കടുത്ത ചൂട് : വാരാന്ത്യ അവധി മൂന്നു ദിവസമാക്കണമെന്ന് പാര്‍ലമെന്‍റില്‍ കരട് നിര്‍ദേശം

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാറിന് കീഴിലെ എല്ലാ വകുപ്പുകളിലും  നിലവിലെ രണ്ടു ദിവസത്തിന് പകരം മൂന്നു ദിവസം അവധി നല്‍കുന്ന തരത്തില്‍ നിയമഭേദഗതി ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ കരട് നിര്‍ദേശം. രാജ്യത്ത് ചൂട് അതിശക്തമായി അനുഭവപ്പെടുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വെള്ളി, ശനി ദിവസങ്ങള്‍ക്ക് പുറമെ വ്യാഴം കൂടി അവധിയായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അഹ്മദ് അല്‍ ലാറി എം.പിയാണ് പൊതുതാല്‍പര്യ പ്രമേയം സമര്‍പ്പിച്ചത്. ഈ രണ്ടു മാസങ്ങളില്‍ മേഖലയില്‍ നല്ല ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് കുവൈത്താണെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍ എം.പി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ വിവിധ ഘടകങ്ങള്‍ കാരണം  ജി.സി.സി രാജ്യങ്ങളില്‍ പൊതുവിലും കുവൈത്തില്‍ പ്രത്യേകിച്ചും മുന്‍ കാലങ്ങളെ അപേക്ഷിച്ച് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നാണ് വിലയിരുത്തല്‍. മരുപ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും അന്തരീക്ഷ ഊഷ്മാവ് 52 ഡിഗ്രി വരെ ഉയര്‍ന്നതായാണ് വിവരം. വരും ദിവസങ്ങളില്‍ ചൂടുകൂടാന്‍ സാധ്യതയുണ്ടെന്നാണ് മിക്ക കാലാവസ്ഥ പ്രവചകരും അഭിപ്രായപ്പെട്ടത്. 
ചൂടിനൊപ്പം കടുത്ത റുതൂബയും അനുഭവപ്പെടുന്ന മാസങ്ങളാണ് ജൂലൈ, ആഗസ്റ്റ് എന്നിവ. സ്കൂളുകളൊഴിച്ച് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെല്ലാം മധ്യവേനല്‍ അവധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കടുത്ത ചൂട് കാരണം സ്വദേശി ജീവനക്കാരില്‍ പലരും വാര്‍ഷിക അവധിയില്‍ പ്രവേശിച്ച് അനുയോജ്യമായ കാലാവസ്ഥയുള്ള രാജ്യങ്ങളിലേക്ക് പോകാറാണ് പതിവ്. രാജ്യത്തുള്ളവര്‍തന്നെ ഈ മാസങ്ങളില്‍ കൃത്യമായി ജോലിക്കത്തൊത്ത സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അവധിദിനം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം. കരട് നിര്‍ദേശം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെടുകയും ഭൂരിപക്ഷം പേരും അതിനോട് യോജിപ്പ് രേഖപ്പെടുത്തുകയും ചെയ്താല്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധി മൂന്നുദിവസമായി മാറും. നിയമം പ്രാബല്യത്തിലാവുകയാണെങ്കില്‍ ഈ രണ്ട് മാസങ്ങളില്‍ പ്രവൃത്തി ദിനങ്ങള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നിങ്ങനെ നാലായി ചുരുങ്ങും.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.