കുവൈത്ത് സിറ്റി: സര്‍ക്കാര്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ഒഴിയാത്ത ശര്‍ഖിലെ സബാബിര്‍ പാര്‍പ്പിട സമുച്ചയത്തിലെ 24 കുടുംബങ്ങള്‍ വെള്ളവും വെളിച്ചവുമില്ലാതെ ദുരിതത്തില്‍. സമയപരിധി കഴിഞ്ഞിട്ടും ഒഴിയാത്തതിനെ തുടര്‍ന്ന് സര്‍ക്കാറിന് കീഴിലെ ഒഴിപ്പിക്കല്‍ വിഭാഗത്തിന്‍െറ നിര്‍ദേശ പ്രകാരം സവാബിര്‍ കോംപ്ളക്സിലേക്കുള്ള ജല, വൈദ്യുതി വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
രാജ്യം ശക്തമായ ചൂടിലേക്ക് പ്രവേശിക്കുന്നതോടെ തങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്നും അതിനുമുമ്പ് ഉടന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും ഇവര്‍ പാര്‍ലമെന്‍റ് സ്പീക്കറോടും അംഗങ്ങളോടും ആവശ്യപ്പെട്ടു. താമസത്തിന് അനുയോജ്യമായ ഇടങ്ങള്‍ മിതമായ നിരക്കില്‍ മറ്റിടങ്ങളില്‍ ലഭിക്കാത്തതിനാലാണ് ഒഴിയാത്തതെന്ന് ഇവര്‍ പറയുന്നു. രൂപകല്‍പനയിലെ പ്രത്യേകത മൂലം മൂന്നര പതിറ്റാണ്ടിലേറെയായി തലയെടുപ്പോടെ നില്‍ക്കുന്ന ശര്‍ഖിലെ സവാബിര്‍ പാര്‍പ്പിട സമുച്ചയം പൊളിക്കാന്‍ സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തീരുമാനിച്ചതാണ്. മേഖലയെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനുവേണ്ടി സവാബിര്‍ കോംപ്ളക്സ് പൊളിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. 1981ല്‍ ആര്‍ക്കിടെക്ട് ആര്‍തര്‍ എറിക്സണിന്‍െറ മേല്‍നോട്ടത്തിലാണ് ശര്‍ഖില്‍ ആകര്‍ഷകമായ രൂപകല്‍പനയില്‍ 2,45,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 33 കെട്ടിടങ്ങളിലായി സവാബിര്‍ കോംപ്ളക്സ് പിറിവിയെടുത്തത്. തുടര്‍ന്ന്, സ്വദേശികള്‍ക്ക് താമസത്തിനായി നല്‍കിയ സമുച്ചയം ഫ്ളാറ്റുടമകള്‍ പിന്നീട് വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് മേല്‍വാടകക്ക് നല്‍കിവരികയായിരുന്നു.
നിരവധി മലയാളികളടക്കം ഇവിടെ താമസിച്ചിരുന്നു. കോംപ്ളക്സുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികളും അടുത്തിടെയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തീപിടിത്തം പോലുള്ള സംഭവങ്ങളുമാണ് സവാബിര്‍ കോംപ്ളക്സ് ഏറ്റെടുത്ത് പൊളിച്ചുകളയാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളെന്നാണ് കണക്കാക്കപ്പെടുന്നത്. നഷ്ടപരിഹാരം കൈപ്പറ്റി ഫ്ളാറ്റുകള്‍ ഒഴിയാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ സര്‍ക്കാര്‍ താമസക്കാരോട് ആവശ്യപ്പെട്ടിരുന്നതാണ്. അതേതുടര്‍ന്ന് പകുതിയിലേറെ പേര്‍ തങ്ങളുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞുകൊടുത്തു. 528 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന കോംപ്ളക്സിലെ മതിയായ രേഖകളുള്ള 378 ഫ്ളാറ്റുകളാണ് ഇങ്ങനെ 2012ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 97.9 മില്യന്‍ ദീനാര്‍ നല്‍കിയായിരുന്നു ഒഴിപ്പിക്കല്‍.
സവാബിര്‍ കോംപ്ളക്സില്‍നിന്ന് ഒഴിയുന്നവര്‍ക്കുവേണ്ടി വടക്കന്‍ സുലൈബീകാത്തില്‍ പ്രത്യേക താമസ കെട്ടിടങ്ങള്‍ പണിതിട്ടുണ്ട്. പബ്ളിക് അതോറിറ്റി ഫോര്‍ ഹൗസിങ് വെല്‍ഫെയറിന്‍െറ ആഭിമുഖ്യത്തില്‍ അഞ്ചു നിലകള്‍ വീതമുള്ള 62 താമസ കെട്ടിടങ്ങളാണ് സുലൈബീകാത്തില്‍ പണിതിരിക്കുന്നത്. എന്നാല്‍, ഇവിടെ സൗകര്യം പോരെന്ന് ചൂണ്ടിക്കാട്ടിയാണ് 24 കുടുംബങ്ങള്‍ ഒഴിയാന്‍ മടിച്ചുനില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.