സി​ബി ജോ​ർ​ജ്

(കുവൈത്തിലെ ഇന്ത്യൻ അംബാസഡർ

സവിശേഷവും ആഹ്ലാദകരവുമായ ദിവസം

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ സവിശേഷവും ആഹ്ലാദകരവുമായ ഈ അവസരത്തിൽ, കുവൈത്തിലെ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽജാബിർ അസ്സബാഹിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും എന്റെ ആശംസകൾ. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിശ്അൽ അൽ അഹമ്മദ് അൽജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ്, കുവൈത്ത് സർക്കാർ, സുഹൃദ് ജനങ്ങൾ എന്നിവർക്കും ആശംസകൾ. കുവൈത്തിലെ എല്ലാ അഭ്യുദയകാംക്ഷികളോടും സുഹൃത്തുക്കളോടും പ്രത്യേകിച്ച് നേതൃത്വത്തോടും സർക്കാറിനോടും കുവൈത്തിലെ ജനങ്ങളോടും എന്റെ അഗാധമായ അഭിനന്ദനവും നന്ദിയും അറിയിക്കാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു.ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദ ബന്ധവും ഇന്ത്യൻ സമൂഹത്തിനുള്ള കുവൈത്തിന്റെ പിന്തുണയും ഓർമിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും താൽപര്യവും ഞാൻ ആവർത്തിക്കുന്നു.

ഈ വർഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമാണ്. ഒരു പുതിയ, സ്വയം പര്യാപ്തമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യം ഒരു ചടങ്ങിൽ മാത്രം ഒതുക്കരുത്. പുതിയ പ്രമേയങ്ങൾക്ക് അടിത്തറ പാകുകയും പുതിയ പ്രമേയങ്ങളുമായി മുന്നോട്ടുപോവുകയും വേണമെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഈ ഘട്ടത്തിൽ സ്മരിക്കുന്നു. കോവിഡ് മഹാമാരിയുടെ ദുരന്തപൂർണമായ ദിനങ്ങളാണ് മുൻ വർഷങ്ങളിൽ കടന്നുപോയത്. ഇതിനെ ധൈര്യത്തോടെ നേരിടാൻ ഇന്ത്യക്ക് കഴിഞ്ഞു. ജൂലൈയിൽ, ആഭ്യന്തര വാക്സിനേഷൻ ഡ്രൈവിൽ രണ്ട് ബില്യൺ വാക്സിൻ ഡോസുകളുടെ പ്രത്യേക കണക്ക് മറികടന്ന് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഇത് കോവിഡിനെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തി. ലോകത്തെ 150ലധികം രാജ്യങ്ങളിലേക്ക് മരുന്നുകളും മെഡിക്കൽ വസ്തുക്കളും ഇന്ത്യക്ക് അയക്കാനാകുന്നു.

മറ്റ് രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി ഇന്ത്യയുടെ മെഡിക്കൽ പ്രഫഷനലുകൾ ലോകമെമ്പാടും സഞ്ചരിച്ചു. ഇന്ത്യ ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിലേക്ക് വാക്‌സിനുകൾ വിതരണം ചെയ്തു. ഇതിൽ 2,00,000 ഡോസ് സുഹൃത് രാജ്യമായ കുവൈത്തിന് നൽകി. അതേസമയം, കോവിഡിന്റെ രണ്ടാം ഘട്ടത്തെ ഇന്ത്യ അഭിമുഖീകരിച്ചപ്പോൾ ഇന്ത്യയിലേക്കുള്ള മെഡിക്കൽ ഓക്സിജന്റെ പ്രധാന വിതരണക്കാരിൽ ഒന്നായി കുവൈത്ത് മാറി.

ഉഭയകക്ഷി ബന്ധത്തിൽ കുവൈത്തുമായുള്ള ഇടപെടലിൽ ഇന്ത്യ സ്ഥിരമായ പുരോഗതി കൈവരിക്കുന്നു. കുവൈത്തുമായുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60ാം വാർഷികാഘോഷങ്ങൾ സമാപിക്കുന്ന വേളയാണിത്. അതിനെ അവിസ്മരണീയമാക്കിയ നൂറുകണക്കിന് പരിപാടികൾ സംഘടിപ്പിക്കാൻ എംബസിയുമായി സഹകരിച്ച എല്ലാവർക്കും ഞാൻ ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നു. കോവിഡ് ഉയർത്തിയ നിരവധി വെല്ലുവിളികൾക്കിടയിലും കുവൈത്തുമായുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വളർന്നുകൊണ്ടിരുന്നു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണം നിലനിർത്തുന്നതിൽ കുവൈത്തിന്റെ വിശ്വസ്ത പങ്കാളിയായി ഇന്ത്യ തുടരുന്നു.

കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് എംബസി എപ്പോഴും മുൻഗണന നൽകുന്നു. സമൂഹത്തിനായുള്ള നിസ്വാർഥ സേവനത്തിന് ഞങ്ങളുടെ ധീരരായ മുൻ‌നിര ആരോഗ്യ പരിപാലന പ്രഫഷനലുകൾക്കും ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഞാൻ നന്ദി പറയുന്നു.

ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ് (ഐ.സി.എസ്.ജി), ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐ.ഡി.എഫ്), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) കൂടാതെ നിരവധി പ്രഫഷനൽ സംഘങ്ങൾക്കും സാംസ്‌കാരിക ഗ്രൂപ്പുകൾക്കും അസോസിയേഷനുകൾക്കും എംബസിയുമായി കൈകോർത്ത നിരവധി സന്നദ്ധപ്രവർത്തകർക്കും മാധ്യമ പ്രതിനിധികൾക്കും നന്ദി പറയുന്നു. ഒരിക്കൽ കൂടി, ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ സന്തോഷവും അഭിമാനവും നിറഞ്ഞ ഈ അവസരത്തിൽ, കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാർക്കും പൂർണ ആരോഗ്യവും ക്ഷേമവും നേരുന്നു.

Tags:    
News Summary - A special and joyful day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.