കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം തുടരുന്ന ഫലസ്തീന് കുവൈത്തിന്റെ സഹായം തുടരുന്നു. ഫലസ്തീന് 10 ടൺ ഭക്ഷ്യ വസ്തുക്കളുമായി കുവൈത്തിന്റെ 49ാമത് ദുരിതാശ്വാസ വിമാനം ബുധനാഴ്ച ജോർഡനിലെത്തി.
ജോർഡൻ തലസ്ഥാനമായ അമ്മാനിലെ മാർക്ക എയർ മിലിറ്ററി വിമാനത്താവളത്തിൽ എത്തിയ കുവൈത്ത് വിമാനം ഇവിടെ നിന്ന് സഹായവസ്തുക്കൾ ഗസ്സയിലെ ഫലസ്തീനികൾക്ക് എത്തിക്കും. റമദാനിൽ ഫലസ്തീനികളുടെ വിശപ്പകറ്റുക എന്ന ലക്ഷ്യത്തിലാണ് കുവൈത്ത് കൂടുതൽ ഭക്ഷ്യവസ്തുക്കൾ അയച്ചത്. നേരത്തെ മരുന്നും ഭക്ഷ്യവസ്തുക്കളും ടെന്റുകളും അടക്കം ടൺകണക്കിന് വസ്തുക്കൾ കുവൈത്ത് ഗസ്സയിലെത്തിച്ചിട്ടുണ്ട്.
ഫലസ്തീൻ വിഷയത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെ തത്ത്വാധിഷ്ഠിതവും ദൃഢവുമായ നിലപാടിന്റെയും ഉന്നത നേതൃത്വത്തിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സഹായ വിതരണം. കുവൈത്ത് വിദേശകാര്യ, പ്രതിരോധ, ആരോഗ്യ, വ്യോമസേന മന്ത്രാലയങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിലും സഹകരണത്തോടെയും നിരവധി ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുമാണ് സഹായങ്ങൾ എത്തിക്കുന്നത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, റിലീഫ് സൊസൈറ്റി, അൽ സലാം ഹ്യൂമാനിറ്റേറിയൻ വർക്സ് സൊസൈറ്റി, മറ്റു ചാരിറ്റികളും മാനുഷിക സ്ഥാപനങ്ങളും ഇതിൽ നിർണായക പങ്കുവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.