കുവൈത്ത് സിറ്റി: രാഷ്ട്രീയ കേസുകളിൽ പൊതുമാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മുന്നിൽ. സർക്കാർ, പാർലമെൻറ്, ജുഡീഷ്യറി മേധാവികളാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, സുപ്രീംകോടതി ചെയർമാൻ അഹ്മദ് അൽ അജീൽ എന്നിവരാണ് അമീറിന് മുന്നിലെത്തി റിപ്പോർട്ട് സമർപ്പിച്ചത്.
സങ്കീർണവും നിർണായകവുമായ ചില വിഷയങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണെന്നും അവ കുറഞ്ഞ കാലംകൊണ്ട് സാധ്യമല്ലെന്നും സ്പീക്കർ മർസൂഖ് അൽ ഗാനിം പ്രതികരിച്ചു. ഭരണഘടനാപരമായ പ്രത്യേക അവകാശം ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി രാഷ്ട്രീയ കേസുകളിലെ പ്രതികൾക്ക് അമീർ മാപ്പുനൽകുമെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെയാണെങ്കിൽ വിവിധ രാജ്യങ്ങളിൽ അഭയം തേടിയ പ്രധാന പ്രതിപക്ഷ നേതാക്കൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ അവസരമൊരുങ്ങും. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കാൻ അമീർ മുൻകൈയെടുത്ത് നടത്തുന്ന നാഷനൽ ഡയലോഗിൽ പ്രതിപക്ഷ എം.പിമാർ പ്രധാനമായും ആവശ്യപ്പെട്ടത് രാഷ്ട്രീയ കേസുകളിലെ പൊതുമാപ്പും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തലും ആണ്. തുർക്കിയിലും ബ്രിട്ടനിലും അഭയം തേടി കഴിയുന്ന മുൻ എം.പിമാർ ഉൾപ്പെടെയുള്ളവർക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ വഴിയൊരുങ്ങുകയാണ്. പാർലമെൻറ് കൈയേറ്റ കേസിൽ കോടതി തടവ് വിധിച്ച മുൻ എം.പിമാരായ ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് തുടങ്ങിയവർ വിദേശത്താണുള്ളത്.
മാസങ്ങളായി കുവൈത്ത് പാർലമെൻറും മന്ത്രിസഭയും തമ്മിൽ നല്ല ബന്ധത്തിലല്ല. പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറ് മന്ത്രിമാർക്കെതിരെ നിരന്തരം കുറ്റവിചാരണ കൊണ്ടുവരുന്നതിൽ മന്ത്രിസഭക്ക് അതൃപ്തിയുണ്ട്. സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് നിരവധി തവണ പാർലമെൻറ് യോഗം മുടങ്ങി. പാർലമെൻറ് അംഗങ്ങളുടെ പ്രധാന ആവശ്യം അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയ കേസുകളിൽ മാപ്പുനൽകലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.