ശൈത്യകാല ടെന്‍റ്: നിയമലംഘകര്‍ക്ക് 250 മുതല്‍ 500 ദീനാര്‍ വരെ പിഴ

കുവൈത്ത് സിറ്റി: ശൈത്യകാലം ആരംഭിക്കുകയും മരുപ്രദേശങ്ങളില്‍ ടെന്‍റുകള്‍ ഉയരുകയും ചെയ്തതോടെ മുനിസിപ്പാലിറ്റിക്ക് പുറമെ പ്രകൃതിസംരക്ഷണ സമിതിയും നിയമം കര്‍ശനമാക്കി. ടെന്‍റുകള്‍ നിര്‍മിക്കുമ്പോഴും അതിനുശേഷവും പാലിക്കേണ്ട നിയമങ്ങളില്‍ വീഴ്ചവരുത്തുന്നവരില്‍നിന്ന് 250 ദീനാര്‍ മുതല്‍ 500 ദീനാര്‍ വരെ പിഴ ഈടാക്കുമെന്ന് പ്രകൃതി സംരക്ഷണ അതോറിറ്റിയിലെ ടെക്നിക്കല്‍കാര്യ മേധാവി മുഹമ്മദ് അല്‍ഇന്‍സി പറഞ്ഞു.
പരിശോധനകളില്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടല്ല ടെന്‍റുകള്‍ പണിതെന്ന് കണ്ടത്തെിയാല്‍ അത്തരം ശൈത്യകാല ടെന്‍റുകള്‍ ഉടമസ്ഥന്‍െറ ചെലവില്‍ തന്നെ പൊളിച്ചുമാറ്റേണ്ടിവരും. കൂടാതെ, 250 ദീനാര്‍ പിഴയും കൊടുക്കണം. അധികൃതരുടെ ഉത്തരവ് ലഭിച്ചിട്ടും അനധികൃത ടെന്‍റുകള്‍ പൊളിച്ചുമാറ്റാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനുപുറമെ 500 ദീനാര്‍ പിഴ ഈടാക്കുകയും ചെയ്യുമെന്ന് മുഹമ്മദ് അല്‍ഇന്‍സി അറിയിച്ചു. അതിനിടെ, വിദേശികള്‍ക്ക് ശൈത്യകാല ടെന്‍റുകള്‍ പണിയുന്നതിന് തടസ്സമായ നിയമങ്ങളില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മരുപ്രദേശം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഉപയോഗിക്കാനുള്ളതാണെന്നും ആരായാലും നിയമങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ടുമാത്രമേ ശൈത്യകാല ടെന്‍റുകള്‍ പണിയാന്‍ പാടുള്ളൂവെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു. നവംബര്‍ മുതല്‍ മാര്‍ച്ചുവരെ അഞ്ചുമാസക്കാലം രാജ്യത്ത് ശൈത്യകാല ടെന്‍റുകളുടെ കാലമാണ്. തണുപ്പ് ആസ്വദിക്കാനായി മരുപ്രദേശങ്ങളില്‍ പ്രത്യേകം ടെന്‍റുകള്‍ പണിത് അതില്‍ കഴിച്ചുകൂട്ടുകയാണ് സ്വദേശികളുടെ പതിവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.