കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ മൂന്നാമത് സെമിഫൈനലിസ്റ്റുകളായി ഖാദിസിയ ഇടംപിടിച്ചു. ബുർഗാനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ഖാദിസിയയുടെ മുന്നേറ്റം. കുവൈത്ത് സ്പോർട്സ് ക്ലബ്, അൽ അറബി ടീമുകൾ നേരത്തെ സെമിയിൽ ഇടംപിടിച്ചിരുന്നു. സബാഹ് അൽ സാലിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും കരുതലോടെ കളിച്ചപ്പോൾ ത്രില്ലടിപ്പിക്കുന്ന ആക്രമണനീക്കങ്ങൾ ഒറ്റപ്പെട്ടതായി. രണ്ടാം പകുതി തുടങ്ങിയ ഉടൻതന്നെ ഖാദിസിയ ലീഡ് എടുത്തു. വിശ്രമവേളക്ക് ശേഷം രണ്ടാം മിനിറ്റിൽ തന്നെ വലകുലുക്കിയത് ജോർഡാനിയൻ താരമായ അഹ്മദ് അൽ റിയാഹി ആയിരുന്നു. പ്രതിരോധം കനപ്പിച്ച ഖാദിസിയക്കെതിരെ രണ്ടും കൽപിച്ച് പൊരുതി നോക്കുന്നതിനിടെ വീണ സെൽഫ് ഗോൾ ബുർഗാെൻറ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. 72ാം മിനിറ്റിൽ പ്രതിരോധ താരം മുഹമ്മദ് അൽ അലിയുടെ പിഴവ് സ്വന്തം ടീമിെൻറ വലയനക്കി. പിന്നീട് ഒരവസരവും നൽകാതെ ഖാദിസിയ ഭദ്രമായി കോട്ട കാത്തു. സ്കോർ സൂചിപ്പിക്കുന്നതുപോലെ ഖാദിസിയക്ക് തന്നെയായിരുന്നു മുൻതൂക്കം. ഏറ്റവും ശക്തരായ മൂന്ന് ടീമുകൾ തന്നെയാണ് സെമിയിൽ ഇടംപിടിച്ചിട്ടുള്ളത്. അട്ടിമറികൾക്ക് ഇടംനൽകാതെ ആധികാരികമായിരുന്നു ടീമുകളുടെ മുന്നേറ്റം. അൽ നസ്ർ, കസ്മ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികൾ കൂടി എത്തുന്നതോടെ സെമി പട്ടിക പൂർത്തിയാകും. കഴിഞ്ഞ വർഷം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടത്തിയതെങ്കിൽ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം കാണികളെ ആണ് പ്രവേശിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.