കുവൈത്ത് സിറ്റി: കുവൈത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് നാല് ആത്മഹത്യകൾ. ഇതിൽ മൂന്നുപേർ ഇന്ത്യക്കാരാണ്. കോവിഡ് കാലം മാനസിക സംഘർഷത്തിേൻറത് കൂടിയാണെന്ന് അടിവരയിടുന്നതാണ് ആവർത്തിക്കുന്ന ആത്മഹത്യകളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രതിസന്ധി, വർക്ക് അറ്റ് ഹോം, വീട്ടുനിരീക്ഷണം, ലോക്ക് ഡൗൺ തുടങ്ങിയവ മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി സന്നദ്ധ സംഘടനകൾ സൗജന്യ കൗൺസലിങ് ഒരുക്കിയിട്ടുണ്ട്. ഇതിലേക്ക് വരുന്ന കാളുകളുടെ എണ്ണം മാനസിക സംഘർഷം ജനങ്ങളെ ബാധിക്കുന്നുവെന്നതിെൻറ തെളിവാണ്.
പ്രത്യേകിച്ച് അസുഖമോ ജോലി നഷ്ടമോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്തവർക്ക് പോലും ഉറക്കം നഷ്ടപ്പെടുന്നു. ജോലി നഷ്ടം, ഒറ്റക്ക് വീട്ടിലിരിക്കുന്നത്, കൊറോണ ഭീതി, നാട്ടിലെ അവസ്ഥയെ ചൊല്ലിയും നാട്ടിൽ പോവാൻ കഴിയാത്തതിനാലുമുള്ള ആധി, ജീവിതം വഴിമുട്ടുമോ എന്ന ഉത്കണ്ഠ, കുടുംബത്തെ ഒാർത്തുള്ള വിഷമം തുടങ്ങിയ കാരണങ്ങളാൽ നിരവധി പേരാണ് വിഷാദാവസ്ഥയിലും മാനസിക പ്രയാസത്തിലുമുള്ളത്.
എന്നാൽ, ഭയക്കേണ്ട കാര്യമില്ലെന്നും ഭയക്കുന്നത് കൊണ്ട് നഷ്ടമല്ലാതെ ഒന്നും നേടാനില്ലെന്നുമാണ് ഇൗ രംഗത്തെ വിദഗ്ധർ പറയുന്നത്. മാനസിക വിഷമം വലിയ സാമൂഹിക വിഷയമായി മാറുകയാണ്. പേടിച്ചിട്ട് കാര്യമില്ലെന്നും നിലവിലെ സാഹചര്യം ഒരു യാഥാർഥ്യമായി കണ്ട് ഇൗ സമയവും കടന്നുപോവുമെന്ന ഉറച്ച ബോധ്യത്തിൽ നിലകൊള്ളണമെന്നുമാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്.
ആരോഗ്യവാനായ ഒരാളെ സംബന്ധിച്ചിടത്തോളം കോവിഡ് വന്നാലും മരണസാധ്യത വളരെ കുറവാണ്. മറ്റു പല അസുഖങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചുമാത്രമാണ് കോവിഡ് ബാധിച്ചുള്ള മരണനിരക്ക്. സാമ്പത്തിക പ്രയാസങ്ങളും എല്ലാക്കാലവും നിലനിൽക്കുന്നതല്ല. നിയന്ത്രണങ്ങൾ നീക്കി വിപണി തുറക്കാൻ കുവൈത്ത് തയാറെടുക്കുകയാണ്. ഇതോടെ നഷ്ടപ്പെട്ട തൊഴിലും വരുമാനവും തിരികെ വരും.
അത് അനുഭവിക്കാൻ നാം ബാക്കിയാവണമെങ്കിൽ ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കണമെന്നാണ് മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി വിവിധ സന്നദ്ധ സംഘടനകൾ സൗജന്യ കൗൺസലിങ് ഒരുക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.