വരുംദിവസങ്ങളില്‍ ചൂട് 50 ഡിഗ്രിക്ക്  മുകളിലാകും –ഈസ റമദാന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിക്ക് മുകളിലാകുന്നതോടൊപ്പം റുതൂബക്കും സാധ്യതയുള്ളതായി പ്രവചനം. കുവൈത്ത് ന്യൂസ് ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ പ്രമുഖ കാലാവസ്ഥാ പ്രവചകനായ ഈസ റമദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ മരുപ്രദേശങ്ങളിലും ജഹ്റ, കാപിറ്റല്‍ സിറ്റികളിലുമാണ് ചൂട്  കഠിനമാവാന്‍ സാധ്യതയെന്നും വ്യാഴാഴ്ചവരെ കാലാവസ്ഥ ഇതേനില തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ആഴ്ചയുടെ അവസാനം വരെ രാജ്യവ്യാപകമായി റുതൂബക്കും ഇടയുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ മിതമായി അനുഭവപ്പെടുന്ന റുതൂബ തീരപ്രദേശങ്ങളില്‍ ശക്തമായേക്കും. 
മുന്‍വര്‍ഷങ്ങളിലേതുപോലെ ആഗസ്റ്റ് 10 വരെ അന്തരീക്ഷത്തിലെ താപനില വര്‍ധിക്കുകയെന്ന ‘അല്‍ മുര്‍സം’ പ്രതിഭാസത്തിലൂടെയാണ് രാജ്യം കടന്നുപോകുക. 
ചൂടും റുതൂബയും ഒരുമിച്ച് അനുഭവപ്പെടുകയെന്നതാണ് ഇതിന്‍െറ പ്രത്യേകത. ഈമാസം 10 മുതല്‍ 24 വരെ ദിവസങ്ങളില്‍ ‘അല്‍ കുലൈബീന്‍’ എന്ന പ്രതിഭാസത്തിന് രാജ്യം സാക്ഷ്യം വഹിച്ചേക്കും. 
ചിലപ്പോള്‍ ശക്തമായ ചൂടാണെങ്കില്‍ മറ്റു ചിലപ്പോള്‍ ശക്തമായ റുതൂബ എന്നതാണ് ഇതിന്‍െറ പ്രത്യേകത. ഈകാലത്ത് ജനങ്ങള്‍ക്കും ജീവികള്‍ക്കും പതിവില്‍ കവിഞ്ഞ ക്ഷീണവും പ്രയാസവും അനുഭവപ്പെട്ടേക്കാം. 
അതിനിടെ, 50 വര്‍ഷത്തിനിടയില്‍ അനുഭവപ്പെട്ട ഏറ്റവും കൂടിയ ചൂടിനാണ് കഴിഞ്ഞ ജൂലൈയില്‍ രാജ്യം സാക്ഷ്യം വഹിച്ചതെന്ന് ഈസ റമദാന്‍ സൂചിപ്പിച്ചു. 
മിത്റബ് ഉള്‍പ്പെടെ മരുപ്രദേശങ്ങളില്‍ 54 ഡിഗ്രിയും ജഹ്റ സിറ്റിയില്‍ 52 ഡിഗ്രിയുമാണ് ജൂലൈ 21ന് രേഖപ്പെടുത്തിയ കൂടിയ ചൂട്. ചൂട് കഠിനമാകാന്‍ ഇടയുള്ളതിനാല്‍ നിര്‍ജലീകരണം, സൂര്യാഘാതം പോലുള്ളവ അനുഭവപ്പെടാതിരിക്കാന്‍ ജാഗ്രത കൈകൊള്ളമെന്ന് ഈസ റമദാന്‍ ആവശ്യപ്പെട്ടു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.