ഈ ആഴ്ചയോടെ പിഴ ചുമത്തുന്നത് കര്‍ശനമാക്കുമെന്ന് പരിസ്ഥിതി വകുപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് നിരോധിത മേഖലകളില്‍ പുകവലിക്കുന്നവര്‍ക്കെതിരായ നിയമം ഈ ആഴ്ചയോടെ കര്‍ശനമാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള നിയമങ്ങളാണ് ഈ ആഴ്ചയോടെ പ്രാബല്യത്തില്‍ കൊണ്ടുവരിക. പരിസ്ഥിതി പൊലീസിനാണ് നിയമലംഘകരെ പിടികൂടാനുള്ള ചുമതല. ഹോട്ടലുടമകളുമായും വാണിജ്യസ്ഥാപനങ്ങളുടെ മേധാവികളുമായും നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് വിലക്കിക്കൊണ്ടുള്ള  പരിസ്ഥിതി സംരക്ഷണ സമിതിയുടെ ഉത്തരവ് മാസങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയിട്ടുണ്ടെങ്കിലും നിയമം ഇതുവരെ ശക്തമായി നടപ്പാക്കിയിരുന്നില്ല. വിമാനത്താവളം, പാര്‍ക്കുകള്‍, ലൈബ്രറി, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുകവലി നിരോധം നിലനില്‍ക്കുന്നുണ്ട്. 
കൂടാതെ ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, കഫേകള്‍ പോലെയുള്ള അടച്ചിട്ട വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലിക്കുന്നതിന് പരിസ്ഥിതി ഡിപ്പാര്‍ട്ട്മെന്‍റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് 50 ദീനാര്‍ മൂതല്‍100 ദീനാര്‍ വരെ പിഴ ചുമത്തും. അതുപോലെ, മറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍വെച്ച് ആളുകളെ പുകവലിക്കാന്‍ അനുവദിക്കുന്ന ഹോട്ടലുടമകള്‍ക്ക് 5000 ദീനാര്‍ പിഴ ചുമത്താനാണ് പുതിയ പരിസ്ഥിതി നിയമം അനുശാസിക്കുന്നത്. സാധാരണ സിഗരറ്റുകള്‍ക്കുപുറമെ ഇപ്പോള്‍ പുതുതായി പ്രചാരത്തിലുള്ള ഇലക്ട്രോണിക് സിഗരറ്റുകള്‍ ഇത്തരം ഇടങ്ങളില്‍വെച്ച് വലിക്കുന്നതും പിഴ ഈടാക്കാന്‍ പോന്ന കുറ്റമായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 
പുകവലി നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനായി  രാജ്യത്തെ എല്ലാ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും പരിസ്ഥിതി പൊലീസിന്‍െറ പ്രത്യേക ഓഫിസുകള്‍ ഇതിനകം നിലവില്‍വന്നിട്ടുണ്ട്. അതേസമയം, വാണിജ്യകേന്ദ്രങ്ങളിലും മാളുകളിലും പുകവലിക്കുന്ന ഉപഭോക്താക്കള്‍ക്കുവേണ്ടി പ്രത്യേക സ്ഥലം നിര്‍ണയിച്ചുകൊടുക്കും. അത്തരം സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളില്ളെന്നും പരിസ്ഥിതി പൊലീസ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.