കുവൈത്ത് ദേശീയദിനാഘോഷത്തിന്  കൊടിയിറങ്ങി

കുവൈത്ത് സിറ്റി: കണ്ണഞ്ചും വെടിക്കെട്ടിന്‍െറ അകമ്പടിയോടെ രാജ്യത്തെ ദേശീയ, വിമോചന ദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തി. ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്‍െറ 55ാം വാര്‍ഷികവും ഇറാഖ് അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്‍െറ 25ാം വാര്‍ഷികവും ആഘോഷിക്കുന്നതിനൊപ്പം രാജ്യത്തെ ദശാബ്ദത്തോളമായി മുന്നോട്ടുനയിക്കുന്ന അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും സ്ഥാനാരോഹണത്തിന്‍െറ 10ാം വാര്‍ഷികവും കൊണ്ടാടുന്ന പശ്ചാത്തലത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. രാജ്യത്തിന്‍െറ അഭിമാനസ്തംഭമായി നിലകൊള്ളുന്ന കുവൈത്ത് ടവറിന് സമീപം നടന്ന വെടിക്കെട്ടിനും ലേസര്‍ഷോക്കും തുടക്കമായത് ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണെങ്കിലും മണിക്കൂറുകള്‍ക്കുമുമ്പുതന്നെ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റും പരിസരവും നിറഞ്ഞുകവിഞ്ഞിരുന്നു. തിരക്ക് കാരണം പലറോഡുകളിലും ഗതാഗതം നിരോധിക്കുകയും അവസാനഘട്ടത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തതോടെ പലര്‍ക്കും വെടിക്കെട്ട് കാണാനായില്ല. 
റോഡില്‍ കുരുങ്ങിയ വാഹനങ്ങളിലിരുന്ന് ദൂരെനിന്ന് വെടിക്കെട്ട് ആസ്വദിക്കാനായിരുന്നു പലരുടെയും വിധി. ഒരുമണിക്കൂറോളം നീണ്ട വെടിക്കെട്ടില്‍ കുവൈത്ത് ടവറിന്‍െറ പശ്ചാത്തലത്തില്‍ വിവിധ വര്‍ണത്തിലും രൂപത്തിലുമുള്ള പ്രഭാപൂക്കള്‍ വിരിഞ്ഞു. കുവൈത്ത് ടവറില്‍ രാജ്യത്തിന്‍െറ ചരിത്രവും അമീറിന്‍െറ നേതൃത്വത്തില്‍ കൈവരിച്ച നേട്ടങ്ങളും ചിത്രങ്ങളായി മിന്നിമറഞ്ഞു. സമുദ്രത്തില്‍ സജ്ജീകരിച്ച ബോട്ടുകളില്‍നിന്നും വര്‍ണങ്ങള്‍ വാനിലുയര്‍ന്നതോടെ ജനങ്ങള്‍ ആവേശത്തിമിര്‍പ്പിലായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.