കുവൈത്ത് സിറ്റി: നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നു. ഇതിനായി താമസകാര്യ വകുപ്പ് അൽ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപം വൈകാതെ പ്രത്യേക ഒാഫിസ് തുറക്കും. പൊലീസ് പരിശോധനയിൽ പിടിയിലാകുന്നവരുടെ ഫയൽ പരിശോധിക്കുകയും താമസനിയമലംഘനം അല്ലാത്ത കുറ്റകൃത്യങ്ങൾ ഇല്ലെങ്കിൽ വേഗത്തിൽ സ്വന്തം നാട്ടിലേക്ക് അയക്കുകയും ചെയ്യാനാണ് പ്രത്യേക ഒാഫിസ് തുറക്കുന്നത്. നാടുകടത്തൽ കേന്ദ്രത്തിൽ അന്തേവാസികളുടെ എണ്ണം കുറക്കാനാണിത്. കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് നാടുകടത്തൽ കേന്ദ്രം സന്ദർശിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി. വിമാനത്താവളത്തിൽ നാടുകടത്തൽ സെൽ രൂപവത്കരിക്കുന്നതും ആലോചനയിലുണ്ട്. സ്വന്തം നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന താമസനിയമലംഘകർക്ക് വിമാനത്താവളത്തിലെ സെല്ലിൽ എത്തി നടപടികൾ പൂർത്തിയാക്കി പോകാൻ അവസരമൊരുക്കുന്നതിനാണിത്.
കഴിഞ്ഞ മാസം ശക്തമായി ആരംഭിച്ച സുരക്ഷപരിശോധന അതേ ആവേശത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ തടസ്സം ജയിലുകളിൽ സ്ഥലം ഇല്ലാത്തതാണ്. രണ്ടാഴ്ചക്കിടെ ആയിരത്തോളം പേർ പിടിയിലായി. കോവിഡ്കാല യാത്രാനിയന്ത്രണങ്ങൾ കാരണം വിമാന സർവിസ് സാധാരണ നിലയിലാകാത്തതിനാൽ തടവുകാരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്ന പ്രക്രിയ മന്ദഗതിയിലാണ്. നേരേത്ത പിടിക്കപ്പെട്ടവരും സെൻട്രൽ ജയിലിൽനിന്ന് ശിക്ഷ കാലാവധി പൂർത്തിയാക്കി എത്തിച്ചവരും എല്ലാമായി നാടുകടത്തൽ കേന്ദ്രത്തിൽ ആളധികമാണെന്ന് സുരക്ഷ വൃത്തങ്ങൾ സൂചിപ്പിച്ചു. കോവിഡ് പ്രതിസന്ധി തീർന്ന് വിമാന സർവിസ് സാധാരണ നിലയിലായാൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ വേഗത്തിൽ സ്വന്തം നാടുകളിലേക്ക് അയക്കും. 1,80,000ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്. ഭാഗിക പൊതുമാപ്പ് കാലം കഴിഞ്ഞാൽ വ്യാപക പരിശോധന നടത്തി ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കണമെന്നുതന്നെയാണ് അധികൃതരുടെ തീരുമാനം. എന്നാൽ, തുടർച്ചയായി പരിശോധന നടത്തി കൂടുതൽ പേരെ പിടികൂടിയാൽ തൽക്കാലത്തേക്ക് പാർപ്പിക്കാൻ വേണ്ടത്ര സൗകര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.