മോശം കാലാവസ്ഥ: ഡ്രൈവര്‍മാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: പൊടിക്കാറ്റും ശക്തമായ ചൂടും അനുഭവപ്പെടുന്ന സാഹചര്യത്തില്‍  വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വരുംദിവസങ്ങളില്‍ രാജ്യത്ത് പൊടിക്കാറ്റ് ശക്തമാകാന്‍ ഇടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്ന സൂചന. 
കാഴ്ചപരിധി വളറെ കുറയുന്ന തരത്തില്‍ അന്തരീക്ഷം പൊടിമയമാകുന്നത് റോഡുകളില്‍ വാഹനാപകടങ്ങള്‍ക്ക് ഇടവരുത്തും. ഇതുകാരണം ഓരോരുത്തരും നിശ്ചിത അകലം പാലിച്ച് വാഹനമോടിക്കാന്‍ ശ്രദ്ധിക്കണം. മുന്നിലുള്ള വാഹനത്തെ പോലും കാണാന്‍ പറ്റാത്ത സാഹചര്യം ചിലപ്പോള്‍ രൂപപ്പെട്ടേക്കാമെന്നും അത് അപകടങ്ങള്‍ക്കിടയാക്കിയേക്കാമെന്നും അധികൃതര്‍ പറഞ്ഞു. അതുപോലെ ഇത്തരം സാഹചര്യങ്ങളില്‍ വേഗത പരമാവധി കുറക്കാനും സീറ്റ് ബെല്‍റ്റുകള്‍ ധരിക്കാനും എല്ലാവരും ശ്രദ്ധിക്കണം. റോഡുകളിലും മറ്റും വല്ല അടിയന്തര സഹായം ആവശ്യമായിവരുമ്പോള്‍ മന്ത്രാലയത്തിലെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണം. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി മന്ത്രാലയത്തിന് കീഴിലെ അടിയന്തര വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഇന്ന് മണിക്കൂറില്‍ എട്ട് മുതല്‍ 26 വരെ കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറന്‍ കാറ്റടിക്കാന്‍ ഇടയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിലെ കാര്‍ഷികകാര്യങ്ങളുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്‍റ് മേധാവി അബ്ദുല്‍ അസീസ് അല്‍ ഖറാവി പറഞ്ഞു. ഇന്നത്തെ കൂടിയ ചൂട് 44-46 ഡിഗ്രികള്‍ക്കിടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.