കുവൈത്ത് സിറ്റി: യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. തിങ്കളാഴ്ച കോഴിക്കോട്-കുവൈത്ത് ഷെഡ്യൂളിൽ വിമാനം റദ്ദാക്കി. അപ്രതീക്ഷിത റദ്ദാക്കൽ യാത്രക്കാരെ ദുരിതത്തിലാക്കി. നബിദിന അവധി കണക്കിലെടുത്ത് നാട്ടിൽ പോയ നിരവധി പേർക്ക് വിമാനം റദ്ദാക്കിയത് തിരിച്ചടിയായി.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോടുനിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും ഉച്ചക്ക് 12.40ന് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത്. തിങ്കളാഴ്ച ജോലിസമയം കണക്കാക്കി കുവൈത്തിലേക്ക് തിരിച്ചെത്താൻ ടിക്കറ്റെടുത്തവർക്കാണ് വിമാനം റദ്ദാക്കിയത് വലിയ തിരിച്ചടിയായത്.
ഞായർ നബിദിന അവധി ആയതിനാൽ തിങ്കളാഴ്ച ജോലിക്ക് കയറാമെന്ന പ്രതീക്ഷയിലായിരുന്നു പലരും. കുവൈത്തിലേക്ക് കോഴിക്കോട്ടുനിന്ന് നേരിട്ട് മറ്റു സർവീസുകൾ ഇല്ലാത്തത് യാത്രക്കാരുടെ ദുരിതം കൂട്ടി.
വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നു. എന്നാൽ അതിനു മുമ്പ് മിക്കവരും ലഗേജ് ഒരുക്കുകയും യാത്രക്ക് തയാറെടുക്കുകയും ചെയ്തിരുന്നു. സന്ദേശം ശ്രദ്ധിക്കാത്ത ചിലർ വിമാനത്താവളത്തിൽ എത്തുകയും ഉണ്ടായി.
കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവിസ് ഉള്ളത്. ഇവ നിരന്തരം റദ്ദാക്കുന്നതും വൈകുന്നതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്. മറ്റു വിമാനങ്ങളും റദ്ദാക്കുന്നുണ്ടെങ്കിലും മുന്നിൽ എയർ ഇന്ത്യയാണ്.
ഏപ്രിൽ മുതൽ ജൂൺ വരെ 861 ഗൾഫ് സർവിസുകളാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു റദ്ദാക്കിയത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നും തിരിച്ചുമുള്ളതാണ് ഇതിൽ 542 സർവിസുകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.