????? ??????????? ??????????? ???????????? ??????

രാജ്യത്തെ ചുട്ടുപൊള്ളിച്ച് ചൂട് കുതിച്ചുയരുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂട് സര്‍വകാല റെക്കോഡുകള്‍ ഭേദിച്ച് കുതിച്ചുയരുന്നു. ശനിയാഴ്ച 54 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തിയത്. പുറം ജോലിക്കാര്‍ കടുത്ത ചൂടില്‍ വല്ലാതെ പ്രയാസപ്പെട്ടു. കടുത്ത ഉഷ്ണത്തെ തുടര്‍ന്ന് ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ പുറത്ത് ജോലിചെയ്യിക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവുണ്ട്.
നേരിട്ട് സൂര്യാതപം ഏല്‍ക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലിചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജൂണ്‍ ആദ്യത്തോടുകൂടി തുടങ്ങിയ വേനല്‍ ജൂലൈ അവസാനത്തോടെ കഠിനമായിരിക്കുകയാണ്. മിത്രിബ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് (54 ഡിഗ്രി),
കുവൈത്ത് സിറ്റിയില്‍ 50.2ഉം കുവൈത്ത് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ 51ഉം ജഹ്റയില്‍ 52ഉം ഡിഗ്രിയാണ് താപനില. അതിനിടെ, രാജ്യത്ത് സര്‍ക്കാറിന് കീഴിലെ എല്ലാ വകുപ്പുകളിലും നിലവിലെ രണ്ടുദിവസത്തിന് പകരം മൂന്നുദിവസം അവധി നല്‍കുന്ന തരത്തില്‍ നിയമഭേദഗതി ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ കഴിഞ്ഞദിവസം കരട് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മേഖലയില്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് കുവൈത്താണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തലുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ വിവിധ ഘടകങ്ങള്‍ കാരണം ജി.സി.സി രാജ്യങ്ങളില്‍ പൊതുവിലും കുവൈത്തില്‍ പ്രത്യേകിച്ചും മുന്‍കാലങ്ങളെ അപേക്ഷിച്ച് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
 കടുത്ത ചൂടുകാരണം ജനജീവിതം ദുസ്സഹമായിരിക്കയാണ്. പകല്‍ സമയങ്ങളില്‍ സ്വദേശികളും വിദേശികളും പുറത്തിറങ്ങാന്‍ മടിക്കുകയാണ്്. ഡ്രൈവര്‍മാരും മാര്‍ക്കറ്റില്‍ ജോലിയുള്ളവരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയാണ്.

കുവൈത്തില്‍ ശനിയാഴ്ച അനുഭവപ്പെട്ട ഉയര്‍ന്ന താപനില

  • എയര്‍പോര്‍ട്ട് –51
  • ജഹ്റ –52
  • കുവൈത്ത് സിറ്റി –50.2
  • മിത്രിബ –54 

പീഡനമായി പൊടിക്കാറ്റും
കുവൈത്ത് സിറ്റി: കടുത്ത ചൂടില്‍ ഉരുകിയൊലിക്കുന്ന കുവൈത്തില്‍ തൊഴിലാളികള്‍ക്കും മറ്റും ദുരിതം ഇരട്ടിയാക്കി ശനിയാഴ്ച വൈകീട്ട് വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ചിലയിടത്ത് ശക്തമായ പൊടിക്കാറ്റ് വീശി. പൊടിക്കാറ്റ് കടുത്താല്‍ പുറത്തിറങ്ങാന്‍പോലുമാവാത്ത അവസ്ഥവരും.
 വാഹനങ്ങളെയും ആളുകളെയും കാണാന്‍ കഴിയാത്ത വിധം പൊടിപടലങ്ങള്‍ നിറയാറുണ്ട്. എന്നാല്‍, ശനിയാഴ്ച അത്ര കടുത്ത രീതിയില്‍ പൊടിക്കാറ്റ് ഉണ്ടായില്ല. കടുത്ത ചൂടിനൊപ്പം റുതൂബയും (ഹ്യുമിഡിറ്റി) കൂടി അനുഭവപ്പെട്ടതോടെ പുറത്ത് പണിയെടുക്കുന്നവരും യാത്രക്കാരും നന്നെ ബുദ്ധിമുട്ടി. ഈ വര്‍ഷത്തെ ആദ്യത്തെ റുതൂബ പ്രതിഭാസം ബുധനാഴ്ച അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞദിവസങ്ങളിലും റുതൂബയുണ്ടായി. രാവിലെ സൂര്യോദയത്തോടെ നേരിയ തോതില്‍ തുടങ്ങിയ റുതൂബ ഉച്ചയോടെ ഉച്ചസ്ഥായിയിലത്തെി. റുതൂബയോടൊപ്പം പതിവില്‍ കവിഞ്ഞ ചൂടും കൂടിയതോടെ എയര്‍കണ്ടീഷനുകള്‍ പ്രവര്‍ത്തിപ്പിച്ചിട്ടുപോലും ചൂടിന് ശമനമാവുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.