തണുത്തുവിറച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: മരംകോച്ചുന്ന അതിശക്തമായ തണുപ്പില്‍ കിടുകിടാ വിറച്ച് കുവൈത്ത്. സാമാന്യ ശൈത്യത്തിന്‍േറതായ കാലാവസ്ഥയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ബുധനാഴ്ച രാത്രിയോടെ രാജ്യം അതിശൈത്യത്തിലേക്ക് വഴിമാറിയത്. തുടര്‍ന്ന്, വ്യാഴാഴ്ച പുലര്‍ച്ചെയോടെ തണുപ്പ് അതിന്‍െറ എല്ലാ സീമകളും ലംഘിച്ച് മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത നിലയിലേക്ക് താഴുകയായിരുന്നു. രാജ്യത്തിന്‍െറ ചില മരുപ്രദേശങ്ങളില്‍ ചരിത്രത്തിലാദ്യമായി അന്തരീക്ഷ ഊഷ്മാവ് മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഒപ്പം, ശക്തമായ ശീതക്കാറ്റ് കാരണം പല ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സാല്‍മി ഭാഗത്ത് ആലിപ്പഴ വര്‍ഷവുമുണ്ടായി. റോഡുകളിലും വാഹനങ്ങള്‍ക്ക് മുകളിലും ടെന്‍റുകളുടെ മേലും മഞ്ഞുവീണ് വെള്ളപ്പുതപ്പണിഞ്ഞു. അതേസമയം, കടുത്ത ശൈത്യത്തിന്‍േറതായ ഈ കാലാവസ്ഥ രണ്ടു മൂന്ന് ദിവസം നീണ്ടുനില്‍ക്കുമെന്നാണ് പ്രമുഖ കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. ശനിയാഴ്ച മുതല്‍ ഇപ്പോഴത്തേതില്‍നിന്ന് അന്തരീക്ഷ ഊഷ്മാവ് അല്‍പം ഉയരാന്‍ സാധ്യതയുണ്ട്. യൂറോപ്പില്‍നിന്നുള്ള ഉയര്‍ന്ന മര്‍ദത്തിന്‍െറ തുടര്‍ഫലങ്ങളാണ് കുവൈത്തുള്‍പ്പെടെയുള്ള മേഖലയില്‍ ഇപ്പോഴത്തെ ഈ പ്രതിഭാസത്തിന് കാരണമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അസിസ്റ്റന്‍റ് ഡയറക്ടര്‍ സാമി അല്‍ ഉസ്മാന്‍ പറഞ്ഞു. മണിക്കൂറില്‍ 15-45 വരെ വേഗത്തില്‍ അടിച്ചുവീശുന്ന കടുത്ത വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റാണ് അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയാനും രാജ്യത്ത് തണുപ്പ് വ്യാപിക്കാനും കാരണമായത്. ഇന്നലത്തേതിന് സമാനമായ വേഗത്തില്‍ വടക്ക്-പടിഞ്ഞാറന്‍ ശീതക്കാറ്റ് ഇന്നും അടിച്ചുവീശുന്നതിനാല്‍ കാലാവസ്ഥ അതേ നിലയില്‍ തുടരും.  ഇന്നലെ രാജ്യത്ത് ഉച്ചനേരങ്ങളില്‍ അനുഭവപ്പെട്ട കൂടിയ ചൂട് 12-14 ഡിഗ്രിയും കുറഞ്ഞ ചൂട് 2-6 ഡിഗ്രിയുമായിരുന്നു. ഇന്നലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ അന്തരീക്ഷ ഊഷ്മാവ് 11 ഡിഗ്രിയായിരുന്നുവെന്നും സാമി അല്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.