കുവൈത്ത് സിറ്റി: സുസ്ഥിരമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള അഭിലാഷമാണ് കുവൈത്തും ജി.സി.സി രാജ്യങ്ങളും പങ്കിടുന്നതെന്ന് കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക-നിക്ഷേപകാര്യ സഹമന്ത്രിയും ഓയിൽ ആക്ടിങ് മന്ത്രിയുമായ നൂറ അൽ ഫസ്സാം.
ലോകബാങ്കുമായി സഹകരിച്ച് നടന്ന ജി.സി.സി പരിപാടിയിൽ സംസാരിക്കുകയായിരുന്നു നൂറ അൽ ഫസ്സാം. സാമ്പത്തിക വൈവിധ്യവത്കരണം, എണ്ണ ഇതര പദ്ധതികൾ വികസിപ്പിക്കൽ, സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ സുസ്ഥിരമായ പുരോഗതിക്ക് കുവൈത്ത് മുൻഗണന നൽകുന്നത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫൈലാക്ക ദ്വീപ്, മുബാറക് അൽ കബീർ തുറമുഖം, വടക്കൻ സാമ്പത്തിക മേഖല എന്നിവയുടെ വികസനവും ടൂറിസം മേഖലയിലെ മറ്റ് പദ്ധതികളും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി, പുനരുപയോഗ ഊർജം എന്നിവയുൾപ്പെടെയുള്ള കുവൈത്തിന്റെ പ്രധാന പദ്ധതികൾ നൂറ അൽ ഫസ്സാം ചൂണ്ടിക്കാട്ടി.
അതിർത്തി കടന്നുള്ള വ്യാപാരം, ഏകീകൃത നിയന്ത്രണങ്ങൾ, മനുഷ്യ മൂലധനം, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ ജി.സി.സി രാജ്യങ്ങളിൽ സഹകരണവും സാമ്പത്തിക ഏകീകരണവും അനിവാര്യമാണെന്നും സൂചിപ്പിച്ചു.
ആഗോള ഊർജ വിലയിലെ ഏറ്റക്കുറച്ചിലുകൾ സാമ്പത്തിക ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഹൈഡ്രോ കാർബണുകളുടെ ഡിമാൻഡ് കുറയാനുള്ള സാധ്യതയുണ്ടെന്നും അവർ വിശദീകരിച്ചു.
ഗൾഫ് സമ്പദ്വ്യവസ്ഥക്ക് പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് വാഷിങ്ടണിൽ നടന്ന ലോക ബാങ്കിന്റെയും ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെയും വാർഷിക യോഗത്തിലാണ് പരിപാടി നടന്നത്.
ജി.സി.സി ധനമന്ത്രിമാരും സാമ്പത്തിക മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.