കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിന് പൊലിമകൂട്ടി പട്ടംപറത്തൽ ഉത്സവം പുരോഗമിക്കുന്നു. ഹല ഫെബ്രുവരി ആഘോഷ ഭാഗമായി അൽ ഫാരിസി കൈറ്റ് ക്ലബാണ് പട്ടംപറത്തൽ ഉത്സവമായി കൊണ്ടാടുന്നത്.
കുവൈത്ത്, സൗദി അതിർത്തി പ്രദേശത്ത് ഖഫ്ജിക്കും ജൂലൈയക്കുമിടയിൽ കടലോരഗ്രാമമായ ബിനൈദറിൽ ആണ് മേള.
കുട്ടികളും കുടുംബങ്ങളുമായി വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് ഇവിടെ പട്ടം പറത്താനും വർണക്കാഴ്ചകൾ കാണാനും എത്തുന്നത്. ദേശീയ വിമോചന അവധി നാളുകളിൽ ഉത്സവത്തിന് നിറപ്പകിട്ട് കൂട്ടി വിവിധ രാജ്യക്കാരായ പട്ടംപറത്തൽ കമ്പക്കാരുടെ വലിയൊരു സംഗമത്തിന് പ്രദേശം സാക്ഷിയാകുന്നു. പല വലുപ്പത്തിലും രൂപത്തിലുമുള്ള പട്ടങ്ങളുമായി പ്രായഭേദമന്യേ ആളുകൾ ഇവിടെയെത്തുന്നു.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ഉള്ളത്.
കുതിര ഉൾപ്പെടെ വിവിധ ജീവികളുടെ രൂപത്തിലുള്ള പട്ടങ്ങളാണ് ശ്രദ്ധ നേടിയത്. കുവൈത്ത് സിറ്റിയിൽനിന്ന് 40ാം നമ്പർ എക്സ്പ്രസ് ഹൈവേയിലൂടെ ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ ബിനൈദറിലെത്താം. പാരാഗ്ലൈഡർ, ഡെസേർട്ട് ബൈക്കുകൾ തുടങ്ങി സാഹസിക വിനോദത്തിനുള്ള നിരവധി ഉപാധികളും ഫുഡ് ട്രക്കുകളും ഉത്സവനഗരിയിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.