ചര്‍ച്ചകള്‍ക്ക് ചൂടാറുന്നില്ല

കുവൈത്ത്: നാട്ടില്‍ പ്രചരണ കൊട്ടിക്കലാശം കഴിഞ്ഞെങ്കിലും പ്രവാസ ലോകത്ത് തെരഞ്ഞെടുപ്പ് ചൂടിന് അറുതിയായില്ല. കുവൈത്തില്‍ വിവിധ പാര്‍ട്ടികളെ പിന്തുണക്കുന്ന വിഭാഗങ്ങളുടെ കണ്‍വെന്‍ഷനുകള്‍ക്ക് വെള്ളിയാഴ്ചയോടെ പരിസമാപ്തിയായി. പോളിങ് ബൂത്തിലേക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ, സ്വന്തം വീടുകളിലെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകള്‍ ഉറപ്പാക്കാനുള്ള അവസാനവട്ട വിളിയുടെ സമയമാണ് ഇനി. അതോടൊപ്പം നാലാളുകൂടുന്നിടത്തെല്ലാം ആരു ഭരണത്തിലത്തെും, പ്രധാന മണ്ഡലങ്ങളില്‍ ആരുജയിക്കും, തങ്ങളുടെ നാട്ടില്‍ ആര്‍ക്കാവും മുന്‍തൂക്കം തുടങ്ങിയ പൊടിപാറുന്ന ചര്‍ച്ചകള്‍.
കഴിഞ്ഞദിവസങ്ങളിലായി കുവൈത്തില്‍ എല്ലാ പ്രധാന കക്ഷികളുടെയും പ്രചാരണ കണ്‍വെന്‍ഷനുകള്‍ അരങ്ങേറി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പുതന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഘടകകക്ഷികളും അനുകൂലിക്കുന്ന കൂട്ടായ്മകളും കുവൈത്തില്‍ അതിനുവേണ്ടിയുള്ള തയറാറെടുപ്പ് തുടങ്ങിയിരുന്നു. സംഘടനയുടെ അണികളിലേക്കിറങ്ങി തെരഞ്ഞെടുപ്പ് ആവേശമുണ്ടാക്കുന്നതിനായിരുന്നു ആദ്യഘട്ടത്തില്‍ മുന്‍തൂക്കം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിനായി മുന്‍തൂക്കം. തങ്ങളുടെ കക്ഷികള്‍ക്ക് അനുകൂലമായും എതിര്‍കക്ഷികള്‍ക്ക് പ്രതികൂലമായും വാദഗതികളുയര്‍ത്തിയുള്ള ഫേസ്ബുക്ക്, വാട്സ്ആപ്പ് പ്രചാരണത്തിന്‍െറ നാളുകളായിരുന്നു പിന്നീട്. മുന്നണിയായും ജില്ല തിരിച്ചും മണ്ഡലങ്ങളിലേക്ക് ഇറങ്ങിച്ചെന്നുമുള്ള ചര്‍ച്ചകള്‍. വികസനവും അഴിമതിയും മുതല്‍ പ്രദേശിക പ്രശ്നങ്ങള്‍ വരെ ചര്‍ക്കയായി. ബാച്ലര്‍ റൂമുകള്‍ വൈകുന്നേരമാവുന്നതോടെ ചാനല്‍ ന്യൂസ് റൂമുകളെ അനുസ്മരിപ്പിക്കുന്ന ചര്‍ച്ചായിടങ്ങളായി.
പ്രമുഖ സ്ഥാനാര്‍ഥികളോ പ്രധാന നേതാക്കളോ പ്രചരണത്തിനത്തൊത്ത കുവൈത്തില്‍ കണ്‍വെന്‍ഷുകളും താരതമ്യേന കുറവായിരുന്നു. തങ്ങളുടെ അണികളുടെ വോട്ടുകള്‍ ഉറപ്പാണെങ്കിലും നാട്ടില്‍ അവരുടെ വൃത്തങ്ങളില്‍ വരുന്നവരുടെ വോട്ടുറപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്കാണ് കക്ഷികള്‍ മുന്‍തൂക്കം നല്‍കിയത്. മേഖല തിരിച്ചുള്ള കണ്‍വെന്‍ഷനുകള്‍ അരങ്ങേറി.  ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ്മ മൂന്നിടങ്ങളിലായി കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചപ്പോള്‍ ഒ.ഐ.സി.സി, കെ.എം.സി.സി എന്നിവയും കണ്‍വെന്‍ഷനുകളുമായി രംഗത്തുണ്ടായിരുന്നു.
വെല്‍ഫെയര്‍ കേരള കുവൈത്ത് വാഹനപ്രചരണജാഥയും സംഘടിപ്പിച്ചു. വെള്ളിയാഴ്ച കെ.ഐ.ജിയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറി തെരഞ്ഞെടുപ്പ് സംവാദം എല്ലാവിഭാഗങ്ങളുടെയും വാദഗതികള്‍ പൊതുസമക്ഷം സമര്‍പ്പിക്കാനുള്ള അവസാന അവസരമാവുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.