കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ വിസ പുതുക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തിയതിനെതിരെ ട്വിറ്ററിൽ പ്രതിഷേധ കാമ്പയിനുമായി കുവൈത്തികൾ.
60 വയസ്സിനു മുകളിൽ പ്രായമുള്ള ബിരുദമില്ലാത്തവർക്ക് ജനുവരി മൂന്നുമുതൽ മാൻപവർ അതോറിറ്റി വർക് പെർമിറ്റ് പുതുക്കി നൽകുന്നില്ല. 60 മുതൽ 65 വയസ്സ് വരെ പ്രായമുള്ളവർക്ക് ബിരുദ വിദ്യാഭ്യാസമുണ്ടെങ്കിൽ വർക് പെർമിറ്റ് പുതുക്കാം. 65നുമുകളിലുള്ളവർ അപൂർവ സ്പെഷലൈസേഷൻ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെങ്കിൽ പുതുക്കി നൽകും. മെഡിക്കൽ പ്രഫഷൻ, കൺസൽട്ടൻറ് തുടങ്ങി രാജ്യത്തിന് ആവശ്യമായ ഉന്നതയോഗ്യതയുള്ളവർക്കാണ് താമസകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേകാനുമതിയോടെ വർക് പെർമിറ്റ് പുതുക്കിനൽകുക. എന്നാൽ, 70 വയസ്സിനു മുകളിലുള്ളവർക്ക് ഒരു നിലക്കും പുതുക്കിനൽകേണ്ടെന്നാണ് തീരുമാനം.
പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആയതിനാൽ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടിവന്നു. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് അവിദഗ്ധ തൊഴിലാളികളിൽ അധികപേരും തൊഴിലെടുക്കുന്നത്.
വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പ്രായപരിധി കൊണ്ടുവന്നത്.എന്നാൽ, ഇത് നിരവധി സംരംഭങ്ങളെ ബാധിച്ചു. സ്വദേശി സ്പോൺസർമാരാണ് ഇപ്പോൾ പ്രതിഷേധം നടത്തുന്നവരിൽ അധികവും.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലും നിരവധി കുവൈത്തികൾ പ്രായപരിധി നിബന്ധനക്കെതിരെ രംഗത്തുവരുന്നു. കുവൈത്തിനുവേണ്ടി 40 വര്‍ഷത്തിലധികം സേവനംചെയ്ത നിരവധി പേരുണ്ടെന്നും അവരോട് ഈ തീരുമാനത്തിലൂടെ അനീതിയാണ് കാണിക്കുന്നതെന്നും ട്വിറ്ററിലൂടെ സ്വദേശികള്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.