കുവൈത്ത് സിറ്റി: 2022ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് അസാധുവാക്കിയ മുൻ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ ഭരണഘടന കോടതി തള്ളി. ഇതോടെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കിയതിൽ അന്തിമ തീരുമാനമായി.
ഈ വർഷം മാർച്ചിലാണ് 2022ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഭരണഘടന കോടതി വിധി പുറപ്പെടുവിച്ചത്. 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 2020ലെ അസംബ്ലി കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. പുതിയ വിധി വന്നതോടെ നിലവിലുള്ള എം.പിമാർ ദേശീയ അസംബ്ലിയിൽനിന്ന് പുറത്താകുകയും 2020ൽ പിരിച്ചുവിട്ട സഭയിലെ അംഗങ്ങൾ വീണ്ടും ജനപ്രതിനിധികളെന്ന നിലയിൽ എത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ 2022ൽ തെരഞ്ഞെടുക്കപ്പെട്ട ചില അംഗങ്ങൾ നൽകിയ അപ്പീലിലാണ് ബുധനാഴ്ച കോടതി വിധി പ്രഖ്യാപിച്ചത്.
അതേസമയം, പുനഃസ്ഥാപിക്കപ്പെട്ട 2020ലെ ദേശീയ അസംബ്ലി ഏപ്രിലിൽ അമീർ പിരിച്ചുവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ചായിരുന്നു അമീറിന്റെ നടപടി. രാജ്യത്ത് പുതിയ പൊതുതെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. ഇതോടെ 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി 2020ലെ ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച ഭരണഘടന കോടതി വിധിയും റദ്ദായി.
എന്നാൽ കോടതി വിധിക്കെതിരെ ചില അംഗങ്ങൾ അപ്പീൽ സമർപ്പിച്ചു. ഇത് ബുധനാഴ്ച ഭരണഘടനാ കോടതി തള്ളിയതോടെ ഇതിന്മേലുള്ള എല്ലാ നടപടികളും അവസാനിച്ചു. പുതിയ തെരഞ്ഞെടുപ്പിനുള്ള തടസ്സങ്ങൾ ഒഴിവാകുകയും ചെയ്തു. ദേശീയ അസംബ്ലിയിലേക്ക് ജൂൺ ആറിന് രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.