമ്മതിച്ചു.

സഅബ് ദ്വീപ് ഉപേക്ഷിച്ചതോടെ നാല് നൂറ്റാണ്ടിന്‍റെ ചരിത്രമുള്ള ചുവന്ന ദ്വീപ് അനാഥമായി. വിസ്മൃതിയിലേക്ക് തള്ളപ്പെടാന്‍ സാധ്യതയുള്ള ഒരു സംസ്കാരത്തിന്‍റെ അടയാളങ്ങളെ ഏറ്റെടുത്ത് റാസല്‍ഖൈമ പുരാവസ്തു വകുപ്പ് മുന്നോട്ടു വന്നു. തകര്‍ന്നടിഞ്ഞ പുരാതന മസ്ജിദും ചന്തയും പഴമയുടെ ഗന്ധം അനുഭവഭേദ്യമാകും വിധമാണ് അധികൃതര്‍ പുനഃസംവിധാനിച്ചിരിക്കുന്നത്. വര്‍ഷന്തോറും നടത്തി വരുന്ന ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലിന് പുറമെ ആഘോഷാവസരങ്ങളില്‍ പ്രത്യേക പരിപാടികളും റെഡ് ഐലന്‍റ് കേന്ദ്രീകരിച്ച് നടത്തി വരുന്നു.

ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ 2013ലാണ് റാസല്‍ഖൈമയില്‍ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലിന് തുടക്കമായത്.

പത്താമത് ഫെസ്റ്റിവലില്‍ ഇന്ത്യയുള്‍പ്പെടെ 45 രാജ്യങ്ങളില്‍ നിന്നായി 150 ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. പത്താം വാര്‍ഷികാഘോഷ നിറവില്‍ നടന്നു വരുന്ന ഫൈന്‍ ആര്‍ട്ട്സ് ഫെസ്റ്റിവല്‍ മാര്‍ച്ച് 31 വരെ തുടരും. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയും ചൊവ്വ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം.

Tags:    
News Summary - The red island of desolation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.