കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിൽ മാനേജ്മെന്റ്, സൂപ്പര്‍വൈസര്‍ തസ്തികകള്‍ കുവൈത്തികള്‍ക്ക് മാത്രമാക്കാൻ തീരുമാനം. രാജ്യത്തെ ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സർക്കാർ രൂപവത്കരിച്ച സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഇതുവഴി സ്വദേശികൾക്ക് 3,000 തൊഴിലവസരങ്ങൾ നൽകാൻ ജനസംഖ്യ ഭേദഗതി സമിതി നിർദേശം നല്കി. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന പ്രഥമ യോഗത്തിലാണ് തീരുമാനം.
കുവൈത്ത് തൊഴിലന്വേഷകർക്ക് സ്വകാര്യ കമ്പനികളിൽ ജോലിചെയ്യാനുള്ള യോഗ്യത നേടുന്നതിനുള്ള പരിശീലന കോഴ്സുകൾ ഉൾക്കൊള്ളുന്ന പദ്ധതിയും തയാറാക്കും.
സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് നേരത്തേ ജനസംഖ്യ ഭേദഗതി സമിതി രൂപവത്കരിച്ചത്. രാജ്യത്തെ വിദേശി-സ്വദേശി അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരുകയും സ്വദേശിവത്കരണത്തിന് വേഗം കൂട്ടലും സമിതിയുടെ ലക്ഷ്യങ്ങളാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നൽകാന് നിരവധി പദ്ധതികൾ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍, താമസ വകുപ്പ്, സിവില്‍ സർവിസ് കമീഷന് എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. നിലവില്‍ രാജ്യത്ത് ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.